UPDATES

സ്ത്രീ ഉടലും ഉയിരും

ഒരു അപൂര്‍വ വിദുഷി; ആട്ടക്കഥകള്‍ രചിക്കുന്ന ആദ്യ വനിത

സമ്പൂര്‍ണ്ണമായ മൂന്നു ആട്ടക്കഥകളും ഏതാനും കിളിപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളും തുള്ളല്‍പാട്ടുകളും ഉള്‍പ്പടെ പതിനെട്ടിലേറെ കൃതികളുമായി മലയാള സാഹിത്യത്തില്‍ സ്വന്തം മുദ്ര പതിപ്പിച്ചു കുട്ടിക്കുഞ്ഞ് തങ്കച്ചി. ആട്ടക്കഥകള്‍ രചിക്കുന്ന ആദ്യത്തെ സ്ത്രീയെന്ന സവിശേഷതയും അവര്‍ക്കു സ്വന്തം.

സാഹിത്യത്തിലെ ആണാധിപത്യത്തിന്റെ കാലത്ത് പ്രതിഭയാലും അതിലേറെ വിപരീതങ്ങളെ അതിജീവിക്കാനുള്ള നിശ്ചയദാര്‍ഢ്യത്താലും സാംസ്‌കാരിക മലയാളത്തില്‍ കൈയൊപ്പിട്ട എഴുത്തുകാരിയാണ് കുട്ടിക്കുഞ്ഞു തങ്കച്ചി. കേരളീയര്‍ എക്കാലവും നെഞ്ചേറ്റുന്ന ഇരയിമ്മന്‍ തമ്പിയുടെയും ഇടക്കോട്ടു കാളിപ്പിള്ളതങ്കച്ചിയുടേയും മകള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ തിരുവിതാംകൂര്‍ രാജ്യത്ത് സാഹിത്യ രചനകള്‍ നടത്തിയിരുന്ന അത്യപൂര്‍വം വനിതകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞു തങ്കച്ചി. അച്ഛന്‍ കവിയായിട്ടുപോലും മകളുടെ കവിതാ വാസനയോട് ആദ്യമൊന്നും കാര്യമായ മമത അദ്ദേഹം പുലര്‍ത്തിയിരുന്നില്ലെന്ന്്് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അത് കാലസൂചകമായി നമുക്കെടുക്കാം. കാലം സ്ത്രീയോട് സമീപിച്ചിരുന്നതെങ്ങനെയെന്നതിന്റെ പ്രത്യക്ഷീകരണം.

മലയാളത്തില്‍ പെണ്ണെഴുതി തുടങ്ങുന്ന കാലത്തില്‍ സാബ്രദായിക എഴുത്തുവഴക്കങ്ങളിലൂടെ തന്നെയായിരുന്നു കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ രചനാ സഞ്ചാരം. എന്നാല്‍ ആണിന്റെ ഇടങ്ങളിലേക്ക് സധൈര്യം കടന്നുകയറുകയും മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമായി തീരുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന എഴുത്തുകാരിയുടെ സഞ്ചാരങ്ങളെ പെണ്മയുടെ വിശാലയിടത്തില്‍ നിന്നും പഠിക്കുവാനുള്ള ശ്രമങ്ങള്‍ കാര്യമായി ഉണ്ടായിട്ടില്ല. പുത്തന്‍ കാലത്ത് ചെറിയരീതിയിലാണെങ്കിലും ശ്രമങ്ങള്‍ ന്ടന്നിട്ടുണ്ടെങ്കിലും പരമ്പരാഗത വിലയിരുത്തലുകളാണ് അധികവും ഉണ്ടായിട്ടുള്ളത്.

