X

സിന്ധു സൂര്യകുമാറിനെതിരെയുള്ള ഭീഷണി; ബിജെപി വാദം പൊളിഞ്ഞു

അഴിമുഖം പ്രതിനിധി

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ഏഷ്യാനെറ്റ് ചീഫ് കോ-ഓഡിനേറ്റിംഗ് എഡിറ്റുമായ സിന്ധു സൂര്യകുമാറിനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പിടിയിലായ നാലു പേരും ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് വ്യക്തമായതോടെ സിന്ധുവിനെതിരെ നടന്ന ഹീനമായ ആക്രമണത്തിനു പിന്നില്‍ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്ന ബിജെപിയുടെ വാദമാണ് പൊളിഞ്ഞത്.

ധര്‍മടം കിഴക്കെ പാലയാട്ടെ കേളോത്തുങ്കണ്ടി ഷിജിന്‍ (28), തുലാപ്പറമ്പത്ത് വികാസ് (31), കുയ്യാലിയിലെ തുയ്യത്ത് ഹൗസില്‍ വിഭാഷ് (25) എന്നിവരും പാലോട് ഭരതന്നൂര്‍ സ്വദേശി രാരിഷു(20)മാണ് അറസ്റ്റിലായത്. മൂന്നുപേരെ ധര്‍മടം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തപ്പോള്‍. രാരിഷിനെ തിരുവനന്തപുരം കന്‍േറാണ്‍മെന്റ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിന്ധു സൂര്യകുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കി പരാതിയെ തുടര്‍ന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസന്വേഷിക്കുന്നത്.

ഒരു സിന്ധു സൂര്യകുമാറില്‍ അവസാനിക്കില്ല ഈ ഭീരുക്കളുടെ പേക്കൂത്തുകള്‍

കഴിഞ്ഞമാസം 26 ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ സിന്ധു ദുര്‍ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തുക വഴി ഹൈന്ദവമതവികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു വധഭീഷണിയും വ്യക്തിഹത്യയും. എന്നാല്‍ താന്‍ ഒരുതരത്തിലുള്ള മോശം പരാമര്‍ശങ്ങളും നടത്തിയില്ലെന്ന സിന്ധു വ്യക്തമാക്കിയിരുന്നു. അതു ശരിവച്ചുകൊണ്ടു തന്നെ ഇക്കാര്യത്തിലെ സത്യാവസ്ഥ എന്താണെന്നു തനിക്കറിയാമെന്നും തന്നോട് ബന്ധപ്പെടുന്നവരോടെല്ലാം സിന്ധു നിരപരാധിയാണെന്നു പറഞ്ഞിട്ടുണ്ടെന്നുമാണ് ബിജെപി നേതാവ് വിവി രാജേഷ് അവരെ നേരിട്ട് അറിയിച്ചതും. എന്നാല്‍ അപ്പോഴും രാജേഷ് ഉള്‍പ്പെടെയുള്ള നേതാക്കന്മാരെല്ലാം തങ്ങളുടെ പ്രവര്‍ത്തകരോ മറ്റു ഹൈന്ദവസംഘടനാംഗങ്ങള്‍ക്കോ ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലെന്നായിരുന്നു ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത്തരമൊരു നിലപാട് നേതാക്കന്മാര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ സിന്ധുവിനെതിരെയുള്ള തേജോവധം നിര്‍ബാധം തുടരുകയായിരുന്നു.

