X

ആ സിനിമയുടെ പേരെന്താണെന്നാ പറഞ്ഞത്‌?

കർമത്തിൽമാത്രം വിശ്വസിക്കുന്നവർ ഒന്നിനെയും കാത്തുനിൽക്കാറില്ല. പ്രശംസകൾക്കും പഴിപറച്ചിലുകൾക്കുമെല്ലാം അപ്പുറത്താണ്‌ അവർ നിൽക്കുന്നത്‌.

മെട്രോ മാന്‍ ഇ ശ്രീധരനുമായുള്ള കണ്ടുമുട്ടലിന്റെ അനുഭവം പങ്കുവച്ച് സംവിധായകന്‍ സത്യൻ അന്തിക്കാട്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങിൽ സംവദിക്കവെ തന്റെ പുതിയ ചിത്രമായ ഞാൻ‌ പ്രകാശനിൽ ഇ ശ്രീധരന്റെ പേര് പരാമർശിക്കുന്നെന്ന കാര്യം അദ്ദേഹത്തോട് പങ്കുവച്ച അനുഭവമാണ് സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

എന്നാൽ താൻ സിനിമ കണ്ടില്ലെന്നും, തീർച്ചയായും കാണുമെന്ന് വാഗാദാനം ചെയ്തതെന്നും സംവിധായകൻ തന്റെ കുറിപ്പിൽ പറയുന്നു. കർമത്തിൽമാത്രം വിശ്വസിക്കുന്നവർ ഒന്നിനെയും കാത്തുനിൽക്കാറില്ല. പ്രശംസകൾക്കും പഴിപറച്ചിലുകൾക്കുമെല്ലാം അപ്പുറത്താണ്‌ അവർ നിൽക്കുന്നത്‌. കർമയോഗിയുടെ ലക്ഷണവും ഇതായിരിക്കാം.  ശ്രീനിവാസൻ എന്ന പ്രതിഭാധനനായ എഴുത്തുകാരൻ ഏറെ ബഹുമാനത്തോടെ സിനിമയിൽ തന്നെക്കുറിച്ചെഴുതിയത്‌ ശ്രീധരൻ സാർ ശ്രദ്ധിച്ചിട്ടുപോലുമില്ല! കർമത്തിൽമാത്രം വിശ്വസിക്കുന്നവർ ഒന്നിനെയും കാത്തുനിൽക്കാറില്ല. പ്രശംസകൾക്കും പഴിപറച്ചിലുകൾക്കുമെല്ലാം അപ്പുറത്താണ്‌ അവർ നിൽക്കുന്നത്‌. സത്യൻ അന്തിക്കാട് പറയുന്നു.

‌സത്യൻ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂർണരൂപം

 

സീൻ നമ്പർ 18
കൊച്ചി മെട്രോ ട്രെയിൻ
പകൽ

നഗരമധ്യത്തിലൂടെ ഓടിവരുന്ന മെട്രോ ട്രെയിനിന്റെ ദൃശ്യം.

അകത്ത്‌ മറ്റുയാത്രക്കാരോടൊപ്പം പ്രകാശനും സലോമിയും. ഒരു സീറ്റിൽ അവർ തനിച്ചാണ്‌. സലോമി മെട്രോയിൽ മുമ്പ്‌ കയറിയിട്ടില്ല. അതിന്റെ കൗതുകമുണ്ടവർക്ക്‌.

പ്രകാശൻ ഒളികണ്ണിട്ട്‌ സലോമിയെ ഒന്നു രണ്ടുവട്ടം നോക്കി. അവൾ നിഷ്കളങ്കതയോടെ അവനെ നോക്കി ചിരിച്ചു.

പ്രകാശൻ: എത്ര പെട്ടെന്നാണ്‌ ