X

ശാന്തിനികേതന്‍; ഒരു യാത്രാനുഭവം

വിഷ്ണുരാജ്

രണ്ടുവർഷം മുന്‍പ് വംഗ നാട്ടിൽ എത്തിയപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ഇവിടെ നിന്നു പോകുന്നതിനു മുന്പ് മഹാകവി ടാഗോറിന്റെ ജീവിതവും കവിതയും ഒക്കെയായി ഇടപഴകിക്കിടക്കുന്ന ശാന്തിനികേതൻ ആശ്രമവും, അദ്ദേഹം സ്ഥാപിച്ച, ഇന്ന് കേന്ദ്ര സർവ്വകലാശാല ആയി പരിണമിച്ച, വിശ്വഭാരതി സര്‍വ്വകലാശാലയും ഒരു തവണ എങ്കിലും സന്ദർശിക്കുക എന്നത്. തിരക്കൊഴിഞ്ഞ ഒരു ശനിയാഴ്ച ദിവസം അതിനായി മാറ്റിവെക്കാൻ തീരുമാനിച്ചു. കാര്യമായി പ്ലാനിംഗ് ഒന്നും ഇല്ലാതെയാണ് പുറപ്പെട്ടത്.

ഖരഗ്പൂരില്‍ പുലർച്ചെ എത്തിയ സാംബല്പുർ എക്സ്പ്രസില്‍ ഹൌറ വരെ, അവിടെനിന്നും സിയോരി ഇന്റർസിറ്റി എക്സ്പ്രസ്സിൽ ആയിരുന്നു അടുത്ത ഘട്ട യാത്ര. ഹൌറയിൽ നിന്ന് പതിവ് പോലെ തെല്ലൊന്നു താമസിച്ചാണ് വണ്ടി ബോല്പുർ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങിയത്. ഒറ്റ ദിവസത്തെ യാത്ര ആയതിനാൽ  വണ്ടി വൈകും തോറും അവിടെ ചെലവഴിക്കാൻ കിട്ടുന്ന സമയം ചുരുങ്ങും എന്ന വസ്തുത ഞങ്ങളെ ചെറുതായൊന്നു അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഹൌറയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ ഇഴഞ്ഞുനീങ്ങിയ വണ്ടി പതിയെ വേഗത കൈവരിക്കുന്നത് കണ്ടപ്പോൾ ചെറിയൊരാശ്വാസം. പശ്ചിമബംഗാളിലെ വ്യാവസായിക നഗരങ്ങളിൽ ഒന്നായ ഹൌറ പിന്നിട്ട് തീവണ്ടി വടക്കോട്ട് ചലിക്കും തോറും, സ്ഥിരം കാഴ്ച്ചകളായ നെൽപാടങ്ങളും, ചെറിയ കുളങ്ങളും ദൃശ്യമായിത്തുടങ്ങി. ആലപ്പുഴയുടെ ഭൂപ്രകൃതിയുമായി ഒട്ടേറെ സമാനതകൾ ഉണ്ട് വംഗ ദേശത്തിന് എന്ന് ഇടയ്ക്കു തോന്നിപ്പോകാറുണ്ട്. നാട്ടിലെ പോലെ ഉപയോഗശൂന്യമായ കുളങ്ങൾ അല്ല ഇവിടെ. ഇവര്‍ കുളങ്ങള്‍ നന്നായി പരിപാലിക്കുന്നുണ്ട്. ഒരു പക്ഷേ അതായിരിക്കാം അവരുടെ ഏക ജലസ്രോതസ്സ് എന്നു തോന്നുന്നു.

