X

അതിരപ്പിള്ളിയില്‍ വാട്ടര്‍ ജേണലിസം വിഷയത്തില്‍ ശില്‍പശാല

നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്?

കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും സൃഷ്ടിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. ജലസമൃദ്ധിയാല്‍ സമ്പന്നമായിരുന്ന നമ്മുടെ സംസ്ഥാനം കഠിനമായ ജലക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. നമ്മുടെ കാലാവസ്ഥയെ നിര്‍ണ്ണയിച്ചിരുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന പശ്ചിമഘട്ട മലനിരകള്‍ പല താത്പര്യങ്ങള്‍ക്കുവേണ്ടി ഇടിച്ചുനിരത്തപ്പെടുകയാണ്. മഴക്കാലത്ത് മാത്രമല്ല, വേനലില്‍ പോലും ജനവാസമേഖലകളിലേക്ക് വെള്ളമെത്തിച്ചിരുന്ന നമ്മുടെ പുഴകള്‍ ഒഴുക്ക് നിലച്ച് മരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികള്‍ക്ക് നടുവിലും, അണക്കെട്ടുകള്‍ മുതല്‍ ജലമൂറ്റുന്ന കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ വരെയുള്ള ‘വികസന മാതൃക’കളെയാണ് സര്‍ക്കാരുകള്‍ ഇപ്പോഴും പിന്‍പറ്റുന്നത്.

ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് ജലം. ജലമില്ലെങ്കില്‍ ജീവനില്ല എന്നിരിക്കിലും ജലം കൈകാര്യം ചെയ്യുന്നതിലും സംരക്ഷിക്കുന്നതിലും കേരള സമൂഹം ഏറെ പിന്നിലാണ് എന്നാണ് ചുറ്റുമുള്ള കാഴ്ചകള്‍ വ്യക്തമാക്കുന്നത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്? ജലസംരക്ഷണത്തിന്റെ പ്രാധാന്യം കേരളീയ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും മാദ്ധ്യമങ്ങള്‍ക്ക് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുന്നത്?

ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി പുഴ സംരക്ഷണ സമിതിയും കേരളീയം മാസികയും സംയുക്തമായി ‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍ വച്ചാണ് ശില്‍പശാല നടക്കുന്നത്. വിശദവിവരങ്ങള്‍ക്കായി 9446586943, 9495995897.

This post was last modified on May 18, 2017 7:05 pm