സമ്പൂര്‍ണ്ണമായ മൂന്നു ആട്ടക്കഥകളും ഏതാനും കിളിപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളും തുള്ളല്‍പാട്ടുകളും ഉള്‍പ്പടെ പതിനെട്ടിലേറെ കൃതികളുമായി മലയാള സാഹിത്യത്തില്‍ സ്വന്തം മുദ്ര പതിപ്പിച്ചു കുട്ടിക്കുഞ്ഞ് തങ്കച്ചി. ആട്ടക്കഥകള്‍ രചിക്കുന്ന ആദ്യത്തെ സ്ത്രീയെന്ന സവിശേഷതയും അവര്‍ക്കു സ്വന്തം. ശക്തികൊണ്ടു മലയാള കവിതാ ചരിത്രത്തില്‍ സ്ഥാനം നേടുന്ന ആദ്യത്തെ വനിതയെന്നാണ് മലയാള കവിതയുടെ ചരിത്രം ആധുനിക കാലത്ത് രചിച്ച ഡോ.എം. ലീലാവതി തന്നെ കുട്ടിക്കുഞ്ഞു തങ്കച്ചിയെ വിലയിരുത്തിയിട്ടുള്ളത്.
”കവിത രചനയെന്നത് സ്വജീവിത കര്‍ത്തവ്യം പോലേയോ തപശ്ചര്യ പോലേയോ കരുതിയ സ്ത്രീകള്‍ വളരെയൊന്നും ഉണ്ടായിരുന്നില്ല. അത്തരത്തില്‍ പെട്ട ഒരു അപൂര്‍വ വിദുഷിയായിരുന്നു കുട്ടിക്കുഞ്ഞ് തങ്കച്ചി.” എസ്. ഗുപ്തന്‍ നായര്‍ കുഞ്ഞിക്കുട്ടി തങ്കച്ചിയുടെ കൃതികളുടെ അവതാരികയില്‍ എഴുതിയ വാചകങ്ങളാണിത്. കേരളത്തിലെ വിദുഷികളായ സ്ത്രീരത്നങ്ങളില്‍ ഏറെ സവിഷേതകള്‍ ഉള്ള വ്യക്തിത്വമെന്നും ഇവരെ ഗുപ്തന്‍ നായര്‍ വിശേഷിപ്പിക്കുന്നു.

കുട്ടിക്കുഞ്ഞെന്നത് വിളിപ്പേരായിരുന്നു. ലക്ഷ്മിപ്പിള്ളയെന്നതാണ് യഥാര്‍ഥത്തിലുള്ള പേര്. എഴുത്തിന്റേയും സംഗീതത്തിന്റേയും കലകളുടേയും അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടിക്കുഞ്ഞ് ചെറുപ്പത്തിലേ തന്നെ തന്റെ വാസനകള്‍ പ്രകടിപ്പിച്ചു.സംഗീതം, തര്‍ക്കം, വ്യാകരണം, കാവ്യ നാടകാലങ്കാരങ്ങള്‍ എന്നിവ പാരമ്പര്യരീതിയില്‍ കുട്ടിക്കുഞ്ഞ് അഭ്യസിച്ചിരുന്നു. അവരുടെ രചനകളിലെല്ലാം അതിന്റെ അടയാളങ്ങള്‍ കാണുന്നുമുണ്ട്.

ശ്രീമതി സ്വയംവരം, പാര്‍വതി സ്വയംവരം, മിത്രസഹമോക്ഷം എന്നിവയാണ് അവര്‍ രചിച്ച ആട്ടക്കഥകള്‍. ഈ മൂന്ന് ആട്ടക്കഥകളും അരങ്ങത്ത് അവതരിപ്പിച്ചതായിട്ടാണ് പി. ഗീതയെ പോലുള്ള സാംസ്‌കാരിക പഠിതാക്കള്‍ നല്‍കുന്ന സാക്ഷ്യം. തിരുവിതാംകൂര്‍ കൊട്ടാരം കളിയോഗത്തിലാണ് ഇവ അവതരിപ്പിച്ചതായി പറയുന്നത്. നാടകമെഴുതിയ ആദ്യത്തെ സ്ത്രീയും കുട്ടിക്കുഞ്ഞു തങ്കച്ചിയാണ്. ആട്ടക്കഥകളേക്കാള്‍ ശ്രദ്ധേയമായത് അവരുടെ മറ്റ് രചനകളായിരുന്നു. സ്ത്രീകളുടെ എഴുത്തിനോടുള്ള പ്രതിരോധത്തെ അവര്‍ സ്വന്തം രചനകളിലൂടെ തന്നെ അഭിസംബോധന ചെയ്യുന്ന കാര്യവും പി. ഗീത ചൂണ്ടിക്കാണിക്കുന്നുണ്ട്.

