X

ഷാജഹാനും പരീക്കുട്ടിയും; നിര്‍ത്തൂ ഈ വളിച്ച തമാശകള്‍, പ്ലീസ്

സഫിയ ഒ സി

‘ഷാജഹാനും പരീക്കുട്ടിയും’ എന്ന പേര് കൊണ്ട് എന്താണോ സംവിധായകന്‍ ഉദ്ദേശിച്ചത് അതുപോലെ അര്‍ത്ഥശൂന്യമായ പേക്കൂത്തുകളുടെ പൂരമാണ് സിനിമയാകെത്തന്നെയും. കണ്ണുകെട്ടി കറക്കി വിട്ടത് പോലെയാണ് സംവിധായകന്‍ ബോബന്‍ സാമുവലിന്റെ പ്രകടനം. ഒരു തരം സ്ഥല ജല വിഭ്രമം. പ്രണയ സിനിമയാണോ എന്നു ചോദിച്ചാല്‍ റൊമാന്‍റിക് ട്രാക്ക് ഉണ്ട് എന്നുത്തരം. കോമഡിയാണോ എന്നു ചോദിച്ചാല്‍ അസഹനീയ കോമഡി എന്നു വേണമെങ്കില്‍ പറയാം. ഇനി സസ്പെന്‍സ് ത്രില്ലര്‍ ആണോ എന്നു ചോദിച്ചാല്‍ അത്ര മോശമല്ലാത്ത ഒരു സസ്പെന്‍സ് ട്രാക്കുമുണ്ട് സിനിമയ്ക്ക്. അങ്ങനെയെങ്കില്‍ ഒരു റൊമാന്‍റിക്-കോമഡി-സസ്പെന്‍സ് ത്രില്ലര്‍ എന്നു വിളിക്കാം ഷാജഹാനും പരീക്കുട്ടിയെ. (മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണെ!)

നായികയ്ക്കുണ്ടാകുന്ന ഒരു അപകടമാണ് കേന്ദ്ര സംഭവം. അപകടത്തോടെ നായികയുടെ ഓര്‍മ്മ നഷ്ടപ്പെടുന്നു. ഈ അവസരത്തില്‍ രണ്ട് ‘പി’കള്‍ രംഗപ്രവേശം ചെയ്യുന്നു. അതോടെ കഥ സിനിമാക്കാര്‍ ട്വിസ്റ്റുകള്‍ എന്നു പറയുന്ന പ്രേക്ഷക രോമാഞ്ചങ്ങളിലൂടെ സഞ്ചരിക്കുന്നു. ഒടുവില്‍ വന്നു കയറിയ ‘പി’കളുടെ യഥാര്‍ത്ഥ ഉദ്ദേശം കണ്ടെത്തുന്നതുവരെ.

ബോബന്‍ സാമുവല്‍ റോമന്‍സ് എന്ന അത്യാവശ്യം ബോക്സോഫീസ് വിജയം നേടിയ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ആ സിനിമയുടെ തുടര്‍ച്ച ഇതില്‍ അനുഭവിക്കാന്‍ കഴിയുന്നത് ദ്വയാര്‍ത്ഥ തമാശകളിലൂടെ മാത്രമാണ്. ഈ കാര്യത്തില്‍ യാതൊരു പിശുക്കും സംവിധായകനും തിരക്കഥാകൃത്തും ഷാജഹാനും പരീക്കുട്ടിയില്‍ കാണിക്കുന്നില്ല. കുടുംബ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ യാതൊരു ഉളുപ്പുമില്ലാതെ അശ്ലീല തമാശകള്‍ വാരിവിതറുകയാണ് ബോബനും കൂട്ടരും. സുരാജ് വെഞ്ഞാറമൂടും അജു വര്‍ഗ്ഗീസും അത് വളരെ ഗംഭീരമായി നിര്‍വ്വഹിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് മോട്ടോര്‍ ബൈക്കാണെന്ന് കരുതി കഴുതപ്പുറത്ത് കയറുന്നതും വേഷം മാറി അന്വേഷണം നടത്തുമ്പോള്‍ ചെവിയില്‍ അമ്പ് വന്ന് തറക്കുന്നതുമൊക്കെ ജഗതി ശ്രീകുമാറിലൂടെ എത്ര തവണ നമ്മള്‍ ആവര്‍ത്തിച്ച് കണ്ടു മടുത്ത രംഗങ്ങളാണ്. (ഈ സിനിമയില്‍ മനഃശാസ്ത്രജ്ഞനോ അതോ പ്രൈവറ്റ് ഡിറ്റക്ടീവോ വേണ്ടത്? ഈ കാര്യത്തില്‍ പോലും വ്യക്തമായ ഒരു തീരുമാനം എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല)

ചിത്രത്തില്‍ കടന്നു വരുന്ന മാനസികാശുപത്രി രംഗങ്ങള്‍ 80കളുടെ ഒടുവിലും 90കളുടെ ആദ്യവുമൊക്കെയായി തമാശയ്ക്ക് വേണ്ടി കുത്തി നിറച്ചിട്ടുള്ള മനം മടുപ്പിക്കുന്ന രംഗങ്ങളാണ്. മാനസിക പ്രശ്നമുള്ളവര്‍ കോമാളികളെ പോലെയാണ് പെരുമാറുക എന്ന മനുഷ്യത്വ വിരുദ്ധ കാഴ്ചപ്പാടാണ് സംവിധായകനുള്ളത്. ഈ രീതിയില്‍ മാനസിക രോഗികളെ ഹാസ്യത്തിനായി അവതരിപ്പിക്കുന്നത് നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ബാലു കിരിയത്തിന്റെയും തുളസി ദാസിന്റെയും കോമഡി സെന്‍സിബിലിറ്റിയില്‍ നിന്നു ഒരു പടി പോലും മുന്‍പോട്ട് പോകാന്‍ ബോബന്‍ സാമുവലിന് സാധിച്ചിട്ടില്ല.

സത്യം പറഞ്ഞാല്‍ ഈ സിനിമയില്‍ ആകെ രസം തോന്നിയത് അജു വര്‍ഗ്ഗീസിന്റെ മേജര്‍ രവി എന്ന പേര് മാത്രമാണ്. സാമൂഹ്യ വിരുദ്ധ വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി പൊതു ശ്രദ്ധ നേടിയ ഒരു സംവിധായകനെയും അയാളുടെ പട്ടാള സ്വത്വത്തെയും ഒരു ജോക്കര്‍ കളിയാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. (അങ്ങനെ സംവിധായകന്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും.)

ചില തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഈ അടുത്തകാലത്ത് മടുപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവെയ്ക്കുന്നത് എന്നു പറയാതിരിക്കാന്‍ പറ്റില്ല. ഈ രീതിയിലാണ് പോക്കെങ്കില്‍ പണിയില്ലാത്ത പല യുവതാരങ്ങളുടെയും പട്ടികയിലേക്ക് ഈ യുവതാരങ്ങളും സ്ഥാനം പിടിക്കാന്‍ അധികം താമസിക്കേണ്ടി വരില്ല.

ഫാഷന്‍ ഷോ റാംപില്‍ കയറ്റി ഇരുത്തിയ പോലെയാണ് അമല പോളിന്റെ പ്രകടനം. പല കോലത്തിലുള്ള വേഷ ഭൂഷകള്‍ ധരിച്ച് സീനില്‍ വന്നു പോവുകയല്ലാതെ ഈ നടിക്ക് മറ്റൊന്നും ചെയ്യാനില്ല.

സംവിധായകനോട് ഒരു അഭ്യര്‍ഥന. മലയാളികള്‍ ഇന്നും നെഞ്ചേറ്റി ലാളിക്കുന്ന ‘അല്ലിയാമ്പല്‍ കടവില്‍ ‘പോലെയുള്ള പാട്ടുകള്‍ എടുത്ത് ഇങ്ങനെ വികൃതമാക്കരുത്. പ്ലീസ്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on July 7, 2016 9:11 pm