ബംഗാളിലെ ട്രെയിൻ യാത്രക്കാരുടെ ഇഷ്ടവിഭവം ആയ ‘മൂടി’ (നമ്മുടെ പൊരി മസാലയിൽ ചാലിച്ച ഒരു മിശ്രിതം ) വില്പനക്കാരും, പൈസ പിരിക്കാനായി  ഹിജഡ സംഘങ്ങളും ഇടയ്ക്കിടയ്ക്ക് കമ്പാര്‍ട്ട്മെന്റില്‍ വന്നു പോകുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയം ആയതുകൊണ്ടാണ്‌ എന്ന് തോന്നുന്നു, പുറത്തേക്കു നോക്കിയാൽ പിന്നിട്ട കവലകളിൽ ഒക്കെ തൃണമൂലിന്റെ കൊടികൾ  പാറിപ്പറക്കുന്നു. ത്രിവർണത്തിൽ ചാലിച്ച ഇരട്ടപ്പൂക്കളുടെ അതിപ്രസരത്തിനിടയിൽ അത്യപൂർവ്വമായിമാത്രം  ചില തുരുത്തുകളിൽ ചെങ്കൊടിയും കാണാം. ഹൂഗ്ലിയും, ബർധമാനും പിന്നിട്ട് ഏകദേശം പന്ത്രണ്ട് മണിയോടെ വണ്ടി ബോല്പൂരിൽ എത്തി.

വരുന്നിടത്തു വച്ച് കാണാം എന്ന രീതിയിൽ തട്ടിക്കൂട്ടിയ യാത്ര ആയതുകൊണ്ട് എവിടേക്ക് പോകണം, എങ്ങനെ പോകണം എന്നു നിശ്ചയമില്ലായിരുന്നു. വിശ്വഭാരതിയിലേക്ക് എന്നും പറഞ്ഞ്  50 രൂപക്ക് ഒരു ഇ -റിക്ഷയിൽ കയറി. ഇപ്പോൾ  ഇവിടെ മൊത്തം ഇ – റിക്ഷകളുടെ അപ്രമാദിത്തമാണ്. ഒരു കാലത്ത് ബംഗാളിന്റെ മുഖമുദ്ര ആയിരുന്ന, പ്രാകൃതം എന്ന് നമ്മള്‍ കരുതിപ്പോന്ന ആളുകൾ വലിക്കുന്ന സൈക്കിൾ റിക്ഷകൾ പതിയെ പതിയെ വിസ്മൃതിയിലേക്കുള്ള പാതയിലാണ്. 

നമ്മുടെ ഡ്രൈവർ, 700 രൂപയ്ക്കു സ്ഥലം മുഴുവന്‍ കാണിക്കാം എന്ന് ഒരു ഓഫർ തന്നു. പേശി പേശി 400ല്‍ എത്തിച്ചു. അങ്ങനെ യാത്ര തുടങ്ങി. ഡ്രൈവർ , രഘുവീർദാസ് എന്നോ മറ്റോ ആണ് പേര് പറഞ്ഞത്. ബംഗാളിൽ പിന്നെ പേരിനു വല്യ റോള്‍ ഇല്ല, എല്ലാവരും ദാദയും ദീദിയും ആണിവിടെ.

ബോല്പൂർ മാർക്കറ്റ് പിന്നിട്ട് കൊവായി നദി ലക്ഷ്യമാക്കി വണ്ടി ഏതോ ചെമ്മണ്ണ് പാകിയ പാതയിലേക്ക് തിരിഞ്ഞു. മുറി ഹിന്ദിയിൽ ആൾ ടാഗോറും ആയിബന്ധപെട്ട കുറേ കാര്യങ്ങൾ വണ്ടി നിർത്തി ചൂണ്ടിക്കാണിക്കുകയും പറഞ്ഞു തരികയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. നമുക്കും ഹിന്ദി  അത്രയ്ക്ക് വഴങ്ങാത്തതു കൊണ്ട് എല്ലാത്തിനും തലയാട്ടി കൊടുക്കുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ.

കോപായി നദീതീരം ആയിരുന്നു പ്രഥമ ലക്ഷ്യം. താപനില കൂടി വരുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്, നദി വറ്റി വരണ്ടിരിക്കുന്നു. നദിക്കരയിൽ ഒരു ബോർഡു കണ്ടു. ടാഗോർ കൃതികളിൽ അതിന്റെ സ്ഥാനവും മറ്റും വർണിച്ചുകൊണ്ട്. അത്ര തന്നെയേ ഉണ്ടായിരുന്നുള്ളൂ അവിടെ. കുറച്ചുമാറി, രണ്ടു നാടൻപാട്ടുകാരെ കണ്ടു. 