അച്ഛനില്‍നിന്നും പകര്‍ന്നു കിട്ടിയ സംഗീതവാസനയും സാഹിത്യതാല്പര്യവും സ്വപ്രയത്‌നത്താല്‍ തങ്കച്ചി വികസിപ്പിച്ചു.മലയാളവും തമിഴും സംസ്‌കൃതവും ഒരുപോലെ അഭ്യസിച്ചിരുന്ന കുട്ടിക്കുഞ്ഞു തങ്കച്ചി അക്കാലത്ത് നിലവിലുണ്ടായിരുന്ന മിക്കവാറും കവിതാരീതികള്‍ ഒക്കെ വിദഗ്ദ്ധമായി പ്രയോഗിച്ചു. തിരുവനന്തപുരം സ്ഥലപുരാണം, വയ്ക്കം സ്ഥലപുരാണം, സ്വര്‍ഗവാതിലേകാദശീമാഹാത്മ്യം എന്നിങ്ങനെ മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളില്‍ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച കിരാതത്തിനാണ്. കുറത്തിപ്പാട്ടുകളില്‍ ‘ഇരട്ടി’ എന്ന വൃത്തഭേദം ഏറ്റവും ആദ്യമായി ഉപയോഗിച്ചതും ഇവരായിരുന്നു. ഇതുകൂടാതെ തിരുവാതിരപ്പാട്ടുകള്‍, സങ്കീര്‍ത്തനങ്ങള്‍, ഓട്ടന്‍തുള്ളല്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, താരാട്ട്, കീര്‍ത്തനങ്ങള്‍, കുമ്മി, വാതില്‍തുറപ്പാട്ട് എന്നിവ ശാഖകളിലും അവര്‍ രചനകള്‍ നടത്തി.

മകളുടെ സാഹിത്യ സഞ്ചാരങ്ങളോട് ആദ്യകാലത്ത് വലിയ താല്പര്യം പ്രകടിപ്പിക്കാതിരുന്ന ഇരയിമ്മന്‍ തമ്പി പക്ഷെ താരാട്ട് അടക്കമുള്ള ശാഖകളില്‍ മകള്‍ നടത്തിയ രചനകളില്‍ പോകെപ്പോകെ കൂടുതല്‍ തല്പരനായി. മകളുടെ രചനകള്‍ അദ്ദേഹം ഉത്രം തിരുനാളിന് സമര്‍പ്പിക്കുകയും ചെയ്തു. ശ്രീമതി സ്വയംവരം ആട്ടക്കഥ ഇരയിമ്മന്‍ തമ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എഴുതാന്‍ തുടങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷമാണ് പൂര്‍ത്തീകരിക്കാനായത്. കുഞ്ഞിക്കുട്ടി തങ്കച്ചിയുടെ രചനകളുടെ സമാഹാരം കേരള സാഹിത്യ അക്കാദമി പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാല്യകാലം കഴിച്ചുകൂട്ടിയത് തിരുവനന്തപുരം കോട്ടയ്ക്കകത്ത് കിഴക്കേ മഠത്തിലാണ്. ഏഴാം വയസ്സില്‍ പഠനം ആരംഭിച്ചു. തമിഴും, മലയാളവും, സംസ്‌കൃതവും പഠിച്ചു. ചേര്‍ത്തല വാരണാട്ട് നടുവിലെകോവിലകത്ത് കുഞ്ഞന്‍ തമ്പാനെയാണ് ആദ്യം വിവാഹം ചെയ്തത്. 1851ല്‍ തമ്പാന്‍ മരിച്ചു. പിന്നീട് പത്തുവര്‍ഷം കഴിഞ്ഞ് 1861ല്‍ കുഞ്ഞുണ്ണിത്തമ്പാന്‍, തങ്കച്ചിയെ വിവാഹം ചെയ്തു.അദ്ദേഹം 1871ല്‍ മരിച്ചു. രണ്ടു വിവാഹങ്ങളിലായി ഇവര്‍ക്ക് എട്ടു മക്കളുണ്ട്.

1820 ഫെബ്രുവരി 14 നു ജനിച്ച അവര്‍ 83-ാം വയസ്സില്‍ 1904 ഫെബ്രുവരി 13നു മരണമടഞ്ഞു. ചെറുപ്പം മുതല്‍ക്ക് തന്നെ ആരംഭിച്ചിരുന്ന കണ്ണുരോഗം അവരെ ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്നു. ജീവിതാന്ത്യത്തോട് അടുത്തപ്പോള്‍ രോഗം മൂര്‍ശ്ചിച്ചു. 1902 ആയപ്പോഴേയ്ക്കും കാഴ്ച മിക്കവാറും ഇല്ലാതായി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ മരണമടയുകയും ചെയ്തു.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