X

അവന്‍ എനിക്ക് പ്രിയപ്പെട്ടവന്‍: സൈമണ്‍ ബ്രിട്ടോ

മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുളളവര്‍ക്ക് പോലും പ്രിയപ്പെട്ടവനായിരുന്നു അഭിമന്യുവെന്നും ബ്രിട്ടോ ചൂണ്ടി കാണിക്കുന്നു.

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു തന്റെ കുടുംബത്തിലെ അംഗത്തെപോലെ ആയിരുന്നുവെന്നും തനിക്ക് വളരെ പ്രിയപ്പെട്ടവന്‍ ആയിരുന്നുവെന്നും സിപിഐഎം നേതാവും എംഎല്‍എയും ആയിരുന്ന സൈമണ്‍ ബ്രിട്ടോ.

“ഇത്രയും നല്ല ഒരു കുട്ടിയെ കാണാനുണ്ടാവില്ല. അത്രയും പാവമായിരുന്നു. അവധി ദിവസമായാലും നാട്ടിലേക്ക് പോവാത്തപ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്. ‘പൈസ വേണ്ടേ സഖാവേ’ എന്നാണ് അവന്‍ പറയുക. ഒട്ടും പണമില്ലായിരുന്നു അവന്റെ കയ്യില്‍. കടുത്ത ദാരിദ്ര്യം മാത്രം. എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചിരുന്നത്. അതിനായി വീട്ടില്‍ വരും. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളില്‍ എന്റെ വീട്ടിലേക്ക് പോരും. സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അത് കഴിക്കുമ്പോഴും ‘ആ ഹോസ്റ്റലിലെ ബാക്കിയുള്ളവരാരും കഴിച്ചിട്ടുണ്ടാവില്ല’ എന്ന് പറഞ്ഞു കൊണ്ടേ അവനത് കഴിക്കാറുള്ളൂ. അത്രയും നല്ല മനസ്സായിരുന്നു”. സൈമൺ ബ്രിട്ടോ മാധ്യമങ്ങളോട് വികാരാധീനയായി പ്രതികരിച്ചു.

ആക്രമണത്തില്‍ കുത്തേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അര്‍ജുനും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുളളവര്‍ക്ക് പോലും പ്രിയപ്പെട്ടവനായിരുന്നു അഭിമന്യുവെന്നും ബ്രിട്ടോ ചൂണ്ടി കാണിക്കുന്നു.

മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു അഭിമന്യു. ഞായറാഴ്ച രാത്രി 12.30-തോടെയാണ് അഭിമന്യുവിനും അർജുൻ, വിനീത് എന്നീ രണ്ടുപേർക്കും കുത്തേറ്റത്. ഇവരിൽ അർജുന്റെ (19) നില ഗുരുതരമാണ്. അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്ന് പിടിച്ചുവെക്കുകയും മറ്റെയാൾ കത്തികൊണ്ട് നെഞ്ചിലേക്ക് കുത്തുകയുമായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു.

കാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കോളേജിലെ മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു.

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

കൊല ആസൂത്രിതം; തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ഒന്നിക്കണം: മുഖ്യമന്ത്രി

കൈവെട്ടു സംഘങ്ങള്‍ കഠാരയുമായി കലാലയങ്ങളിലേക്കിറങ്ങുമ്പോള്‍

This post was last modified on July 2, 2018 6:21 pm