X

നോട്ട് നിരോധനത്തിന് ശേഷം എത്ര പട്ടാളക്കാര്‍ കൊല്ലപ്പെട്ടു? കേന്ദ്രസര്‍ക്കാരിനോട് ശിവസേന

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ഭീകരപ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഫണ്ടിംഗ് കുറഞ്ഞതായുള്ള അവകാശവാദം വെറും പൊള്ളയാണെന്നാണ് ശിവസേനയുടെ ആരോപണം.

നോട്ട് നിരോധന നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ എത്ര പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശിവസേന. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ഭീകരപ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഫണ്ടിംഗ് കുറഞ്ഞതായുള്ള അവകാശവാദം വെറും പൊള്ളയാണെന്നാണ് ശിവസേനയുടെ ആരോപണം. പാര്‍ട്ടി പത്രമായ സാംനയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഇക്കാര്യം പറയുന്നത്.

നോട്ട് പിന്‍വലിക്കല്‍ നടപടി ഒരു തരത്തിലും ഭീകരപ്രവര്‍ത്തനം കുറക്കാന്‍ സഹായകമായിട്ടില്ലെന്നതിന്‌റെ തെളിവാണ് കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ സെക്ടറില്‍ നടന്ന ഭീകരാക്രമണം. ജനറല്‍ റിസര്‍വ് എഞ്ചിനിയര്‍ ഫോഴ്‌സ് (ജിഇആര്‍എഫ്) ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മുമ്പ് പൊതുസ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുന്നതടക്കമുള്ള ആക്രമണങ്ങളാണ് ഭീകരര്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സൈനിക ക്യാമ്പുകള്‍ വരെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 60 ജവാന്മാര്‍ കൊല്ലപ്പെട്ടു. 2014ഉം 2015ലും ഇത് 32ഉം 33ഉം ആയിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ആര്‍എസ്എസിന്‌റെ തത്വങ്ങള്‍ സഹായകമായതായി നേരത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞത് വിവാദമായിരുന്നു. ബിജെപി സര്‍ജിക്കല്‍ ആക്രമണത്തിന്‌റെ ക്രെഡിറ്റ് സൈന്യത്തിന് പോലും വിട്ടുനല്‍കാതെ സ്വന്തമാക്കാന്‍ നടത്തിയ ശ്രമങ്ങളും ശിവസേന ചൂണ്ടിക്കാട്ടുന്നു. സൈന്യത്തെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴക്കരുതെന്ന് ശിവസേന അഭിപ്രായപ്പെട്ടു. ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുകയും ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളയണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Related Post
Leave a Comment