X

മനോരമ ന്യൂസ് റീഡര്‍ ഷാനി പ്രഭാകരന്റെ വീട്ടില്‍ കള്ളപ്പണ റെയ്ഡെന്ന വ്യാജ വാര്‍ത്ത; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു

അഴിമുഖം പ്രതിനിധി

മനോരമ ന്യൂസ് റീഡർ ഷാനി പ്രഭാകറിന്റെ പേരിൽ പ്രചരിച്ച വ്യാജ സന്ദേശത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാനിയുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ 7 ലക്ഷം  രൂപയുടെ  കള്ളപ്പണം പിടികൂടിയെന്നായിരുന്നു വ്യാജ സന്ദേശം. ഷാനിയുടെ പരാതിയിലാണ് പോലീസ് അന്വേഷിക്കുന്നത്. മാത്യു ജെഫ്  എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫേക്ക് ഐഡി ഉണ്ടാക്കി മറ്റാരെങ്കിലുമാണോ ഈ വാർത്ത പ്രചരിപ്പിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മനോരമ സ്റ്റുഡിയോയിൽ വാർത്ത വിശകലനം അവതരിപ്പിക്കുന്ന ചിത്രം കൂടി നൽകി പോസ്റ്റർ തയ്യാറാക്കി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുകയായിരുന്നു.

പോസ്റ്ററിന്റെ പ്രിന്റ് സ്ക്രീനും ലിങ്കുകളും സുഹൃത്തുക്കൾ അയച്ചു നൽകിയപ്പോഴാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം അറിയുന്നതെന്ന് ഷാനി അഴിമുഖത്തോടു പറഞ്ഞു. ആദ്യ ദിവസം സംഭവത്തെ ചിരിച്ചു തള്ളുകയായിരുന്നു. ഏഴുലക്ഷം മാത്രമേ  സൂക്ഷിക്കാൻ പറ്റിയുള്ളു എന്നും 500 രൂപ എങ്കിലും തരണം എന്നുള്ള സഹപ്രവർത്തകരുടെ തമാശ ആസ്വദിക്കുകയും ചെയ്തു. അടുത്ത ദിവസമായപ്പോൾ വാട്സ്ആപ്പിൽ വ്യാജ വാർത്ത  പ്രചരിക്കാൻ തുടങ്ങിയ പ്പോഴാണ് സംഭവം ഗൗരവമാണെന്നു ബോധ്യപ്പെട്ടത്. താമരശ്ശേരിയിൽ നാട്ടുകാരിൽ പലരും വിളിച്ചു ഇങ്ങനെ റെയ്‌ഡ്‌ നടന്നോ എന്നൊക്കെ ചോദിക്കാൻ ആരംഭിച്ചതോടെ പോലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്വേഷണം നടത്തുമ്പോൾ ഷെയർ ചെയ്തവരെ ഒഴിവാക്കി ഈ പോസ്റ്റർ നിർമിച്ചു സോഷ്യൽ മീഡിയയിലേക്കു കടത്തിവിട്ടയാളെ കുറിച്ച് അന്വഷിക്കണം എന്ന് പോലീസിനോട് അഭ്യർത്ഥിച്ചിരുന്നു.

സംഘികൾ ആണ്‌ വ്യാജ പോസ്റ്ററിന്റെ പിന്നിലെന്ന്  ആരോപണം ഉണ്ടെങ്കിലും നിജസ്ഥിതി അറിയാതെ ആരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത് ശരിയല്ലെന്ന് ഷാനി പറഞ്ഞു.

കറൻസി വിഷയത്തിൽ ആനുകാലിക മലയാള ദൃശ്യമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ തനിക്കു ഇഷ്ടപ്പെട്ടത് എന്ന് വ്യക്തമാക്കി, ഷാനി ചാനലിൽ അവതരിപ്പിച്ച’പറയാതെ വയ്യ ‘പ്രോഗ്രാം ധനമന്ത്രി തോമസ് ഐസക്ക് സ്വന്തം ഫേസ് ബുക് പേജിൽ ഷെയർ ചെയ്തിരുന്നു. ഇതേ തുടർന്ന് ചാനലിലിന്റെ ഓൺലൈൻ പേജിൽ ആയിരക്കണക്കിന് പേരാണ് പരിപാടി വീണ്ടും കണ്ടത്. ഒരു ലക്ഷത്തിലധികം പേർ ഷെയർ ചെയ്തിരുന്നു. ഇത് കൂടാതെ ഷാനി വൈകുന്നേരം അവതരിപ്പിച്ച കൌണ്ടർ പോയിന്റ് പ്രോഗ്രാമിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വന്തം പാർട്ടിയുടെ ഭാഗം ന്യായീകരിക്കാനാകാതെ ബിജെപി നേതാക്കൾ വെള്ളം കുടിച്ചു. ഉത്തരം മുട്ടിയ ബിജെപി നേതാക്കൾ വിഷണ്ണരായിട്ടാണ് ചർച്ച പൂർത്തിയാക്കിയത്.

ഷാനിയെ വ്യക്തിപരമായി ആക്രമിക്കുന്ന വ്യാജ പോസ്റ്റർ വ്യാപകമായതോടെ ഈ ആഴ്ച അവതരിപ്പിച്ച പറയാതെ വയ്യ പ്രോഗ്രാമിന്റെ പ്രേമോയിൽ ആരാധക രാഷ്ട്രീയത്തിനു ചെറിയ കുത്തു നൽകിയിട്ടുണ്ട്.

അതേ സമയം ഷാനിയെ സംരക്ഷിച്ചു നിർത്താതെ വാർത്ത കൊടുത്തു കൂടെ എന്നാരാഞ്ഞു മറ്റു ടിവി ചാനലുകളിൽ വിളി എത്തുന്നുണ്ട് എന്നതാണ് രസകരമായ മറ്റൊരു കാര്യം

This post was last modified on November 20, 2016 12:45 pm