X

ദുല്‍ഖറിന്റെ വിവാഹ വീഡിയോയുടെ എഡിറ്റര്‍ ഹോളിവുഡിലേക്ക്

അഭിമന്യു

സിനിമാ പ്രവര്‍ത്തകരുടെ സ്വപ്‌നഭൂമിയാണ് ഹോളിവുഡ്. ലോക സിനിമയുടെ ആസ്ഥാനം എന്നു തന്നെ പറയാം. അമേരിക്കയിലും യൂറോപ്പിലുമുള്ള സിനിമ പ്രവര്‍ത്തകരാണ് ഹോളിവുഡ് അടക്കി ഭരിക്കുന്നത്. ഇടയ്ക്ക് ബ്രൂസിലിയും മറ്റും സ്വന്തമായി ഇടം കണ്ടെത്തിയെങ്കിലും ഏഷ്യക്കാര്‍ക്ക് ഹോളിവുഡ് കിട്ടാക്കനി തന്നെയാണ്.

മാറിയ വാണിജ്യ താത്പര്യങ്ങള്‍ ഈ അവസ്ഥയ്ക്ക് കുറെയൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. ഇര്‍ഫാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങളിപ്പോള്‍ ഹോളിവുഡില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഒരു മലയാളി യുവാവ് ഹോളിവുഡിലേക്കുള്ള യാത്രയിലാണ്. മലപ്പുറം സ്വദേശിയായ ഷായാണ് ഹോളിവുഡില്‍ മൂന്നു സിനിമകള്‍ എഡിറ്റ് ചെയ്യാന്‍ തയാറെടുക്കുന്നത്. ഡിപ്രവേഡ്, ദി വെയ്ക്ക്, ടര്‍വെ ടൗണ്‍ എന്നീ സിനിമകളാണ് ഷാ എഡിറ്റ് ചെയ്യാന്‍ കരാറായിരിക്കുന്നത്. എസ് ഡബ്ല്യു വി സ്റ്റുഡിയോസ് പ്രൊഡക്ഷന്റെ ബാനറില്‍ നോയല്‍ ഡഫിയാണ് ഈ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

മഞ്ചേരിയിലെ ഒരു സാധാരണ സ്റ്റുഡിയോയില്‍ നിന്നു തുടങ്ങിയതാണ് ഷായുടെ എഡിറ്റിങ്. കൊച്ചി വൈറ്റിലയിലെ ഡോട്ട്ഇന്‍ എന്ന പേരില്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി നടത്തുകയാണിപ്പോള്‍ ഷാ. യുട്യൂബ് വഴിയാണ് ഹോളിവുഡില്‍ അവസരം ലഭിച്ചതെന്ന് പറയാം, ഷാ പറയുന്നു. എഡിറ്റ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളും കല്ല്യാണ വീഡിയോകളും ഡോക്യുമെന്ററികളുമെല്ലാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതു കണ്ടാണ് സംവിധായകന്‍ നോയല്‍ ഡഫി ബന്ധപ്പെടുന്നത്. സ്‌കൈപില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് സിനിമ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

എഡിറ്റിങ്ങില്‍ നടത്തിയ വ്യത്യസ്തതകളും പുതിയ ടെക്‌നിക്കളുമായിരിക്കും അദ്ദേഹത്തെ ആകര്‍ഷിച്ചതെന്ന് ഷാ പറയുന്നു. ചെറുപ്പം മുതല്‍ ഹോളിവുഡ് സിനിമകള്‍ കാണുമായിരുന്നു. എഡിറ്റിങ് തുടങ്ങിയ കാലം മുതല്‍ ഹോളിവുഡ് സിനിമകളുടെ രീതികള്‍ പരീക്ഷിക്കും. ടൈറ്റിലിലും മറ്റും പുതുമകള്‍ വരുത്താന്‍ ശ്രമിക്കാറുമുണ്ട്.

നോയല്‍ ഡഫിയുമായി കുറച്ചു കാലമായി പരിചയമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നോയല്‍ ഡഫി തന്നെ വിളിച്ചത്. സിനിമകളുടെ മൂന്നു മാസത്തിനകം ആരംഭിക്കും.

