X

അഡ്വ. വിദ്യാ സംഗീതിന്റേത് കള്ളപ്രചരണം: ആരോപണങ്ങളോട് ശോഭ ലിമിറ്റഡ് പ്രതികരിക്കുന്നു

തൃശൂര്‍ ജില്ലയിലെ കോലഴി പഞ്ചായത്തില്‍പ്പെട്ട പുഴയ്ക്കല്‍ പാടത്ത് 19 ഏക്കര്‍ നിലം നികത്തി ശോഭ ലിമിറ്റഡ് അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവുമായി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വിദ്യ സംഗീത് ഹൈക്കോടതിയെ സമീപിക്കുകയും കോടതയില്‍ നിന്ന് പരാതിക്കാരി അനുകൂല ഉത്തരവ് വാങ്ങിയെന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് അഴിമുഖം അഡ്വ.വിദ്യ സംഗീതുമായി സംസാരിച്ച് ഒരു വാര്‍ത്ത നല്‍കിയിരുന്നു (അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ). എന്നാല്‍ പ്രസ്തുത വാര്‍ത്തയില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പരാതിക്കാരിയായ വിദ്യാ സംഗീത് പറഞ്ഞിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നുമുള്ള ശോഭ ലിമിറ്റഡിന്റെ അഭ്യര്‍ഥന മാനിച്ച് അവരുടെ ഭാഗം അഴിമുഖം ഇവിടെ പങ്കുവയ്ക്കുകയാണ്. തയ്യാറാക്കിയത്- രാകേഷ് നായര്‍

വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ സ്വീകരിക്കാറുള്ളവരാണ് ഞങ്ങള്‍. ആരെങ്കിലും ഞങ്ങള്‍ക്കെതിരെ പരാതിയുയര്‍ത്തിയാല്‍ അതില്‍ ന്യായമായ തീര്‍പ്പ് കല്‍പ്പിക്കാന്‍ ശോഭ എല്ലാക്കാലവും പ്രയത്‌നിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. വ്യക്തിപരമായി പോലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സാധാരണഗതിയില്‍ ഇത്തരം ആക്രമങ്ങളോട് പ്രതികരിക്കാതെ, ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഇടപാടുകാരെ ഈ വാര്‍ത്തകള്‍ പരിഭ്രാന്തരാക്കുകയും അവരുടെ ആശങ്ക ഞങ്ങളോട് പങ്കുവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ ഇടപെട്ട് എന്താണ് ശരിയെന്ന് ബോധ്യപ്പെടുത്തണമെന്ന ഉത്തരവാദിത്വം ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയാണ്.

പരാതിക്കാരിയായ അഡ്വ.വിദ്യ സംഗീത് പ്രധാനമായും പ്രചരിപ്പിക്കുന്നത് ശോഭ ലിമിറ്റഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി തടഞ്ഞിരിക്കുന്നുവെന്നാണ്. ഒരേ കാര്യം തന്നെ ഒരാള്‍ ആയിരം വട്ടം ആവര്‍ത്തിക്കുകയാണെങ്കില്‍ കേള്‍ക്കുന്നവന് ചിലപ്പോള്‍ അത് ശരിയെന്ന് തോന്നും. ഇതുതന്നെയാണ് ഞങ്ങളുടെ ഇടപാടുകാര്‍ക്കും ഉണ്ടായത്. ശോഭയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കോടതി തടഞ്ഞെങ്കില്‍ മുന്‍കൂര്‍ പണം നല്‍കിയിരിക്കുന്ന ഇടപാടുകാരെ സംബന്ധിച്ച് ഞങ്ങള്‍ അവരെ ചതിച്ചതിന് തുല്യമാണ്. എന്നാല്‍ ഇത് എതിര്‍ കക്ഷി നടത്തുന്ന വെറും ആരോപണം മാത്രമാണെന്ന് ഞങ്ങള്‍ പറയുന്നു. ശോഭയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കോടതി ഒരു വിധത്തിലും ഇടപെട്ടിട്ടില്ലെന്നിരിക്കെ വിദ്യ സംഗീത് നടത്തുന്ന ഈ കള്ളപ്രചാരണം ബഹുമാനപ്പെട്ട കോടതിയെ അപമാനിക്കുന്നതു കൂടിയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

