X

സ്വാശ്രയ കോളേജ് കരാറും പ്രതിപക്ഷത്തിന്റെ ധര്‍മസമരവും; ആരു ജയിച്ചെന്നാണു പറയുന്നത്?

അഴിമുഖം പ്രതിനിധി

2016 സെപ്തംബര്‍ 27 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ്; 

ഇന്നു രാവിലെ കോഴിക്കോട് നിന്ന് ഒരു വീട്ടമ്മ അതീവ ആശങ്കയോടെ എന്നെ ഫോണില്‍ വിളിച്ചു. നിയമസഭയില്‍ സ്വാശ്രയമാനേജ്‌മെന്റ് കൊള്ളക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കുന്നത് കണ്ട സന്തോഷത്തിലാണ് അവര്‍ എന്നെ വിളിച്ചത്. അവരുടെ മകന് എം ബി ബി എസിന് അഡ്മിഷന്‍ നഷ്ടപ്പെട്ടത് കേവലം രണ്ടു സീറ്റിന്റെ വ്യത്യാസത്തിലാണ്. 250 എം ബി ബി എസ് സീറ്റുകള്‍ ഇടതുസര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇല്ലാതായത് കൊണ്ടാണ് അവരുടെ മകന് പ്രവേശനം ലഭിക്കാതിരുന്നതെന്ന് ആ വീട്ടമ്മ വളരെ വിഷമത്തോടെ പറഞ്ഞു. ഇത്തരത്തില്‍ തങ്ങളുടെ മക്കളുടെ ഉന്നത വിദ്യഭ്യാസത്തില്‍ കരിനിഴല്‍ വീഴുന്നത് കണ്ടു നെഞ്ചു തകര്‍ന്ന നിരവധി മാതാപിതാക്കള്‍ കേരളത്തിലുണ്ട്. ഒരുവശത്ത് സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള ഒത്തുകളി, മറു വശത്ത് ഉള്ള എം ബി ബി എസ് സീറ്റുകള്‍ പോലും നഷ്ടപ്പെടുത്തുന്നു. ഈ സര്‍ക്കാര്‍ കേരളത്തിന്റെ വിദ്യഭ്യാസ മേഖലയെ തുലക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വ്യക്തമാവുകയാണ്.

കേരളത്തിലെ വീട്ടമ്മമാരെ സന്തോഷിപ്പിച്ച ആ പ്രതിപക്ഷ സമരം അതിന്റെ ലക്ഷ്യം നേടിയാണോ അവസാനിച്ചതെന്നാണ് ഇപ്പോള്‍ ചോദിക്കാനുള്ളത്. സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടന്നും പൊലീസുമായി ഏറ്റുമുട്ടിയും അതു കഴിഞ്ഞ നിയമസഭയ്ക്ക് പുറത്തു മൂന്നു എംഎല്‍എമാര്‍ എട്ടുദിവസത്തോളം നിരാഹാരം കിടന്നും സഭയ്ക്കുള്ളില്‍ നിരന്തരം പ്രതിഷേധങ്ങള്‍ ഉയര്‍ത്തി, സഭ സ്തംഭിപ്പിച്ച് ഇറങ്ങിപ്പോകലുകളും നടത്തി കേരളത്തിലെ രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷകള്‍ കാത്ത പ്രതിപക്ഷം അവര്‍ നടത്തിയ പോരാട്ടങ്ങളിലൂടെ ലക്ഷ്യംവച്ച വിജയം നേടിയോ എന്നു തന്നെയാണു ചോദിക്കുന്നത്. 

പ്രത്യക്ഷത്തില്‍ അങ്ങനെയൊന്നും നടന്നതായി കാണുന്നില്ല. പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഏതെങ്കിലും സര്‍ക്കാരോ മാനേജ്‌മെന്റുകളോ അംഗീകരിച്ചതായി കേള്‍ക്കുന്നില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട ഫീസില്‍ തന്നെ കുട്ടികള്‍ പഠനം ആരംഭിക്കേണ്ടതായും കാണുന്നു. അങ്ങനെയെങ്കില്‍ രണ്ടാഴ്ചയോളം പ്രതിപക്ഷം നടത്തിയ സമരം എന്തിനായിരുന്നു? എന്ത് ആത്മാര്‍ത്ഥതയാണതില്‍ ഉണ്ടായിരുന്നത്? സഭയില്ലായിരുന്നു എന്നാണോ ന്യായം പറയാന്‍ പോകുന്നത്? അതോ ജയരാജന്‍ നടത്തിയ നിയമനവിവാദത്തിന്റെ പിറകേ പോയതുകൊണ്ടോ? ഇതൊക്കെ ഒരു പൊതുജനപ്രശ്‌നത്തില്‍ നിന്നും പിന്മാറാന്‍ കാരണമാണോ?

