X

അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് അടിയില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മൊഹമ്മദ് അഷ്‌റഫ് ഗനിയുടെ കൊട്ടാരത്തിന്റെ അടിയില്‍ നിന്നും രണ്ട് മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തി. പ്രസിഡന്റിന്റെ താമസയിടത്തിലെ കൊട്ടാരങ്ങളിലൊന്നിലെ അടുക്കളയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് അസ്ഥി കൂടം കണ്ടെത്തിയത്. കഴിഞ്ഞ 35 വര്‍ഷങ്ങളായി രാജ്യത്ത് തുടരുന്ന ആഭ്യന്തര യുദ്ധങ്ങളില്‍ ഒന്നില്‍ കൊല്ലപ്പെട്ടവര്‍ ആയിരിക്കും ഇതെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് ഗനി ഒരു കമ്മീഷനെ നിയമിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷന്റെ പ്രതിനിധികളുമാണ് ഈ കമ്മീഷനിലെ അംഗങ്ങള്‍. കണ്ടെടുത്ത അസ്ഥികൂടങ്ങളെ ഇസ്ലാമിക ആചാര പ്രകാരം മറവ് ചെയ്യും. 1980-കളില്‍ സോവിയേറ്റ് അധിനിവേശത്തിന് എതിരായ പോരാട്ടവും 1990-കളില്‍ ആഭ്യന്തരയുദ്ധത്തിലൂടെ താലിബാന്‍ അധികാരം പിടിച്ചതും അടക്കമുള്ള ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെയാണ് മൂന്നരപതിറ്റാണ്ടായി അഫ്ഗാനിസ്ഥാന്‍ കടന്നുപോയത്.

This post was last modified on October 7, 2015 11:37 am