ആംസ്റ്റര്‍ഡാം, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം. ഈ മാസം സിനിമയുടെ ക്യാംപെയ്ന്‍ ആരംഭിക്കും. എഡിറ്റിങ്ങിന്റെ കരാറിലൊക്കെ ഒപ്പിട്ടു. ടര്‍വെ ടൗണാണ് ഇക്കൂട്ടത്തില്‍ ആദ്യം പുറത്തിറങ്ങുന്നത്. അമേരിക്കയിലെ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ എഡിറ്റര്‍ എത്തുന്ന വാര്‍ത്തകള്‍ അവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നിരവധി ദിവസമായെങ്കിലും ഇവിടെ വാര്‍ത്ത പുറത്ത് വിട്ടിരുന്നില്ല. കരാര്‍ ഉറപ്പിച്ചതോടെയാണ് വാര്‍ത്ത പുറത്ത് വിടുന്നത്. കോമഡി, ഹൊറര്‍ ചിത്രങ്ങളാണ് എഡിറ്റ് ചെയ്യുന്നത്. ആദ്യം ഗ്രേഡിങ്ങില്‍ സഹകരിക്കാനാണ് നോയല്‍ ഡഫി ആവശ്യപ്പെട്ടത്. പിന്നീട് എഡിറ്റ് കൂടി ചെയ്യാന്‍ നിര്‍ദേശിച്ചു. ഒന്നു രണ്ടു മാസത്തിനകം എഡിറ്റിങ് ജോലികള്‍ ആരംഭിക്കും, ഷാ പറയുന്നു.

സിനിമയില്‍ സംവിധായകന്‍ കഴിഞ്ഞാല്‍ പിന്നെ പ്രാധാന്യം എഡിറ്റര്‍ക്കാണെന്നാണ് ഷായുടെ അഭിപ്രായം. സിനിമ അതിന്റെ പൂര്‍ണരൂപത്തില്‍ എത്തുന്നത് എഡിറ്ററുടെ മുന്നിലാണ്. എഡിറ്റര്‍മാര്‍ക്ക് വലിയ പ്രശസ്തിയൊന്നും ഇല്ലാത്തത് മലയാളത്തില്‍ മാത്രമാണെന്ന് ഷാ പറയുന്നു.

ഹോളിവുഡിലൊക്കെ സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങുന്നതു മുതല്‍ എഡിറ്ററും കൂടെയുണ്ടാകും. ഹോളിവുഡില്‍ നിന്നുള്ളവരുടെ സംസാരത്തില്‍ തന്നെ എഡിറ്ററുടെ പ്രാധാന്യം മനസിലാക്കാന്‍ സാധിക്കും. ആന്റണി, ഡോണ്‍ മാക്‌സ്, സമീര്‍ എന്നിവരാണ് മലയാളത്തിലെ പ്രിയപ്പെട്ട എഡിറ്റര്‍മാര്‍.

2001 ബാംഗ്ലൂരില്‍ നിന്നാണ് എഡിറ്റിങ് പഠിച്ചു. മഞ്ചേരിയിലെ സ്റ്റുഡിയോയില്‍ നാലു വര്‍ഷം പ്രവര്‍ത്തിച്ചശേഷം ശേഷം ഗള്‍ഫില്‍ കുറച്ചു കാലം ജോലി ചെയ്തു.. തുടര്‍ന്ന് തിരിച്ചെത്തിശേഷമാണ് കൊച്ചി വൈറ്റിലയില്‍ ഡോട്ട് ഇന്‍ എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്. മൊത്തം 12 വര്‍ഷത്തെ പരിചയമാണ് എഡിറ്റിങ്ങിലുള്ളത്.

ഷോര്‍ട്ട് ഫിലിമുകള്‍, കല്ല്യാണ വീഡിയോ, ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. ദുല്‍ക്കര്‍ സല്‍മാന്റെ കല്യാണ വീഡിയൊ എഡിറ്റ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഫോട്ടൊഗ്രാഫറുമായ ഷാനി വഴിയാണ് ദുല്‍ക്കറിന്റെ കല്യാണ വര്‍ക്ക് ലഭിക്കുന്നത്. ക്യാമറാമാന്‍ ആഘോഷ് വൈഷ്ണവം മുഖേന നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും തേടിയെത്തി.

ബോളിവുഡ് താരങ്ങളായ അഫ്താബ്, മിനിഷ ലാംബ എന്നിവര്‍ അഭിനയിച്ച പരസ്യവും എഡിറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ സംവിധാനം ആഘോഷ് വൈഷ്ണവമായിരുന്നു. ഫോക്‌സ് ലൈഫ് ചാനലില്‍ കാര്‍ ആന്‍ഡ് കണ്‍ട്രി എന്ന ഷോയില്‍ മലയാളി അവതരിപ്പിച്ച എപ്പിസോഡ് എഡിറ്റ് ചെയ്തു.

എഡിറ്റിങ്ങിന്റെ വിശേഷങ്ങള്‍ ഇനിയും പറയാന്‍ ഏറെയുണ്ട് ഷായ്ക്ക്. തത്ക്കാലം സംഭാഷണം അവസാനിപ്പിച്ചു മടക്കം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on March 4, 2016 8:08 am