X

സ്മൃതി ഇറാനി ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു?

ടീം അഴിമുഖം

ദേശീയ തലസ്ഥാനത്ത് പ്രതിനിധിസംഘവുമായെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അപമാനിച്ചോ? അലിഗഢ് മുസ്ലിം സര്‍വകലാശാല വൈസ് ചാന്‍സലറോട് ആ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മന്ത്രി ഇറാനി ആവശ്യപ്പെട്ടോ?

രണ്ട് വ്യത്യസ്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്കൊപ്പം മുഖ്യമന്ത്രി ജനുവരി എട്ടിന് ഇറാനിയെ കണ്ടപ്പോഴാണ് സംഭവം.  അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം സെന്ററിന് മന്ത്രാലയത്തിന്റെ സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി എത്തിയത്.

‘ഈ സെന്ററും അലിഗഢ് സര്‍വകലാശാലയുടെ മറ്റ് സെന്ററുകളും നിയമഅനുമതിയില്ലാതെ തുടങ്ങിയവയാണ്.  അവയെല്ലാം അടച്ചുപൂട്ടപ്പെടും’, എന്നായിരുന്നു ഇറാനിയുടെ മറുപടിയെന്ന് ദി മില്ലി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നിങ്ങള്‍ക്ക് എങ്ങനെ ഇത്തരമൊരു സെന്റര്‍ തുടങ്ങാനാകും? ഇത്തരമൊരു നടപടിയെടുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് എന്ത് അധികാരമാണുള്ളത്? ഞങ്ങള്‍ ഇതിനു പണം തരില്ല’ എന്നു തുടര്‍ന്ന ഇറാനി ‘അലിഗഢ് സര്‍വകലാശാലയ്ക്ക് സെന്ററുകളുടെ ആവശ്യമില്ല. ഞാന്‍ അവയെല്ലാം അടച്ചുപൂട്ടും. ഇതിന് ഒരു ഗ്രാന്റും ഞങ്ങള്‍ അനുവദിക്കില്ല’ എന്നുകൂടി പറഞ്ഞു.

സര്‍വ്വസജ്ജമായ ഒരു എഎംയു ക്യാംപസ് ആരംഭിക്കുമെന്ന വ്യവസ്ഥപ്രകാരം പെരിന്തല്‍മണ്ണയില്‍ സംസ്ഥാന സര്‍ക്കാര്‍ 345 ഏക്കര്‍ ഭൂമി മാറ്റിവച്ചിട്ടുള്ള കാര്യം സംസ്ഥാന മുഖ്യമന്ത്രി അറിയിച്ചപ്പോള്‍ ‘ഭൂമി തിരിച്ചെടുത്തോളൂ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അസുഖകരമായ ഈ സംഭാഷണം നടക്കുന്നതിനിടെ അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ റിട്ട. ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ മുറിയിലേക്കു കടന്നു വന്നു. ‘നിങ്ങള്‍ എന്തിനാണു വന്നതെന്ന’ ഇറാനിയുടെ ചോദ്യത്തിന് ഷാ വളരെ മര്യാദയോടെ മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് വന്നതെന്ന് മറുപടി പറഞ്ഞു.

മില്ലി ഗസറ്റ് അനുസരിച്ച് ഇറാനിയുടെ തുടര്‍ന്നുള്ള സംസാരം ഇങ്ങനെയായിരുന്നു: ‘ആരാണ് നിങ്ങള്‍ക്കു ശമ്പളം തരുന്നത്? കേരള മുഖ്യമന്ത്രിയോ എച്ച്ആര്‍ഡി മന്ത്രാലയമോ? തിരിച്ചുപോയി നിങ്ങളുടെ മുറിയില്‍ ഇരിക്കൂ’. അപമാനിതനായി വൈസ് ചാന്‍സലര്‍ ഉടന്‍തന്നെ തിരിച്ചുപോയി. മുഖ്യമന്ത്രിയും പ്രതിനിധിസംഘവും നടന്നത് വിശ്വസിക്കാനാകാതെ സ്തബ്ധരായിരുന്നു.

കേരളത്തിലെത്തിയ സ്മൃതി ഇറാനി ജനുവരി 14ന് വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. ഈ കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഒരു ബിജെപി പ്രതിനിധി സംഘം മലപ്പുറത്തെ എഎംയു സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടാമത്തെ യോഗത്തില്‍ ഡല്‍ഹിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച മന്ത്രി ‘ഞങ്ങള്‍ നിങ്ങള്‍ക്ക് കൂടുതലായി ഒന്നും തരില്ലെ’ന്നുകൂടി പറഞ്ഞു.

എഎംയു സെന്ററുകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ മന്ത്രിക്കും സര്‍ക്കാരിനും പദ്ധതിയില്ലെന്നും അവയെ സ്വാഭാവിക മരണത്തിനു നിര്‍ബന്ധിതരാക്കുമെന്നുമാണ് ഇതിനര്‍ത്ഥം. സെന്ററില്‍ ഒരു എഎംയു സ്‌കൂളിനുള്ള പ്രവര്‍ത്തനാനുമതിയും മന്ത്രി തടഞ്ഞു.