സ്വാശ്രയ കോളേജ് വിഷയത്തില്‍ യുഡിഎഫ് നടത്തിയ ധര്‍മസമരം വിജയമായിരുന്നുവെന്നാണ് പടനയിച്ച പ്രതിപക്ഷനേതാവിന്റെ അവകാശവാദം. ദന്തല്‍ കോളേജുകളിലെ ഫീസ് നാലുലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമാക്കി കുറച്ചത്, മാനേജ്‌മെന്റുകള്‍ തലവരി പണം വാങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ സമ്മതിപ്പിച്ചത്, രണ്ടു മാനേജ്‌മെന്റുകള്‍ക്കെതിരേ ജയിംസ് കമ്മിറ്റിയെ കൊണ്ട് നടപടിയെടുപ്പിച്ചത്, തലവരി പണ്ണം വാങ്ങുന്നതിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നതൊക്കെയാണ് സമരം വിജയമായിരുന്നുവെന്നു പറയാന്‍ നിരത്തുന്ന തെളിവുകള്‍. അതിനോടെല്ലാം പൂര്‍ണമായി യോജിക്കുന്നു, അഭിനന്ദിക്കുന്നു.

താഴെ പറയുന്ന കാര്യങ്ങളില്‍ എന്തൊക്കെ നടപടി ഉണ്ടായെന്നു കൂടി പ്രതിപക്ഷനേതാവ് വിശദീകരിച്ചാല്‍ നന്നായിരുന്നു. കാരണം ഈ പറയുന്ന ആവശ്യങ്ങളും പ്രതിപക്ഷത്തിന്റേതായിരുന്നു. ഇവയില്‍ ഏതൊന്നിലൊക്കെയാണു അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്?

*സ്വാശ്രയമെഡിക്കല്‍ ഫീസ് 2.5 ലക്ഷമായി ഉയര്‍ത്തിയത് ഒരു ലക്ഷം ആയി കുറയ്ക്കുക.*മാനേജ്‌മെന്റ് ക്വാട്ട ഫീസ് 11 ലക്ഷം എന്നത് 8.5 ലക്ഷമാക്കി നിജപ്പെടുത്തുക.*എന്‍ആര്‍ഐ ക്വാട്ട ഫീസ് 15 ലക്ഷത്തില്‍ നിന്ന് 12.5 ലക്ഷമാക്കുക *പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധന പിന്‍വലിക്കുക *സ്വാശ്രയ കോഴയെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തുക *മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടകള്‍ക്ക് സുതാര്യത ഉറപ്പു വരുത്തുക.*നിയമവിധേയമല്ലാതെ പ്രവേശനം നടത്തുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളെ നിയമത്തിന്റെ പരിധിയില്‍ വരുത്തുക.*പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെയും തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജിലെയും ഇടുക്കി മെഡിക്കല്‍ കോളജിലെയും എംബിബിഎസ് സീറ്റുകള്‍ പുനഃസ്ഥാപിക്കുക.*സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാത്ത മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം പിന്‍വലിക്കുക. *ക്യാപിറ്റേഷന്‍ ഫീസ് ആവശ്യപ്പെടുന്ന കോളേകളുടെ അധികാരികളെ അറസ്റ്റ് ചെയ്യുക.

പത്രങ്ങളിലോ ചാനലുകളിലോ നേതാക്കന്മാരുയും ഭരണപ്രതിപക്ഷ അംഗങ്ങളുടെയും ഫെയ്‌സ്ബുക്കിലോ ഒരിടത്തും മേല്‍പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നടപടികള്‍ ഉണ്ടായതായി കാണുന്നില്ല.

കരാര്‍ ഒപ്പിട്ട സ്ഥിതിക്ക് മാനേജുമെന്റുകള്‍ക്ക് നിശ്ചയിച്ച ഫീസ് കുറയ്ക്കാന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സമരാന്തരം തിരുത്തപ്പെട്ടതായും കേള്‍ക്കുന്നില്ല. ഇതൊന്നും നടക്കാത്തിടത്ത് ധര്‍മസമരം വിജയിച്ചൂവെന്നൊക്കെ പ്രതിപക്ഷ നേതാവിനെപോലൊരാള്‍ പ്രഖ്യപിച്ചു കളയുമ്പോള്‍, ആ സ്ഥാനത്തോടുള്ള വിശ്വാസമല്ലേ തകരുന്നത്.

ഞങ്ങള്‍ക്കു സമരം ചെയ്യാനല്ലേ കഴിയൂ, കല്ലിനു കാറ്റുപിടിച്ചപോലെ ധാര്‍ഷ്ട്യത്തോടെ നില്‍ക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമല്ലേ കുറ്റക്കാര്‍ എന്നു പറയാം. സര്‍ക്കാര്‍ കുറ്റം ചെയ്യുകയാണെങ്കില്‍ ആ കുറ്റം തിരുത്തിക്കാനും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള കടമ പ്രതിപക്ഷത്തിനില്ലേ?

