X

ഒരു ബീപ് സോങ്ങുണ്ടാക്കിയ പൊല്ലാപ്പ്

വെറുമൊരു പാട്ടിലെന്തിരിക്കുന്നു എന്നാകാം നിങ്ങളുടെ വിചാരം. എന്നാല്‍ പാട്ടില്‍ പല ദുരന്തങ്ങളും പതിയിരിപ്പുണ്ടെന്ന് തമിഴകത്ത് ആദ്യം മനസ്സിലാക്കിയത് നടന്‍ ചിമ്പു എന്ന ചിലമ്പരശനാണ്. കഷ്ടപ്പെട്ട് ഒരു പാട്ടെഴുതി ഈണമിട്ട് പാടിയപ്പോള്‍ ഇത്രത്തോളം കോലാഹലങ്ങള്‍ ഉണ്ടാകുമെന്ന് ഇതുവരെ അഭിനയിച്ചു നടന്ന ചിമ്പു പ്രതീക്ഷിച്ചില്ല. വിനാശകാലേ വിപരീതബുദ്ധി എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. എന്തായാലും തിങ്കളാഴ്ച്ച കോയമ്പത്തൂര്‍ റെയ്‌സ് കോഴ്‌സ് പൊലീസ് സ്റ്റേഷനിലെത്തി ചിമ്പു കീഴടങ്ങിയിരിക്കുകയാണ്. സിനിമാരംഗത്ത് സംവിധായകനും നടനുമൊക്കെയായി ഒറ്റയാന്‍ പദവിയില്‍ നടന്നിരുന്ന സാക്ഷാല്‍ ടി രാജേന്ദ്രന്റെ മകനായ തനിക്ക് ഇത്തരം നിയമക്കുരുക്കില്‍ പെടേണ്ടിവരുമെന്ന് ചിമ്പു ജീവിതത്തില്‍ ഒരിക്കലും കരുതിക്കാണില്ല. താനെഴുതിയ പാട്ട്  യുവസംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെക്കൊണ്ട് ഈണമിട്ട് സ്വയം പാടുമ്പോള്‍ പുതിയൊരു മേഖല കൂടി പിടിച്ചടക്കിയെന്നായിരുന്നു ചിമ്പുവിന്റെ തോന്നല്‍. പക്ഷേ തോന്നലെല്ലാം ഞൊടിയിടകൊണ്ട്  നിലംപരിശായി.

‘എന്നാ —ക്ക് ലൗ പണ്ണുറോം’ എന്നു തുടങ്ങുന്ന അശ്ലീലച്ചുവയുള്ള ബീപ് സോങ് യൂ-ടൂബില്‍ വയറലായപ്പോള്‍ ചിമ്പുവിനേയും അനിരുദ്ധിനേയും തേടിവന്നത് ഒരു ഡസനിലധികം ക്രിമിനല്‍ കേസ്സുകളായിരുന്നു. കൂടുതലും കോയമ്പത്തൂര്‍ പ്രദേശത്തുനിന്നും. രാധിക എന്ന സാമൂഹ്യപ്രര്‍ത്തകയായിരുന്നു കോയമ്പത്തൂരിലെ റെയ്‌സ് കോഴ്‌സ് പൊലീസില്‍ ആദ്യത്തെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ചിമ്പുവിന്റെ ഗാനമെന്ന് പരാതിക്കാരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. പാട്ടുകേട്ട സാധാരണക്കാര്‍ മാത്രമല്ല സിനിമാക്കാരും ആണ്‍, പെണ്‍ ഭേദമില്ലാതെ മൂക്കില്‍ വിരല്‍വച്ചു നിന്നു എന്നാണ് മാധ്യമങ്ങള്‍ പ്രചിരിപ്പിച്ചത്. സ്ത്രീകളെ മൊത്തത്തില്‍ ഇത്രത്തോളം നിന്ദ്യമായി അവഹേളിച്ചു പാട്ടെഴുതാന്‍ ചിമ്പുവിന് എങ്ങനെ കഴിഞ്ഞു? അവര്‍ ചോദിച്ചു. മാത്രമല്ല, ബീപ് സോങ്ങിനു ‘അശ്ലീലപ്പാട്ട്’ എന്ന അര്‍ത്ഥം വരെ തമിഴകത്തുണ്ടായി. (അശ്ലീലവാക്കുകളുടെ സ്ഥാനത്ത് ബീപ് ശബ്ദമാണ് കൊടുത്തിരുന്നത്. അങ്ങനെ സോംഗ്, ബീപ് സോങ്ങായി.) 

2015 ഡിസംബറിലാണ് ബീപ് സോങ് റെക്കോര്‍ഡ് ചെയ്യുന്നത്. താമസിയാതെ അത് യൂ-ടൂബില്‍ തരികിടയായി. തന്റെ പേഴ്‌സണല്‍ കളക്ഷനില്‍ നിന്ന് പാട്ട് ചോര്‍ന്നതാണെന്നും മറ്റാരോ അത് യൂ ടൂബില്‍ അപ്ലോഡ് ചെയ്തതാണെന്നും ചിമ്പു പറഞ്ഞെങ്കിലും ജനം അംഗീകരിച്ചില്ല. അവര്‍ കോടതികളെ സമീപിച്ചു. എന്നാല്‍ തനിക്ക് ഈ പാട്ടില്‍ പങ്കൊന്നുമില്ലെന്നും എഴുത്തും സംഗീതവും പാട്ടുമൊക്കെ ചിമ്പുവിന്റേതാണെന്നും കാനഡയില്‍ നിന്ന്  സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ അന്ന് പറഞ്ഞതോടെ പാട്ടുകാരന്‍ വെട്ടിലായി. (രജനിയുടെ മരുമകനും നടനുമായ ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി കൊലവെറി ഡീ’ എന്ന മറ്റൊരു തട്ടുപൊളിപ്പന്‍ പാട്ടിനു ഈണമിട്ടതിന്റെ പേരില്‍ അതിപ്രശസ്തനായ യുവസംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍).