ആദിവാസി ജനവിഭാഗം, പ്രത്യേകിച്ചും സന്താള്‍  വിഭാഗത്തില്‍പ്പെട്ടവര്‍  ഏറെ ഉള്ള പ്രദേശം ആണ് ഭീര്‍ഭം ജില്ല എന്ന് ഡ്രൈവര്‍ പറഞ്ഞു. അവർ അധിവസിക്കുന്ന പ്രദേശത്തു കൂടിയാണ് ആണ് പ്രകൃതി ഭവന്‍ മ്യൂസിയത്തിലെക്കുള്ള വഴി. വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത, ചെമ്മണ്‍പാതകൾ നിറഞ്ഞ കുഗ്രാമങ്ങൾ താണ്ടി, സോനജോരി വനമേഖലയും പിന്നിട്ടപ്പോഴാണ് ശനിബാരെർ ഹാട്ടിൽ എത്തിയത്. ശനിയാഴ്ച്ച മാത്രം നടക്കുന്ന മേളയാണത്. ഞങ്ങൾ എത്തുമ്പോഴേക്കും വില്പനക്കാർ വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തിരക്കും കൂടി വരുന്നുണ്ട്. കൈത്തറി, കരകൌശല വസ്തുക്കള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരം തന്നെയുണ്ട് അവിടെ. മനസ്സിനിഷ്ടപ്പെട്ട കുറച്ചു സാധനങ്ങള്‍ വാങ്ങി അവിടെ നിന്നും തിരിച്ചു.

പ്രകൃതിഭവനിലേക്കാണ് അടുത്തയാത്ര. പ്രകൃതി പ്രതിഭാസങ്ങളുടെയും, ജീവജാലങ്ങളുടെയും, നമ്മുടെ പൂർവ്വികരും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധങ്ങളുടെയും ഒക്കെ നേര്‍ചിത്രങ്ങള്‍ മരപ്പലകയിലും കല്ലിന്മേലും ഒക്കെ മനോഹരമായി കൊത്തിവെച്ചിരിക്കുന്നു. അതിൽ തന്നെ കൂടുതലും കവിയുടെ മക്കളിൽ ഒരാളായ രതീന്ദ്രനാഥ ടാഗോറിന്റെ കലാസൃഷ്ടികൾ ആണ്. പ്രകൃതിഭവൻ പിന്നിടുമ്പോൾ മണി മൂന്നര കഴിഞ്ഞിരുന്നു.

അടുത്ത ലക്ഷ്യം ബല്ലവപുർ വന്യജീവിസങ്കേതം. നാല് മണിക്ക്മുൻപ് എത്തിയില്ലെങ്കിൽ ടിക്കറ്റ് കിട്ടില്ല എന്നും പറഞ്ഞ് നമ്മുടെ ദാദ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. കലമാൻവർഗ്ഗത്തിനു വേണ്ടിയുള്ള സംരക്ഷണകേന്ദ്രമാണ് അത്. 20 രൂപ ടിക്കറ്റ് എടുത്തു അകത്തുകയറി, കുറേ ചുറ്റിക്കറങ്ങി, അവിടവിടെയായി മാൻകൂട്ടത്തെയൊക്കെ കണ്ടു. ആകെ ഒരു നിരാശ തോന്നി, ഏറെ പ്രതീക്ഷകളോടെ വന്നതുകൊണ്ടായിരിക്കാം. പാർക്കിന്റെ നടത്തിപ്പ് തീര്‍ത്തും നിരാശാജനകം എന്നു പറയാതെ വയ്യ .

