X

ഹര്‍ത്താല്‍: മണപ്പുറം ഫിനാന്‍സില്‍ സെക്യൂരിറ്റി ജീവനക്കാരനെ അധികൃതര്‍ പൂട്ടിയിട്ടു

ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവനക്കാരനെ അകത്ത് പൂട്ടിയിട്ട് അധികൃതര്‍ പോകുകയായിരുന്നു

കൊച്ചിയില്‍ ഇന്ന് നടക്കുന്ന ഹര്‍ത്താലിനോട് അനുബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടിട്ട് സ്വകാര്യ ബാങ്ക് അധികൃതര്‍ ഇന്നലെ പോയി. മാതൃഭൂമി ന്യൂസാണ് സംഭവം പുറത്തുവിട്ടത്. കൊച്ചി എളമക്കരയിലെ മണപ്പുറം ഫിനാന്‍സ് ബാങ്കിന്റെ ശാഖയിലാണ് ക്രൂരമായ മനുഷ്യാവകാശ ലംഘനം ഉണ്ടായിരിക്കുന്നത്.

ഇന്നലെ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവനക്കാരനെ അകത്ത് പൂട്ടിയിട്ട് അധികൃതര്‍ പോകുകയായിരുന്നു. അമ്പതുവയസ്സുകാരനാണ് പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വഹിക്കാനാകാതെ മണിക്കൂറുകളോളം കുടുങ്ങിയത്. എല്ലാ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്നാണ് സുരക്ഷ ജീവനക്കാരന്‍ അറിയിച്ചു. ഇന്ന് ഹര്‍ത്താലായതിനാല്‍ ജീവനക്കാര്‍ എത്തില്ല. അതേസമയം സ്വര്‍ണ പണയം ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ഒരു ജീവനക്കാരനെങ്കിലും എപ്പോഴും വേണമെന്ന ന്യായം പറഞ്ഞാണ് സെക്യൂരിറ്റി ജീവനക്കാരെ പൂട്ടിയിടുന്നത്. രാവിലെ പത്രമിടാന്‍ ചെന്നയാളില്‍ നിന്നാണ് സംഭവം പുറംലോകം അറിയുന്നത്. ഇദ്ദേഹവും സംഭവമറിഞ്ഞ് എത്തിച്ചേര്‍ന്നവര്‍ വാങ്ങിനല്‍കിയ ചായയുമാണ് ഇന്ന് ഇദ്ദേഹം കഴിച്ചിരിക്കുന്നത്.

മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ കേസെടുത്തു. സംഭവ സ്ഥലത്ത് പോലീസെത്തി. ബാങ്കിനുള്ളില്‍ പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്നതിനാല്‍ വാതില്‍ പൊളിച്ച് ഇയാളെ മോചിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ബാങ്ക് ജീവനക്കാര്‍ സ്ഥലത്തെത്തി രാവിലെ 10.30ഓടെയാണ് ഇയാളെ മോചിപ്പിച്ചത്. അതേസമയം താക്കോല്‍ കൂട്ടങ്ങളെല്ലാം സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പ്പിച്ചാണ് തങ്ങള്‍ പോയതെന്ന് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. താക്കോല്‍ ബാങ്കില്‍ തന്നെ വച്ചിരുന്നതിനെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഇത്രയും നേരം അകത്ത് കിടക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

This post was last modified on May 30, 2017 10:43 am