‘അഡ്വ. വിദ്യ സംഗീതിന് സ്വാര്‍ഥതാത്പര്യം; ശോഭ മാത്രമല്ല പാടം നികത്തിയത്’ – ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്
ടൌണ്‍ഷിപ്പുകള്‍ കെട്ടിപ്പൊക്കിയാല്‍ വികസനമാകുമോ?- അഡ്വ. വിദ്യ സംഗീതിന് പിന്തുണയുമായി സാറാ ജോസഫ്
ബഹുമാനപ്പെട്ട മന്ത്രീ, പരിഹസിക്കരുത്; ഈ മണിയടി കുട്ടിക്കളിയല്ല
നെയ്യാറിലെ മണലൂറ്റുകാരെ വെല്ലുവിളിച്ച ഡാര്‍ളി അമ്മൂമ്മ എവിടെ?
അധ്യാപിക എന്ന ലേബല്‍ ഞങ്ങളെ തളച്ചിടാനുള്ള ചങ്ങലയായി ഉപയോഗിക്കരുത്-ഷീജ ടീച്ചര്‍

 

ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പരിശോധിക്കാവുന്നതാണ്. അതില്‍ ഒരിടത്തും  ശോഭ ലിമിറ്റഡ് നടത്തിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോടതി പരാമര്‍ശിച്ചിട്ടില്ല. ഈ കാര്യം ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിക്കും അറിയാവുന്നതാണ്. അവര്‍ ഒരു വക്കീല്‍ കൂടിയാണെന്ന് ഓര്‍ക്കണം. നിയമം അറിയാവുന്നവര്‍ തന്നെ അതിനെ ദുരുപയോഗം നടത്തുന്നത് കഷ്ടമാണ്. ഈ നുണപ്രചാരണത്തിനൊപ്പം ഞങ്ങളുടെ നിര്‍മ്മാണത്തിലിരിക്കുന്ന സമുച്ചയങ്ങളുടെ ഫോട്ടോകളും അവര്‍ സോഷ്യല്‍ മീഡിയാവഴിയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. ആ ചിത്രങ്ങളില്‍ കാണുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സുഗമമായി നടന്നുവരികയാണ്. കോടതിയ്ക്ക് മുന്നില്‍ എത്തിയ 19 ഏക്കറില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്നാണ് ഇവരതിനെ പറയുന്നത്. അസംബന്ധമാണത്. ശോഭയുടെ 52 ഏക്കറിലാണ് ഈ നിര്‍മ്മാണങ്ങള്‍ നടന്നുവരുന്നത്. ആ ഭൂമിയില്‍ നിലവില്‍ ഇന്നുവരെ കേസൊന്നും ഉണ്ടായിട്ടുമില്ല. ആ ചിത്രങ്ങള്‍ അവര്‍ പകര്‍ത്താന്‍ എടുത്ത ആംഗിളുപോലും ഈ വിഷയത്തിനു പിന്നിലുള്ള ഗൂഡാലോചനയ്ക്ക് തെളിവാണ്. ഒന്നുകൂടി ഈയവസരത്തില്‍ പറയാം. പ്രസ്തുത ചിത്രങ്ങള്‍ പകര്‍ത്താനും ഈ പ്രദേശത്ത് വരാനും അവര്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നാണ് പറയുന്നത്. എത്രയോവട്ടം ഈ പ്രദേശത്ത് ഒരു മുന്നറിയിപ്പുപോലും തരാതെ വന്നിട്ടുള്ള അവരെ എന്നെങ്കിലും ഇവിടെയുള്ളവര്‍ തടഞ്ഞതായി അവര്‍ക്ക് തെളിയിക്കാമോ?

കോടതിവിധിയെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുന്നു
അഡ്വ.വിദ്യ സംഗീത് പറയുന്നത്- പുഴയ്ക്കല്‍ പാടത്ത് 19 ഏക്കര്‍ നികത്തി അനധികൃതമായി ഫ്ലാറ്റുകളും വില്ലകളും നിര്‍മ്മിക്കുന്നതിനെതിരെ കോടതി ഇടപെടുകയും ഈ വിഷയത്തില്‍ കള്ളത്തരം നടത്തിയ കളക്ടര്‍ ഒടുവില്‍ കോടതിയുടെ പിടിവീഴുമെന്ന് ഉറപ്പായതോടെ പ്രസ്തുത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഒക്ടോബര്‍ 18 നകം നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടുമെന്നാണ്. ഒക്ടോബര്‍ 18 ന് കഴിഞ്ഞിരിക്കുന്നു. ആര്‍ക്കും വന്ന് പരിശോധിക്കാവുന്നതാണ് ഈ പറഞ്ഞതുപോലെ എന്തെങ്കിലും അവിടെ നടന്നിട്ടുണ്ടോയെന്ന്! ഒരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നാളിതുവരെ നടക്കാത്തൊരിടത്ത് എങ്ങിനെയാണ് ഈ പറഞ്ഞകാര്യം നടക്കുക? ഇനി അന്നത്തെ കോടതി വിധിയിലെന്താണ് പറഞ്ഞിരിക്കുന്നതെന്ന് കൂടി മനസ്സിലാക്കണം. രണ്ടുഭാഗത്തെയും വാദങ്ങള്‍കേട്ടശേഷം നിലവില്‍ ഏതുസ്ഥിതിയിലാണോ പ്രസ്തുത പ്രദേശം, ആ നില തുടരനാണ് കോടതി വിധി പറഞ്ഞിരിക്കുന്നത് (വിധി പകര്‍പ്പ് പരിശോധിക്കാവുന്നതാണ്). അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതരത്തില്‍ ഒരാക്ഷേപം പ്രസ്തുത സ്ഥലത്തിനെതിരെ കോടതി നടത്തിയിട്ടുമില്ല.