2010ല്‍ ക്യാംപസിനുപുറത്ത് അഞ്ച് സെന്ററുകള്‍ ആരംഭിക്കാന്‍ അലിഗഢ് സര്‍വകലാശാല തീരുമാനിച്ചിരുന്നു. മൂര്‍ഷിദാബാദ്, മലപ്പുറം, കിഷന്‍ഗഞ്ജ്, ഭോപ്പാല്‍, പുണെ എന്നിവിടങ്ങളിലായിരുന്നു ഇത്. ഇവയെല്ലാം 2020 ആകുമ്പോഴേക്ക് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും എന്നാണു പ്രതീക്ഷിച്ചിരുന്നത്. ഇവയില്‍ മൂന്നെണ്ണം ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ഇവയില്‍ സ്‌കൂളുകള്‍ ഇല്ല. എഎംയു സ്‌കൂളുകളില്‍നിന്ന് പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല വകുപ്പുകളിലും കോളജുകളിലും 50 ശതമാനം ക്വോട്ടയുണ്ട്. സ്‌കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ തീരുമാനം പ്രദേശത്തെ ആളുകള്‍ക്ക് സെന്ററുകളോടുള്ള ആഭിമുഖ്യം കുറയ്ക്കും.

സെന്ററുകള്‍ സ്ഥാപിക്കാന്‍ അലിഗഢ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തതുപോലെയാണ് മന്ത്രി പെരുമാറിയത്. 2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മുസ്ലിങ്ങളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായിരുന്നു ഈ സെന്ററുകള്‍. സര്‍വകലാശാലയുടെ അക്കാദമിക്, എക്‌സിക്യൂട്ടിവ് കൗണ്‍സിലുകള്‍ അംഗീകരിച്ച ഈ പദ്ധതിക്ക് 2010 മേയില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. പ്രസിഡന്റ് സര്‍വകലാശാലയിലെ വിസിറ്ററാണ്. സെന്ററുകളുടെ സ്ഥാപനത്തിനുമുന്‍പ് പൊതുമേഖലാ സ്ഥാപനമായ എജൂക്കേഷനല്‍ കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഡിഐഎല്‍) കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി. ഇതിനുശേഷമാണ് യുജിസി ഫണ്ട് നല്‍കിയത്.


അലിഗഢ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ റിട്ട. ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ

2010ലാണ് മലപ്പുറം സെന്റര്‍ തുടങ്ങിയത്. 2015ല്‍ 13,000 വിദ്യാര്‍ത്ഥികളും 13 ഫാക്കല്‍റ്റികളും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും മൂന്നു കോഴ്‌സുകള്‍ മാത്രമാണ് ഇവിടെയുള്ളത്. എംബിഎ, ബിഎഡ്, എല്‍എല്‍ബി. 400 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. മൂര്‍ഷിദാബാദ് സെന്ററിലും ഈ മൂന്നു കോഴ്‌സുകളേയുള്ളൂ. കിഷന്‍ഗഞ്ജിലാകട്ടെ ബിഎഡ് മാത്രമേയുള്ളൂ.

സൗജന്യമായി ഭൂമി അനുവദിച്ചതിനുപുറമെ മലപ്പുറം ക്യാംപസില്‍ അടിസ്ഥാനസൗകര്യങ്ങളും കേരളസര്‍ക്കാര്‍ ഒരുക്കി. കെട്ടിടങ്ങള്‍ പണിയാനുള്ള പണം നല്‍കിയത് യുജിസിയാണ്. ഇപ്പോഴത്തെ നിലയിലുള്ള വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ എണ്ണവും വളരെക്കുറച്ച് കോഴ്‌സുകളും സെന്ററിന്റെ പ്രവര്‍ത്തനം  നിലയ്ക്കാന്‍ ഇടയാക്കും. സെന്റര്‍ നടത്തിപ്പിനാവശ്യമായ ഭീമമായ തുക ഇത്ര കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കായി ചെലവഴിക്കുന്നതിനു ന്യായീകരണമില്ലെന്നു വരുമ്പോള്‍ സ്വാഭാവികമായും സെന്റര്‍ ഇല്ലാതാകും. കേരളത്തിന്റെ അഭിമാനപദ്ധതികളില്‍ ഒന്നായി കണ്ടിരുന്ന സെന്ററിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രിക്കു മുന്‍പ് എംപിമാരും മാനവവിഭവശേഷി മന്ത്രിയെ കണ്ടത്.

2011 ഡിസംബര്‍ 24ന് മലപ്പുറം സെന്റര്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ എച്ച്ആര്‍ഡി മന്ത്രി കപില്‍ സിബല്‍ ഭാവി പരിപാടികള്‍ക്കും വികസനത്തിനും ആവശ്യത്തിനു ഫണ്ടുകള്‍ ഉറപ്പുനല്‍കിയിരുന്നു. അന്ന് ആദ്ധ്യക്ഷ്യപ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ‘പണത്തിന് ആവശ്യം വന്നാല്‍ ഞങ്ങളുടെ വശത്തുനിന്ന് ഫണ്ടുകള്‍ക്കു കുറവുണ്ടാകില്ല ‘ എന്നായിരുന്നു കപില്‍ സിബലിന്റെ മറുപടി.

This post was last modified on March 1, 2016 10:03 pm