തികച്ചും ആസൂത്രിതമായുള്ള വ്യക്തിഹത്യയും ഭീഷണിയുമായിരുന്നു മലയാളത്തിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ഉണ്ടാകുന്നത് എന്നത് അതിന്റെ ഉത്തരവാദിത്വം പ്രത്യക്ഷമായി തന്നെ ചുമലിലേല്‍ക്കേണ്ടി വന്നിട്ടുള്ള ബിജെപിയെ സംബന്ധിച്ച് അപമാനകരമാണ്. ദേശീയതലത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നുണ്ടാകുന്ന അസഹിഷ്ണുത കേരളത്തിലും വ്യാപിപ്പിക്കപ്പെടുകയാണ് എന്നത് ഇപ്പോള്‍ അറസ്റ്റിലായവരിലൂടെ വ്യക്തമാകുന്നു. ഏതാനും ചിലര്‍ വികാരവിക്ഷോഭം കൊണ്ടു നടത്തിയ പ്രതികരണങ്ങള്‍ എന്ന ന്യായം ചൊല്ലി രക്ഷപ്പെടാനും ഹൈന്ദവ പാര്‍ട്ടിക്കു സാധ്യമല്ല.

രണ്ടുരണ്ടര ദിവസത്തിനുള്ളില്‍ തനിക്ക് വന്നത് ഏതാണ്ട് രണ്ടായിരത്തോളം കോളുകളാണെന്നു സിന്ധു പറയുന്നുണ്ട്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും രാജ്യത്തിനു വെളിയില്‍ നിന്നും ഫോണ്‍കോളുകള്‍ വരുകയായിരുന്നു. ഇതില്‍ സിന്ധു അറ്റന്‍ഡ് ചെയ്ത കുറച്ചു നമ്പരുകള്‍ മാത്രമാണ് പൊലീസിനു നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തീര്‍ച്ചയായും ആ നമ്പറുകള്‍വച്ചുള്ള അന്വേഷണമേ പൊലീസ് നടത്തുകയുമുള്ളൂ. അതിനര്‍ത്ഥം സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും പുലഭ്യം പറയുകയും ചെയ്തിട്ടുള്ളവര്‍ അറസ്റ്റിലായവര്‍ മാത്രമാണെന്ന് അര്‍ത്ഥമില്ല. വിവിധ ഹൈന്ദവസംഘടനകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തമായ നിര്‍ദേശത്തോടെ ഫോണ്‍ നമ്പര്‍ സഹിതമാണ് സിന്ധുവിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ആഹ്വാനം നടത്തിയിട്ടുള്ളത്. തീര്‍ത്തും അസഹനീയമായ സാഹചര്യത്തില്‍ പരാതിപ്പെടാന്‍ ഈ മാധ്യമപ്രവര്‍ത്തക തയ്യാറായിട്ടുപോലും തുടര്‍ന്നും സൈബര്‍ ഇടങ്ങളിലൂടെയും അവരെ വ്യക്തിഹത്യ ചെയ്യാനും ഭയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു. ഇവരില്‍ പലരും അന്നേ ദിവസം സിന്ധു നടത്തിയ ചര്‍ച്ച കണ്ടിട്ടുള്ളവര്‍ പോലുമല്ല.

ഒളിയിടങ്ങളിലിരുന്ന് മാത്രം അമ്പെയ്യുന്നവരോട്; സിന്ധു സൂര്യകുമാര്‍ എഴുതുന്നു

സിന്ധു സൂര്യകുമാര്‍ ക്രിസ്ത്യാനിയാണെന്നും ഹൈന്ദവ മതവികാരം മനപൂര്‍വം വൃണപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ദുര്‍ഗയെ മോശമായി പരാമര്‍ശിച്ചതെന്നുമാണ് സിന്ധുവിനെതിരെയുള്ള വാദങ്ങളില്‍ അടങ്ങിയിരിക്കുന്നത്. അതേ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് തന്നെ അത്തരത്തിലൊരു പരാമര്‍ശവും സിന്ധു നടത്തിയിട്ടില്ലെന്നു ആവര്‍ത്തിക്കുമ്പോഴും അണികളുടടെ ഭാഗത്തു നിന്നു പ്രകോപനം തുടരുകയാണെങ്കില്‍ കേരളത്തിലത് ബിജെപിക്ക് ഒട്ടും അനുകൂലമാവില്ല എന്നത് വ്യക്തമാണ്.

This post was last modified on March 1, 2016 9:15 pm