രാമേശ്വരത്തെ ക്ഷൗരം പോലെയാണ് നമ്മുടെ നാട്ടിലെ പ്രതിപക്ഷ സമരങ്ങള്‍ എന്നു യുഡിഎഫും എല്‍ഡിഎഫും കാലാകാലങ്ങളായി വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിക്കുകയല്ലാതെ ജനപക്ഷത്തിനു വിജയം നേടിക്കൊടുക്കുന്ന ഒരു സമരം ഒരു പാര്‍ട്ടിക്കും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് എത്രതരം സമരങ്ങള്‍ക്കാണ് എല്‍ഡിഎഫ് നേതൃത്വം കൊടുത്തത്? ഒന്നെങ്കിലും വിജയമായി എന്ന് ആ മുന്നണിയുടെ ഏതെങ്കിലും നേതാവിനു പറയാന്‍ കഴിയുമോ? അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളെന്ന ചീത്തപ്പേരല്ലാതെ എന്തെങ്കിലും നേടിയോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഒടുവില്‍ ജനങ്ങളുടെ ബാലറ്റ് സമരം തന്നെ വേണ്ടിവന്നില്ലേ? രാഷ്ട്രയക്കാരുടെയും ഭരണക്കാരുടെയും നെറികേടുകളെ ചോദ്യം ചെയ്യാനും ശിക്ഷിക്കാനും ജനങ്ങള്‍ നടത്തുന്ന ഈ ബാലറ്റ് സമരത്തിനല്ലാതെ മറ്റെന്തിനെങ്കിലും ഈ കാലം വരെ സാധ്യമായിട്ടുണ്ടേ?

എന്നിട്ടും ഓരോ കാലത്തും പ്രതിപക്ഷങ്ങള്‍ ആചാരം പോലെ സമരങ്ങള്‍ നടത്തുന്നു. ആരും ജയിക്കാത്ത ആ സമരങ്ങളില്‍ ജനങ്ങള്‍ തോല്‍ക്കുന്നു, വഞ്ചിക്കപ്പടുന്നു. ജനങ്ങള്‍ക്കാവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തേണ്ട സഭയില്‍ കൂക്കിവിവിളികളും തമ്മിലടിയും നടത്തുന്നു. സഭ സ്തംഭിപ്പിച്ചെന്നു വീമ്പു പറയുന്നവര്‍, അതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം ആരാണു സഹിക്കേണ്ടതെന്നു വ്യക്തനാക്കുന്നില്ല. നിയമസഭ മുതല്‍ വില്ലേജ് ഓഫിസുവരെ നടന്നുപോകുന്നത് ജനങ്ങളുടെ നികുതിപ്പണത്തിന്റെ പങ്കുകൊണ്ടുകൂടിയല്ലേ. ജനത്തിന്റെ ചെലവില്‍ എന്താനാണ് ഇത്തരം കാട്ടിക്കൂട്ടലുകള്‍?

കഴിഞ്ഞ ദിവസം സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം സ്വാശ്രയപ്രശ്‌നം ഉയര്‍ത്തിയത് കേവലം മൂന്നുമിനിട്ടു മാത്രമാണെന്നറിയുന്നു. അതെന്തേ അത്രത്തോളം പ്രധാന്യം കുറഞ്ഞുപോയോ ആ വിഷയത്തിന്? അതോ അതിനേക്കാള്‍ വലുത് കിട്ടിയോ പ്രതിപക്ഷത്തിനു സമരം ചെയ്യാന്‍? വേണമെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈ സഭാ സമ്മേളനകാലവും സംതംഭിപ്പിക്കലും ഇറങ്ങിപ്പോകലുകളും നടത്താം. മുന്‍പേര്‍ കിടന്നവരെ ഒഴിവാക്കി കൂട്ടത്തില്‍ ബാക്കിയുള്ളവരില്‍ ആരെയെങ്കിലും മൂന്നാലുപേരെ പിടിച്ചു നിരാഹാരവും കിടത്താം. കുറച്ചുപേരെ സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് പറഞ്ഞുവിട്ട് പൊലീസിനെ കല്ലെറിയിക്കാം. തുടര്‍ന്നുണ്ടാകുന്ന ലാത്തിയടിയിലും കണ്ണീര്‍വാതക പ്രയോഗത്തിലും റോഡ് യുദ്ധക്കളമാക്കാം. അതുവഴി നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേല്‍ കുതിരകയറാം, വേണമെങ്കില്‍ ഒരു ഹര്‍ത്താലിനും ആഹ്വാനം ചെയ്യാം. എന്നിട്ടു പറയാം, ഇതെല്ലാം ജനങ്ങള്‍ക്കു വേണ്ടിയാണെന്ന്. ആരെ പറ്റിക്കാനാണി കാട്ടിക്കൂട്ടലുകള്‍? യുഡിഫിനെ മാത്രമല്ല, എല്‍ഡിഎഫിനോടു കൂടിയാണു ചോദിക്കുന്നത്.

This post was last modified on October 18, 2016 12:01 pm