X

സിംഗൂര്‍ വിധി ഭൂമി തിരിച്ചുകൊടുക്കല്‍ മാത്രമല്ല; ഇന്ത്യന്‍ പരിവര്‍ത്തനത്തിലെ സമസ്യകള്‍ കൂടിയാണ്

ടീം അഴിമുഖം

സുപ്രീം കോടതി വിധിയോടെ സിംഗൂര്‍ തര്‍ക്കത്തിന് അന്ത്യമായി എന്നു പറയാം. സിംഗൂര്‍ ജില്ലയില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണശാല സ്ഥാപിക്കാന്‍ അന്നത്തെ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്ത 1000 ഏക്കര്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ വിധിച്ചുകൊണ്ടാണ് ആ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സുപ്രീം കോടതി ബുധനാഴ്ച്ച റദ്ദാക്കിയത്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ അന്നത്തെ സര്‍ക്കാര്‍ നിയമപരമായ നിബന്ധനകള്‍ പാലിച്ചില്ല എന്ന് നിരീക്ഷിച്ച കോടതി, അതിവേഗവികസനത്തിന്റെ പേരിലുള്ള ഭൂമിഏറ്റെടുക്കലിന്റെ ദുരിതങ്ങള്‍ പേറേണ്ടി വരുന്നത് സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

 

വിധി പുറപ്പെടുവിച്ച ബഞ്ചിലെ (ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കൊപ്പം) ജസ്റ്റിസ് ഗോപാല ഗൌഡയുടെ പ്രത്യേക വിധിന്യായത്തിലാണ് ഈ നിരീക്ഷണങ്ങള്‍. “അതിവേഗ വികസനത്തിന്റെ ഇക്കാലത്ത് വ്യവസായ ശാലകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് മനസിലാക്കാവുന്നതാണ്. പക്ഷേ നാം കണ്ണടയ്ക്കാന്‍ പാടില്ലാത്ത ഒരു വസ്തുത, ശക്തരായ സംസ്ഥാന ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ഒരുതരത്തിലും ശബ്ദിക്കാന്‍ ശേഷിയില്ലാത്ത സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുമാണ് ഈ വികസനത്തിന്റെ ദുരിതം പേറേണ്ടിവരുന്നത് എന്ന കാഴ്ച്ചയോടാണ്.”

 

അതേസമയം ഭൂമി ഏറ്റെടുക്കലില്‍ തെറ്റുപറ്റിയത് തങ്ങള്‍ക്കല്ല എന്ന നിലപാടാണ് സിപിഎം നേതൃത്വത്തിന്റേത്. 1894-ലെ ഭൂമി ഏറ്റെടുക്കല്‍ നിമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ ഇടതു സര്‍ക്കാര്‍, ഭൂമി ഏറ്റെടുത്തതെന്നും ആ നിയമം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നില്ല എന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യാവസായിക വികസനവും അതുവഴി തൊഴില്‍ സൃഷ്ടിക്കലുമായിരുന്നു സിംഗൂര്‍ പദ്ധതിയുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം 2011-ല്‍ കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോര്‍ട്ടില്‍ തന്നെ സിംഗൂരിലെ ഭൂമി ഏറ്റെടുക്കലില്‍ ഭരണപരവും രാഷ്ട്രീയവുമായ തെറ്റുപറ്റിയെന്ന് പാര്‍ട്ടി സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

എന്നാല്‍, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ട്, സ്വകാര്യഭൂമി തങ്ങള്‍ക്ക് തോന്നുന്ന നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഉടമയുടെ സമ്മതം കൂടാതെത്തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പരമാധികാരം ദുരുപയോഗം ചെയ്താണ് സിപി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സിംഗൂരില്‍ ഭൂമി ഏറ്റെടുത്തതെന്നായിരുന്നു മമത സര്‍ക്കാരിന്റെ വാദം. ഇത്തരത്തില്‍ ഫലഭൂയിഷ്ടമായ ഭൂമി ഏറ്റെടുത്തതിലൂടെ നിരവധി ഭൂവുടമകളുടെയും കൃഷിക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങളെയാണ് ലംഘിച്ചതെന്നും മമത സര്‍ക്കാര്‍ ആരോപിച്ചു. 2011-ല്‍ സിംഗൂരിലെ ഭൂമി ടാറ്റയില്‍ നിന്നും തിരിച്ചെടുക്കാനുള്ള നിയമം മമത ബാനര്‍ജി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

ഭരണകക്ഷി മാറിയതുകൊണ്ട് മാത്രം സംസ്ഥാനസര്‍ക്കാരിന് സുപ്രീം കോടതിയിലെ നേരത്തെ എടുത്ത  നിലപാട് മാറ്റാനാകില്ല എന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വാദം. ഭൂമി ഏറ്റെടുക്കലിന് ശേഷം നിലപാട് മാറ്റുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു അവര്‍ വാദിച്ചത്. “ഒരു സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍, മുന്‍ സര്‍ക്കാരിന്റെ പൂര്‍ത്തിയാക്കാത്ത പ്രവര്‍ത്തികള്‍ തുടരാന്‍ തുടര്‍ന്നുവരുന്ന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്,” എന്നു ടാറ്റ വാദിച്ചു. മമത സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കുന്നതെന്നും ഒരു വ്യക്തിയുടെയോ രാഷ്ട്രീയകക്ഷിയുടെയോ രാഷ്ട്രീയ അജണ്ട നിയമവാഴ്ച്ചയെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് മുന്‍ സര്‍ക്കാരിന്റെ നടപടി തിരുത്തിയാല്‍ അതിനെ രാഷ്ട്രീയക്കളി മാത്രമായി കാണാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കാനുള്ള മമത സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിച്ചു. “ഭരണം മാറിയാല്‍ മുന്‍ സര്‍ക്കാരിന്റെ നടപടികളെ മാറ്റാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന ഒരു നിയമവും ഇല്ല. മാത്രവുമല്ല മുന്‍ നിലപാട് നിയമത്തിനും പൊതുതാത്പര്യത്തിനും എതിരാകുമ്പോള്‍ പ്രത്യേകിച്ചും,”- കോടതി പറഞ്ഞു.

പത്തു കൊല്ലത്തിന് ശേഷമുള്ള ഈ വലിയ വിജയത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. “ഈ സമരത്തില്‍ ത്യാഗമനുഭവിച്ചവരെ ഞാന്‍ ഓര്‍ക്കുന്നു. പശ്ചിമ ബംഗാളിന്റെ പുതിയ പേരിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചതിന് ശേഷം കിട്ടിയ വലിയ വിജയമാണത്. ദുര്‍ഗ പൂജ പോലെ സിംഗൂര്‍ ഉത്സവ് എല്ലാവരും കൊണ്ടാടണം. സിംഗൂരിലെ ജനങ്ങള്‍ക്കായി ഞാന്‍ കോടതിവിധി സ്വപ്നം കാണുന്നുണ്ടായിരുന്നു. ഇനി എനിക്ക് സമാധാനമായി മരിക്കാം. പശ്ചിമ ബംഗാളാണ് മികച്ച വ്യവസായ കേന്ദ്രം എന്നും ഓര്‍മ്മ വേണം,” മമത പറഞ്ഞു. വിധിയിലൂടെ തിരിച്ചടിയേറ്റ ടാറ്റാ മോടോഴ്സ് വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന്‍ വ്യക്തമാക്കി.

സിംഗൂര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ അന്ന് മമതാ ബാനര്‍ജി നടത്തിയ സമരം സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സംഘര്‍ഷത്തിലേക്കും സിംഗൂരിനെ സമരഭൂമിയാക്കുന്നതിലേക്കും നയിച്ചിരുന്നു. സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ടിഎംസി പ്രവര്‍ത്തകയായ താപസി മാലിക് എന്ന യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് സമരത്തെ ആളിക്കത്തിച്ചു. പ്രതിഷേധവും സംഘര്‍ഷവും മൂലം 2008 ഒക്ടോബര്‍ മൂന്നിന് സിംഗൂര്‍ വിടാന്‍ ടാറ്റ നിര്‍ബന്ധിതരായി. നാനോ കാര്‍ നിര്‍മ്മാണശാല ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റിസ്ഥാപിച്ചു.

 

 

കൃഷിഭൂമിയും വ്യവസായവത്കരണവും സംബന്ധിച്ച വലിയ വിഷയങ്ങളെ കോടതി വിധി വീണ്ടും പൊതുമണ്ഡലത്തില്‍ മലര്‍ക്കെ തുറന്നുവച്ചിരിക്കുകയാണ്. ഇത് പശ്ചിമ ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്‍റെയാകെ സാമ്പത്തിക ഭാവിയെ നിശ്ചയിക്കുന്ന ഒന്നുകൂടിയായിരിക്കും. കോടതി വിധിയില്‍ പറഞ്ഞപോലെ സിംഗൂരിലെ ഭൂമി ഏറ്റെടുക്കലില്‍ നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചിരിക്കില്ല. അതേ സമയം, ടാറ്റ ഗ്രൂപ്പിന്റെ നാനോ കാര്‍ നിര്‍മ്മാണശാലക്കായി ഭൂമി ഏറ്റെടുത്തത് പൊതുതാത്പര്യമാണോ അല്ലയോ എന്ന ചോദ്യത്തിന് വിധി അന്തിമതീര്‍പ്പ് നല്‍കുന്നുമില്ല. രണ്ടു ന്യായാധിപന്‍മാര്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ്.