പത്തൊമ്പത് ഏക്കറിനെക്കുറിച്ച്
ശോഭ ലിമിറ്റഡിന്റെ അമ്പത്തിരണ്ടേക്കറിനോട് (ഈ സ്ഥലം ഞങ്ങള്‍ ജോസ് ആലുക്കാസില്‍ നിന്ന് വാങ്ങിയതാണ്) ചേര്‍ന്നാണ് പ്രസ്തുത 19 ഏക്കര്‍ കിടക്കുന്നത്. ഇവിടെ കാലങ്ങളായി കൃഷി നടക്കുന്നില്ലായിരുന്നു. അതിന് പ്രധാനകാരണം ഇതിനോട് ചേര്‍ന്നുള്ള പാടത്ത് കളിമണ്‍ ഖനനത്തിനായി കുഴിച്ച് വെള്ളക്കെട്ടായി തീര്‍ന്നതാണ്. കൃഷി ചെയ്യാതെ കിടക്കുന്ന പ്രദേശം ഞങ്ങളോട് ഏറ്റെടുക്കാന്‍ പറയുന്നത് കര്‍ഷകര്‍ തന്നെയാണ്. ആലോചിച്ച് മറുപടി പറയാമെന്ന് നിലപാടറിയിച്ചു. എന്നാല്‍ ജോസ് ആലുക്കാസിന്റെ കുറച്ച് ഭൂമി കൂടി ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഈ 19 ഏക്കര്‍കൂടി വാങ്ങണമെന്ന് സ്ഥലമുടമ ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്നാണ് 2007 ല്‍ ഈ 19 ഏക്കര്‍ ശോഭ വാങ്ങുന്നത്. സത്യത്തില്‍ ആ സ്ഥലം ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നു. എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവിടെ ആരംഭിക്കണമെന്നും ഉദ്ദേശമില്ലായിരുന്നു. കൃഷിഭൂമിയല്ലാത്തതിനാലാണ് അന്ന് ആ നിലം നികത്തുന്നതു തന്നെ. അതും കെ എല്‍ ഓര്‍ഡര്‍ കിട്ടിയശേഷം മാത്രം. അതിനെതിരെ പഴഞ്ചിറ പാടശേഖര സമിതി ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍പ്രകാരം ഞങ്ങളെ ഹിയറിംഗിന് വിളിപ്പിക്കുകയും സകല രേഖകളും സഹിതം ഞങ്ങളുടെ ഭാഗം അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പാടശേഖര സമിതിയുമായി ഒരൊത്തുതീര്‍പ്പ് കരാര്‍ എഴുതിയുണ്ടാക്കുകയും ചെയ്തു. നെല്‍കൃഷിക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തുകയില്ലെന്നും കര്‍ഷകര്‍ക്ക് ഏതു  വിധത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാലും കമ്പനിയുമായി ബന്ധപ്പെട്ട് പരിഹാരം ഉണ്ടാക്കുന്നതാണെന്നും പാടത്തേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടാതെ നോക്കുമെന്നും ഈ കരാറില്‍ ഉറപ്പുനല്‍കുന്നുണ്ട്.

ഇന്നും കര്‍ഷകരുമായുള്ള ബന്ധങ്ങള്‍ക്ക് യാതൊരുവിധ തടസ്സവും വന്നിട്ടില്ല. പാടത്തേക്കുള്ള ചാലുകള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്ന സമയത്ത് വൃത്തിയാക്കി നീരൊഴുക്കിന് തടസ്സങ്ങളില്ലാതാക്കി കൊടുക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതാണെന്നിരിക്കെയാണ് ശോഭ ലിമിറ്റഡ് കര്‍ഷകകരെ ദ്രോഹിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നത്.

(ഇതുമായിട്ട് ബന്ധപ്പെട്ട് അഴിമുഖം പഴഞ്ചിറ പാടശേഖരസമിതി പ്രസിഡന്റ് ജോണ്‍സണുമായി ബന്ധപ്പെട്ടിരുന്നു. നിലവില്‍ കര്‍ഷകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ശോഭ ലിമിറ്റഡില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പുഴയ്ക്കല്‍ പാടത്ത് കൃഷി തടസ്സങ്ങളൊന്നുമില്ലാതെ നടക്കുന്നുണ്ടെന്നും ജോണ്‍സണ്‍ അറിയിച്ചു. കോടതിയുടെ പരിഗണനയില്‍ കിടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പറയാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം)

ആ സംഭവത്തിനുശേഷം ഇത്രയും നാളും ഒരു പരാതിയും പ്രസ്തുത സ്ഥലത്തിനെതിരെ ആര്‍ക്കും ഉണ്ടായിരുന്നില്ല. പിന്നീട് ഇപ്പോള്‍ എന്തുകൊണ്ട് ഇത്തരമൊരു ആരോപണം ഉയര്‍ന്നുവരുന്നുവെന്ന് ചോദിക്കുമ്പോഴാണ്, ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളെക്കുറിച്ച് പറയേണ്ടി വരുന്നത്.

ശോഭ ഈ പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഇതിനോട് ചൂറ്റുമുള്ള നിലങ്ങള്‍ പലരും വാങ്ങിക്കൂട്ടിയിരുന്നു. അവരുടെയൊക്കെ ലക്ഷ്യം ഭൂമിക്കച്ചവടമായിരുന്നു. പലരും ഞങ്ങള്‍ക്ക് വില്‍ക്കാനാണ് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയത്. മേല്‍പ്പറയുന്ന 19 ഏക്കറിനോട് ചേര്‍ന്ന് കളിമണ്‍ ഖനനത്തിനായി കുഴിച്ചിട്ട നിലംകൂടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി മൂന്നു സ്വകാര്യവ്യക്തികള്‍ ഞങ്ങളെ സമീപിച്ചു. ഒന്നുകില്‍ സ്ഥലം വാങ്ങിക്കുക അല്ലെങ്കില്‍, കളിമണ്ണ് കൊണ്ടുപോകാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതോടെയാണ് അവരുടെ വൈരാഗ്യം തുടങ്ങുന്നത്. ഈ വ്യക്തികളുടെ ആയുധമായാണ് അഡ്വ. വിദ്യ സംഗീത് രംഗപ്രവേശം ചെയ്യുന്നതുതന്നെ. ഒരുപറ്റം കര്‍ഷകര്‍ തന്നെ സമീപിച്ചതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായതെന്ന് വിദ്യ സംഗീത് പറയുന്നുണ്ട്. അവര്‍ പറയുന്ന ‘കര്‍ഷകര്‍’ ഈ പറഞ്ഞ സ്വകാര്യ വ്യക്തികളാണ്. കൃഷി ചെയ്യേണ്ട നിലത്തുനിന്ന് കളിമണ്ണു കുഴിച്ചെടുക്കുന്നവരാണോ കര്‍ഷകര്‍? ഇവര്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണ് ഈ പ്രദേശത്തെ കൃഷിഭൂമിയുടെ അളവുപോലും കുറഞ്ഞുതുടങ്ങിയത്. പ്രദേശത്തെ കര്‍ഷകരെല്ലാം ഇവരോട് എതിര്‍പ്പിലുമാണ്. അങ്ങിനെയുള്ള ഈ വ്യക്തികളെയാണ് കര്‍ഷകര്‍ എന്ന് വിളിക്കുന്നത്. ഈ പറഞ്ഞകാര്യങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്‍ ഞങ്ങളുടെ കൈവശമുണ്ട്. ഇവരല്ലാതെ ഏതൊക്കെ കര്‍ഷകര്‍ ശോഭ ലിമിറ്റഡിനെതിരെ വിദ്യ സംഗീതിനെ സമീപിച്ചെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ഈ വ്യക്തികളുടെ കാറിലാണ് വിദ്യ സംഗീത് ശോഭ ലിമിറ്റഡില്‍ വന്നതും സ്ഥലം സന്ദര്‍ശിച്ചതും ഫോട്ടോയെടുത്തതും മറ്റും. ഇതില്‍ തന്നെ അഡ്വ. വിദ്യ സംഗീതിന്റെ കര്‍ഷക സ്‌നേഹം എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ പത്തൊമ്പത് ഏക്കറില്‍ ഞങ്ങള്‍ ആകെ ചെയ്തിട്ടുള്ളത് തൊഴിലാളികള്‍ക്ക് താമസിക്കാനായി ഷെഡുകള്‍ നിര്‍മ്മിക്കുകയും കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട ചില യന്ത്രങ്ങളും കുറച്ച് അസംസ്‌കൃതവസ്തുക്കള്‍ നിക്ഷേപിക്കുകയും മാത്രമാണ്. എന്നാല്‍ ഈ പ്രദേശത്തിന്റെതാണെന്ന് വ്യാജേന അവര്‍ പ്രചരിപ്പിക്കുന്ന ഫോട്ടോകളാകട്ടെ പ്രസ്തുത സ്ഥലത്ത് നിന്നുകൊണ്ട് എടുത്ത അമ്പത്തിരണ്ടേക്കറില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും. രണ്ടു ഭൂമിയേയും വേര്‍തിരിച്ച് സുഗമമായി ഒരു നീര്‍ച്ചാല്‍ ഇപ്പോഴും ഒഴുകുന്നുണ്ട്. ഈ അതിര്‍ത്തിപോലും ഫോട്ടോയില്‍ പതിയാത്തവിധമാണ് അവര്‍ ഫോട്ടോ എടുക്കുന്നത്. ഫോട്ടോയെടുപ്പുപോലും അവര്‍ പറയുന്നത് സാഹസികമായ പ്രവര്‍ത്തിയായിരുന്നുവെന്നാണ്. ഞങ്ങളുടെയെല്ലാം കണ്‍മുന്നില്‍നിന്നായിരുന്നല്ലോ അവര്‍ ഫോട്ടോയെടുത്തത്. ആകെ അവരോട് പറഞ്ഞത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമാണ് ആയതിനാല്‍ വരുന്നകാര്യം നേരത്തെ അറിയിച്ചാല്‍ ആവശ്യമായ സംരക്ഷണം നല്‍കാമെന്നുമാത്രമാണ്. അല്ലാതെ അവര്‍ പറയുന്നതുപോലെ അഡ്വ.വിദ്യാ സംഗീതിനെ വധിക്കാന്‍ പിഎന്‍സി മേനോന്‍ പദ്ധതിയിട്ടിട്ടൊന്നുമില്ല. മറ്റൊന്ന്, അവരെ ഞങ്ങള്‍ പണംകൊടുത്ത് വശത്താക്കാന്‍ നോക്കിയെന്നാണ്. ശോഭയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരാളും അഞ്ചുപൈസയുമായി ആരെയും സമീപിച്ചിട്ടില്ല. ഇതൊക്കെ സ്വയം പരിഹാസ്യമാകാനെ അവര്‍ക്ക് ഉപകരിക്കൂ.

