X

ബിന്‍ ലാദന്റെ രഹസ്യ ഒസ്യത്ത്

ഗ്രെഗ് മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സുഡാനില്‍ 29 ദശലക്ഷം ഡോളറിന്റെ ശേഖരമുണ്ടെന്ന് പറയുന്ന ഒസാമ ബിന്‍ ലാദന്റെ ഒസ്യത്തില്‍ താന്‍ നയിച്ച ആഗോള ഭീകര പ്രചാരണം തുടരുന്നതിന് ‘തന്റെ എല്ലാ പണവും ചെലവഴിക്കാന്‍’ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. 2011-ല്‍ അല്‍-ക്വെയ്ദ തലവന്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ വീട്ടുവളപ്പില്‍ നിന്നും യു.എസ് കണ്ടെടുത്ത രേഖകളിലാണ് പുതുതായി പുറത്തുവന്ന വിവരങ്ങള്‍ പറയുന്നു.

സ്വന്തം കൈപ്പടയിലുള്ള ഒസ്യത്തടക്കം അല്‍ ക്വെയ്ദയിലെ അനുയായികള്‍ക്കയച്ച സന്ദേശങ്ങള്‍, ചാവേറുകളാകാന്‍ സന്നദ്ധരായവരുടെ സന്ദേശങ്ങള്‍, പിന്നെ ഇറാനും യു.എസും തമ്മില്‍ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ ലാദന്‍ വിശ്വസിച്ച കാര്യങ്ങളിലെ പ്രസംഗങ്ങള്‍ 112 രേഖകള്‍ ഇതിലുണ്ട്. 

തനിക്കായി CIA നടത്തുന്ന ആളില്ലാ പോര്‍വിമാനാക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ തന്റെ സുരക്ഷയെക്കുറിച്ച് ബിന്‍ ലാദന്‍ ആശങ്കാകുലനായിരുന്നു എന്നു ഈ രേഖകള്‍ ഒന്നുകൂടി വ്യക്തമാക്കുന്നു. തങ്ങളുടെ പക്കല്‍ ആളില്ല എന്നു കീഴിലുള്ളവര്‍ പറയുമ്പോഴും അവരോടു കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ആവശ്യപ്പെടുന്ന ബിന്‍ ലാദന് തന്റെ സംഘടനയുടെ ശേഷി ശോഷിച്ചതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല എന്നും തെളിയുന്നുണ്ട്.

ഇതൊക്കെയായാലും 2011-ല്‍ യു.എസ് പ്രത്യേക സേനാവിഭാഗം കൊലപ്പെടുത്തുംവരെ അബോട്ടാബാദിലെ ചുറ്റുമതിലുള്ള വളപ്പിലിരുന്നു അല്‍-ക്വെയ്ദയെ നിയന്ത്രിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചിരുന്നു.

തന്റെ മരണത്തിനുശേഷവും അല്‍ ക്വെയ്ദ താന്‍ തുടങ്ങിയ ദൌത്യം മുന്നോട്ടുകൊണ്ടുപോകും എന്ന പ്രതീക്ഷയാണ് തീയതി വെക്കാത്ത ഒസ്യത്തില്‍ അയാള്‍ പ്രകടിപ്പിക്കുന്നത്. “ഞാന്‍, ഉസാമ ബിന്‍ മുഹമ്മദ് അവാദ് ബിന്‍ അബുദ് ബിന്‍ ലാദന്‍ താഴെ ഒപ്പിട്ടിരിക്കുന്നു…” എന്നാണത് ആരംഭിക്കുന്നത്.

സുഡാനില്‍ 29 ദശലക്ഷം ഡോളര്‍ ഉണ്ടെന്ന് പറയുമ്പോഴും അതെവിടെയാണെന്ന് വ്യക്തമാക്കുന്നില്ല-ബാങ്കില്‍, പണമായി, അല്ലെങ്കില്‍ വസ്തുവഹകളായി. സൌദി രാജകുടുംബത്തിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്‍ സമ്പാദ്യം ഉണ്ടാക്കിയ കുടുംബമാണ് ബിന്‍ ലാദന്‍റേത്. പിന്നീടയാളെ കുടുംബത്തില്‍ നിന്നും പുറത്താക്കുകയും അയാള്‍ സുഡാനിലേക്ക് പോവുകയും ചെയ്തിരുന്നു.


പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒസാമ ബിന്‍ ലാദന്‍ അവസാനമായി താമസിച്ച വീട്

തന്റെ സമ്പാദ്യതിനായി അവകാശവാദം ഉന്നയിച്ചേക്കാവുന്ന ബന്ധുക്കളോട് ‘എന്റെ ഒസ്യത്ത് പാലിക്കാനും സുഡാനില്‍ ഞാന്‍ ബാക്കിവെച്ചിട്ടുള്ളതെല്ലാം ജിഹാദിനായി ചെലവഴിക്കാനും’ ലാദന്‍ ആവശ്യപ്പെടുന്നുണ്ട്. സഹോദരിമാരായ മറിയം, ഈമാന്‍, അതിദല്‍ എന്നിവര്‍ക്ക് 2 ലക്ഷം റിയാലടക്കം ബന്ധുക്കള്‍ക്കും പരിചാരകര്‍ക്കും ചെറിയ തുകകള്‍ നല്കാനും അയാള്‍ ഏര്‍പ്പാടാക്കുന്നു.

അല്‍-ക്വെയ്ദയുടെ സ്വത്തുക്കള്‍ കണ്ടെടുക്കാനും അതിന്റെ ധനാഗമ മാര്‍ഗങ്ങള്‍ തകര്‍ക്കാനും യു എസും മറ്റ് സര്‍ക്കാരുകളും വലിയ പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ബിന്‍ ലാദന്റെ ധനശേഖരത്തെക്കുറിച്ച് ഒന്നും അറിവായിട്ടില്ല.

പുതിയ രേഖകളുടെ കൂട്ടത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടക്കുമെന്ന് ബിന്‍ ലാദന്‍ പ്രവചിക്കുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ള നീണ്ട പ്രസംഗവുമുണ്ട്. “ഇറാനെയും സഖ്യകക്ഷികളെയും ലക്ഷ്യംവെച്ചു വൈറ്റ്ഹൌസിലെ നേതാവ് നമ്മുടെ മേഖലയെ ഭയപ്പെടുത്തുന്ന മൂന്നാം ലോകമഹായുദ്ധത്തിന്റെ പെരുമ്പറകള്‍ കിഴക്കും പടിഞ്ഞാറും മുഴങ്ങുകയാണ്,” അതില്‍ പറയുന്നു.

പാകിസ്ഥാനിലെ ലാദന്റെ ഒളിസങ്കേതത്തില്‍ നിന്നും കണ്ടെടുത്ത നൂറുകണക്കിനു രേഖകളിലെ മൂന്നാമത്തെ വെളിപ്പെടുത്തലാണ് ചൊവ്വാഴ്ച്ച നടന്നത്. അത് പരസ്യമാക്കി എന്നതാണു അതിന്റെ പ്രാധാന്യമെന്ന് രഹസ്യാന്വേഷണ ഏജന്‍സി വക്താവ് പറയുന്നു. 

This post was last modified on March 3, 2016 6:48 pm