അവിടം പിന്നിട്ടു അവസാന ലക്ഷ്യമായ, ടാഗോറിന്റെ ജീവാത്മാവും പരമാത്മാവും എന്ന് വിശേഷിപ്പിക്കാവുന്ന വിശ്വഭാരതി ക്യാമ്പസിലേക്ക്. ഇന്നേവരെ കണ്ട മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെല്ലാം വിശ്വഭാരതിയെ വേറുറ്റതാക്കുന്നത് ഇവിടുത്ത പ്രകൃതിയോടിണങ്ങിച്ചേർന്നുള്ള രൂപകല്പനയും, പഠനരീതികളും ആണ്. എല്ലായിടത്തും മരങ്ങള്‍ തണല്‍ വിരിക്കുന്നു. ഉള്ളവയെല്ലാം നന്നായി പരിപാലിക്കപ്പെടുന്നുമുണ്ട്. ടാഗോർ മ്യൂസിയം ആണ് പ്രധാന ആകര്‍ഷണം. ദേവന്ദ്രനാഥ് ടാഗോർ മുതൽ രതീന്ദ്രനാഥ് ടാഗോർ വരെ ഉള്ള ധിഷണാശാലികളുടെ, കലാ-സാമൂഹ്യപരിവർത്തന രംഗത്ത് വ്യക്തമായ സ്ഥാനം നേടിയ ഒരു കുടുംബത്തിന്റെ ചരിത്രം മുഴുവന്‍ വര്‍ണ്ണിച്ചിരിക്കുന്നു ഇവിടെ. വരും തലമുറയ്ക്ക് ആരായിരുന്നു  അവർ എന്നും ബംഗാളി നവോത്ഥാനത്തിലും സാഹിത്യത്തിലും കാലത്തിനു മുൻപേ സഞ്ചരിച്ച അവരുടെ പങ്ക് എന്തായിരുന്നു എന്ന് അറിയാനും ഉതുകുന്ന വിധം തന്നെ.

യാത്ര മതിയാക്കി ബോല്പൂർ സ്റ്റേഷനിലേക്കു പോകുമ്പോഴേക്കും സന്ധ്യയായി. കിളിനാദം കേട്ടും ഇളംകാറ്റ് ആസ്വദിച്ചും മരച്ചുവടുകൾ തരുന്ന ശാന്തതയിൽ കുറച്ചു നേരം കൂടി ഇരിക്കണം എന്നുണ്ടായിരുന്നു.  മടക്കയാത്രക്ക് ഈ റൂട്ടിൽ ട്രെയിനുകൾ കുറവാണെന്ന ബോധം ഞങ്ങളെ അതില്‍ നിന്നകറ്റി. തിരക്കേറിയ ബോല്പ്പൂർ മാര്‍ക്കറ്റിലൂടെ അതിസമർത്ഥമായി വളഞ്ഞും തിരിഞ്ഞും നമ്മുടെ ദാദ ട്രെയിൻ എത്തുന്നതിനു അഞ്ചുമിനിട്ട് മുന്പ് സ്റ്റേഷനില്‍ എത്തിച്ചു. അങ്ങനെ ഞങ്ങൾ ബോല്പൂരിനോട്‌ വിടവാങ്ങി. ഗണദേവത എക്സ്പ്രസിൽ ഹൌറയിലേക്ക്. 11 മണി കഴിഞ്ഞ് ഹൌറയ്ക്കടുത്ത് ബേലൂർ സ്റ്റേഷൻ എത്തി. അങ്ങിങ്ങ് ആർപ്പുവിളികളും കരിമരുന്നു പ്രയോഗവും കണ്ടപ്പോഴേ തോന്നി , ഹൂഗ്ലി നദിക്കക്കപ്പുറം ഈഡന്‍ ഗാർഡനിൽ ഇന്ത്യ വെന്നിക്കൊടിപാറിച്ചു എന്ന്. ചിരവൈരികൾക്ക് എതിരെയുള്ള ഇന്ത്യയുടെ ജയത്തേക്കാൾ, കളി കഴിഞ്ഞു വരുന്ന ക്രിക്കറ്റ് പ്രേമികളെക്കൊണ്ട് ജനനിബിഡമാവാന്‍ പോകുന്ന ഹൌറ സ്റ്റേഷനെപ്പറ്റിയും നില്ക്കാന്‍ പോലും ഇടംകിട്ടാത്തവണ്ണം തിരക്കാവാൻ പോകുന്ന അഹമ്മദാബാദ് എക്സ്പ്രസിന്റെ ജനറൽ കമ്പാര്‍ട്ട്മെന്റിനെപ്പറ്റിയും ഉള്ള ആകുലത ആയിരുന്നു അപ്പോൾ ഞങ്ങളുടെ മനസ്സില്‍. 

കൂടുതല്‍ ചിത്രങ്ങള്‍ 

(ഖരഗ്പൂര്‍ ഐഐടിയില്‍ എംടെക് വിദ്യാര്‍ഥിയാണ് വിഷ്ണുരാജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on March 30, 2016 2:38 pm