കളക്ടര്‍ ഒത്തുകളി നടത്തിയെന്ന ആരോപണത്തെക്കുറിച്ച്
മെയ് 15 നാണ് അഡ്വ.വിദ്യ സംഗീത് കളക്ടര്‍ക്ക് ഞങ്ങള്‍ക്കെതിരെയുള്ള പരാതി നല്‍കുന്നത്. മെയ് 17 ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ഡിഒ പ്രസ്തുത സ്ഥലത്ത് സര്‍പ്രൈസ് വിസിറ്റ് നടത്തി. പരാതി കിട്ടി രണ്ടു ദിവസത്തിനകം അന്വേഷണത്തിന് ആളെ നിയോഗിച്ച ഒരു കളക്ടര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചെന്നു പറയുന്നതിലെ യുക്തിയെന്താണ്?

മെയ് 22 നാണ് അവര്‍ ഹൈക്കോടതിയില്‍ റിട്ട് കൊടുക്കുന്നത്. കളക്ടര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഈ റിട്ട് യാതൊരു തെളിവുകളുമില്ലാതെയാണ് സമര്‍പ്പിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകയെന്ന പരിഗണനമാത്രമാണ് കോടതി അവരുടെ റിട്ട് ഫയലില്‍ സ്വീകരിക്കുന്നതില്‍ കാണിച്ചത്. ഇതും അവര്‍ വളച്ചൊടിച്ചത്, കോടതിയില്‍ നിന്നുപോലും കോര്‍പ്പറേറ്റ് സ്വാധീനത്തിന്റെ ഫലം അനുഭവിക്കേണ്ടി വന്നുവെന്നാണ്.

തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം കളക്ടര്‍ക്ക് ഏതൊരു അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നടപടിയെടുക്കാമെന്നാണ് വിദ്യ പറയുന്നത്. അത് ശരിയാണ്, പക്ഷേ ചില പ്രൊസീജിയേഴ്‌സ് കൂടി അതിനകത്തുണ്ടെന്നത് അവര്‍ക്കറിയാമെന്നു കരുതുന്നു. ഏതെങ്കിലും സ്ഥലത്ത് ഈ വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കളക്ടര്‍ ബന്ധപ്പെട്ടൊരു ഉദ്യോഗസഥനെ അന്വേഷണത്തിനയക്കും. ഈ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍മേല്‍ എതിര്‍ കക്ഷിയെ ഹിയറിംഗിന് വിളിപ്പിച്ച് അവര്‍ക്കു പറയാനുള്ളതു കൂടി കേട്ടശേഷമാണ് ഉത്തരവിടുന്നത്. അതിന് ചിലപ്പോള്‍ ദിവസങ്ങള്‍ എട്ടുത്തെന്നുവരും.

കളക്ടറുടെ ഉത്തരവു പ്രകാരമാണ് ആര്‍ഡിഒ അന്വേഷണത്തിന് എത്തുന്നത്. ഈ സമയത്ത് 19 ഏക്കറില്‍, മറുവശത്തെ ഭൂമിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ പോഡിയത്തില്‍ നിറയ്ക്കാനുള്ള റെഡ് എര്‍ത്ത് ഇറക്കിയിട്ടുണ്ടായിരുന്നു. ഇതാണ് പടം നികത്താനായി ഞങ്ങള്‍ ശ്രമിക്കുന്നുവെന്ന് പറയുന്നതിന് തെളിവായി ഇവര്‍ പൊക്കിക്കൊണിക്കുന്നത്. റെഡ് എര്‍ത്തിത്തിന്റെ വിലയെന്താണെന്ന് അറിയാവുന്നവര്‍ക്ക് അതുപയോഗിച്ച് പാടം നികത്താനുള്ള വെളിവുകേട് ഞങ്ങള്‍ക്കുണ്ടാകുമെന്ന് തോന്നില്ല. എന്തായാലും സ്ഥലത്തെത്തിയ ആര്‍ഡിഒ ഈ റെഡ് എര്‍ത്ത് തൊടരുതെന്ന് നിര്‍ദ്ദേശിച്ചു, ഒരു വണ്ടിപോലും പ്രസ്തുത സ്ഥലത്തേക്ക് പ്രവേശിപ്പിക്കാനും പാടില്ലെന്ന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ ഇന്നേവരെ ലംഘിച്ചിട്ടില്ല. വണ്ടിച്ചക്രങ്ങളുടെ പാടുകണ്ടാണ് സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും നികത്തല്‍ നടത്തുന്നുണ്ടെന്ന് പറയുന്നതുപോലും. ഇതിനുശേഷം മൂന്നുവട്ടം ആര്‍ഡിഒ ഞങ്ങളെ ഹിയറിംഗിന് വിളിപ്പിച്ചു. ഇതിനും ശേഷമാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുന്നത്.