 

വ്യവസായത്തിനായി കൃഷിഭൂമി ഉപയോഗിക്കുന്ന വലിയ വിഷയങ്ങളിലേക്ക് കോടതി കടന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കോടതിക്ക് പരിശോധിക്കാനുണ്ടായിരുന്ന ഏക കാര്യം സിംഗൂര്‍ ഭൂമി ഏറ്റെടുക്കലിന്റെ നിയമസാധുത മാത്രമായിരുന്നു. പക്ഷേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നയങ്ങള്‍ സൃഷ്ടിക്കുന്നവരും രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും സിംഗൂറിനും ഈ വിധിക്കുമപ്പുറം ഈ വിശാലമായ വിഷയങ്ങളിലേക്ക് ഈ ചര്‍ച്ചയെ കൊണ്ടുപോകേണ്ടതുണ്ട്. ഈ പ്രശ്നത്തില്‍ ചില കാര്യങ്ങള്‍ നിര്‍ണായകമാണ്- ഭൂമി പരിമിതമാണ്; ഇന്ത്യയിലെ കൃഷി കുറഞ്ഞുവരികയാണ്, അത് ആദായകരവുമല്ല; വളര്‍ച്ചയും തൊഴിലവസരങ്ങളും ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങള്‍ക്ക് ഭൂമി വേണം.


എന്നാല്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഉപകാരപ്രദവും അവരുടെ ജീവിതനിലവാരത്തെ ഉയര്‍ത്തുന്നതുമായ സാമ്പത്തിക വളര്‍ച്ച മാത്രമേ അര്‍ത്ഥവത്താകുന്നുള്ളൂ. ഒരു ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു അഭിപ്രായ സമന്വയം ഇത് സംബന്ധിച്ച് ഉണ്ടാക്കാന്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും കഴിയണം. വ്യവസായങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കേണ്ടിവരുന്ന കൃഷിക്കാര്‍ക്ക് ന്യായമായ നഷ്ടപരിഹാരം മാത്രമല്ല, അവരുടെ ഭൂമിയുടെ വ്യാവസായിക ഉപയോഗത്തില്‍ അവരെ ഗുണഭോക്താക്കളാക്കുകയും വേണം. സിംഗൂര്‍ ഭൂമി ഏറ്റെടുക്കലിനെച്ചൊല്ലി നടന്ന ബഹുമുഖ സമരങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമം മാറ്റിയെഴുതാന്‍ കാരണമായിട്ടുണ്ട്. അത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരവും ഏറ്റെടുക്കലുകള്‍ക്ക് മുമ്പ് 80 ശതമാനം ഭൂവുടമകളുടെ സമ്മതവും നിയമപരമായി നിര്‍ബന്ധമാക്കി.

 

പക്ഷേ സിംഗൂര്‍ വിധി ഇത്തരം ഭൂമി ഇടപാടുകളിലെ സര്‍ക്കാര്‍ ഇടപെടലുകളെ കൂടുതല്‍ സങ്കീര്‍ണമാക്കും. ഇന്ത്യയിലെ കൃഷിഭൂമിയുടെ ശകലീകൃതമായ കിടപ്പും ഭൂ ഉടമസ്ഥതയിലെ സങ്കീര്‍ണതകളും സംരംഭകര്‍ക്ക് കൃഷിഭൂമി വാങ്ങല്‍ ദുഷ്കരമാക്കി തീര്‍ക്കുന്നു. പുതിയ വ്യവസായ സംരംഭങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാനാകും എന്ന ചോദ്യവും സിംഗൂര്‍ ഉയര്‍ത്തുന്നുണ്ട്. അതുപോലെ തന്നെ, കാശിന്റെ ബലം കൊണ്ടുമാത്രം കര്‍ഷകരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാനാകില്ലെന്ന് വ്യവസായികളും മനസിലാക്കണം. വ്യവസായം ആവശ്യമാണ്. പക്ഷേ അത് കൃഷിയെ കൊന്നിട്ടാകരുത്. സമഗ്രമായ ആസൂത്രണവും സമഭാവവും ഉല്‍ക്കൊള്ളലും ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ സിംഗൂര്‍ വിധി ചരിത്രപ്രധാനമാണ്. 


ബംഗാളിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രമാണ് സിംഗൂര്‍ സംഭവം മാറ്റിയെഴുതിയത്. തുടര്‍ന്ന് നീണ്ട 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം കടപുഴകി. മമതാ ബാനര്‍ജി അധികാരത്തില്‍ വന്നു. പക്ഷേ ഈ രാഷ്ട്രീയ ചരിത്രം കൃഷിയില്‍ നിന്നും വ്യവസായത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം എങ്ങനെയാകണമെന്ന വലിയ സാമ്പത്തിക സമസ്യയുടെ ഇടയ്ക്കുള്ള ഒരു ചെറുകുറിപ്പ് മാത്രമാണ്. 

This post was last modified on September 3, 2016 10:13 am