പൊലീസിന്റെ കര്‍ക്കശമായ നീക്കങ്ങള്‍ എന്തായാലും ഇരുവരേയും കുഴപ്പത്തിലാക്കി. സൈബര്‍ സെല്‍ ചിമ്പുവിനെ വെറുതേ വിടാന്‍ തയ്യാറായില്ല. തന്ത്രപൂര്‍വം ചിമ്പു രഹസ്യതാവളത്തിലൊളിച്ചു. പൊലീസില്‍ ഹാജരാകാത്ത ചിമ്പുവിനെ വലയിലാക്കാന്‍ പൊലീസ് കരുക്കള്‍ നീക്കി. ഇന്ത്യ വിടാതിരിക്കാന്‍ പ്രധാന വിമാനത്താവളങ്ങളിലൊക്കെ അവര്‍ മുറിയിപ്പുകൊടുത്തു. ഇതിനിടയില്‍ ചിമ്പുവിന്റെ ആരാധകരില്‍പ്പെട്ട നാല് യുവാക്കള്‍ ടി നഗറിലെ അയാളുടെ വീട്ടിനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യ, ബീപ് സോങ്ങിനു പരിഹാരമല്ലെന്നു ആണയിട്ടു പറഞ്ഞ പൊലീസുകാര്‍ അവര്‍ക്കതിരെ കേസ്സെടുത്തു ജയിലിലടച്ചു. വെല്ലൂര്‍ തുടങ്ങിയ ചില പ്രദേശങ്ങളിലും ഫാനുകള്‍ ആത്മഹത്യക്ക്  ശ്രമിച്ചെന്ന് പത്രങ്ങള്‍ വിളിച്ചു പറഞ്ഞു.

ചലച്ചിത്രരംഗത്തുള്ള സുഹൃത്തുക്കള്‍പ്പോലും ചിമ്പുവിനെ കൈവിട്ടു. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പു കാലത്താണ് ഈ സംഭവത്തിന്റെ തുടക്കം. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണം എന്ന നിലപാടാണ് സംഘം ഭാരവാഹികള്‍ കൈക്കൊണ്ടത്. രജനി ഉള്‍പ്പെടെയുള്ള തമിഴകത്തെ പ്രമുഖരൊക്കെ ചിമ്പുവിനു എതിരായി. പിതാവ് ടി രാജേന്ദ്രനും അമ്മയും മുന്‍കാലനടിയുമായ ഉഷാ രാജേന്ദ്രനും മകനെ രക്ഷിക്കാന്‍ അലമുറയിട്ട് രംഗത്തു വന്നു. തൂക്കിലേറ്റാന്‍ പാകത്തിലുള്ള കുറ്റമൊന്നും തന്റെ മകന്‍ ചെയ്തിട്ടില്ലെന്ന് ഉഷാ രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കി. ടി നഗറിലെ ചിമ്പുവിന്റെ വീട്ടിനു ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ വലയം തീര്‍ത്തപ്പോള്‍ ഉഷ ആക്രോശിച്ചു- ‘ഞങ്ങള്‍ക്ക്  സ്വൈര്യം തന്നില്ലെങ്കില്‍ ഞങ്ങള്‍ നാടുവിടും.’ പക്ഷേ കേസു കൊടുത്ത സാമൂഹ്യപ്രവര്‍ത്തകര്‍ അതൊന്നും ശ്രദ്ധിക്കാതെ കോടതിയിലേക്ക് പോയി.

പ്രശ്‌നം ഗുരുതരമായപ്പോള്‍ പൊലീസിനും പിന്‍മാറാന്‍ കഴിയാത്ത അവസ്ഥ വന്നു. മുന്‍കൂര്‍ ജാമ്യത്തിനു ചിമ്പുവിന്റേയും അനിരുദ്ധിന്റേയും അഭിഭാഷകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആദ്യം പൊലീസില്‍ കീഴടങ്ങാനാണ് കോടതി നിര്‍ദ്ദേശിച്ചത്. രക്ഷയില്ലാതായപ്പോള്‍ കോയമ്പത്തൂര്‍ റെയ്‌സ് കോഴ്‌സ് പൊലീസില്‍ ചിമ്പു കീഴടങ്ങി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. അനിരുദ്ധ് കഴിഞ്ഞ വാരം സ്റ്റേഷനില്‍ എത്തി പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയനായിരുന്നു. ഐപിസി സെക്ഷന്‍ 292, 293, 294 ബി, 509 എന്നീ വകുപ്പുകളാണ് പൊലീസ് ഇവര്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.

ഇനി കേസ്സിന്റെ പോക്ക് കോടതികളെ ആശ്രയിച്ചിരിക്കും. പക്ഷേ ബീപ് സോങ് ഇപ്പോഴും ചിമ്പുവിന്റെ പേടിസ്വപ്നമായി ലോകത്ത് ഒഴുകിക്കൊണ്ടിരിക്കുകയാണ്- വൈറലായി. കോടതികള്‍ ശിക്ഷിച്ചാലും അമീബയെപ്പോലെ പടര്‍ന്നുപിടിക്കുന്ന ‘വൈറല്‍’ ശക്തിയെ ആര്‍ക്കാണ് ശിക്ഷിക്കാനാവുക. കടവുളൈ! ചിമ്പുവിനെ കാപ്പാത്തുങ്കോ!

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on December 16, 2016 12:02 am