ഈസമയത്തിനിടയ്ക്കാണ് വിദ്യയുടെ ഹര്‍ജി കോടതി സ്വീകരിക്കുന്നത്. ഇതോടെ അവര്‍ വലിയ കോലാഹലം ഉണ്ടാക്കാന്‍ തുടങ്ങി. ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് കളക്ടര്‍ പൂഴ്ത്തിവെച്ചെന്നാരോപിച്ചാണ് അവരുടെ പ്രകടനം. യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ അപ്പോള്‍ അണ്ടര്‍ പ്രോസസിംഗിലായിരുന്നു. ഇതിനുശേഷം കളക്ടര്‍ ഞങ്ങളെ ഹിയറിംഗിന് വിളിപ്പിക്കുന്നു. 10 മണി മുതല്‍ 3 മണിവരെയാണ് ഹിയറിംഗ് നടന്നത്. ഞങ്ങളുടെ ഭാഗമെല്ലാം വ്യക്തമാക്കിയിരുന്നുവെങ്കിലും അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെയാണ് കളക്ടര്‍ 19 ഏക്കറില്‍ യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും നടത്തരുതെന്ന് ഉത്തരവിടുന്നത്. ഈ ഉത്തരവിന്റെ കോപ്പി അഞ്ചു ദിവസത്തിനുശേഷം പുഴയ്ക്കല്‍ വില്ലേജ് ഓഫിസ് വഴി ഞങ്ങള്‍ക്ക് ലഭിച്ചു. ഒരു കോപ്പി കളക്ടര്‍ പേരാമംഗലം പോലീസിനും അയച്ചു. എന്നാല്‍ ഈ കോപ്പി വിദ്യാ സംഗീതിന് ലഭിച്ചിരുന്നില്ല. ഈ ഉത്തരവിന്റെ കോപ്പി തന്നെയാണ് താന്‍കൂടി കക്ഷിയായ കേസില്‍ കളക്ടര്‍ കോടതിയില്‍ ബോധിപ്പിക്കുന്നത്. അല്ലാതെ വിദ്യ സംഗീത് പറയുന്നതുപോലെ കോടതി ഇപ്പോള്‍ തൂക്കിയെടുത്ത് അകത്തിടുമെന്ന് പേടിപ്പിച്ചിട്ടല്ല. കളക്ടര്‍ കൃത്യമായ വഴിയിലൂടെ തന്നെയാണ് നീങ്ങിയത്. കളക്ടറുടെ ഓഡര്‍ കൈയില്‍ കിട്ടാതിരുന്നതാണ് വിദ്യ സംഗീതിന്റെ പരാക്രമങ്ങള്‍ക്ക് കാരണം. താന്‍ ഇത് വേണ്ടപ്പെട്ടവര്‍ക്കെല്ലാം അയച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചപ്പോള്‍ വിദ്യ അതിനെ കൗണ്ടര്‍ ചെയ്തത് പേരാമാംഗലം പോലീസിനല്ല, വിയ്യൂര്‍ പോലീസിനായിരുന്നു ഓഡറിന്റെ കോപ്പി അയക്കേണ്ടതെന്നായിരുന്നു. പേരാമംഗലം പോലീസിന്റെ കീഴില്‍വരുന്ന പ്രദേശത്തെ സംബന്ധിച്ചുള്ള കാര്യം വിയ്യൂര്‍ പോലീസിന് അയക്കേണ്ടതിന്റെ കാര്യമെന്തെന്ന് ചോദ്യത്തിന് വിദ്യക്ക് മറുപടിയില്ലായിരുന്നു. കളക്ടറുടെ സത്യവാങ്മൂലം പരിഗണിച്ച കോടതി ചോദിച്ചത് നലവില്‍ അവിടെ എന്തെങ്കിലും നിര്‍മ്മാണം നടക്കുന്നുണ്ടോയെന്നാണ്. ഇല്ലെങ്കില്‍ ഇ്പ്പോള്‍ എങ്ങിനെയാണോ ആ സ്ഥലം കിടക്കുന്നത് അതുപോലെ തന്നെ തുടരട്ടെയെന്നാണ്. ഇതിനെയാണ് ഈ തല്‍പരകക്ഷികള്‍ വളച്ചൊടിച്ച് ശോഭ ലിമിറ്റിഡിന്റെ സകല നിര്‍മ്മാണങ്ങളും നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തവിട്ടു എന്നാക്കി പ്രചരിപ്പിച്ചത്.

ഈ കള്ളപ്രചരണങ്ങള്‍ക്ക് പിന്നില്‍ രണ്ടു താല്‍പര്യങ്ങളാണുള്ളത്. ഒന്ന്, ചില സ്വകാര്യവ്യക്തികളുടെ വൈരാഗ്യം. രണ്ട്, ഈ വിഷയത്തിലൂടെ ലൈംലൈറ്റില്‍ നില്‍ക്കാനുള്ള മറ്റൊരു വ്യക്തിയുടെ ത്വരയും.

 

This post was last modified on October 31, 2014 10:13 am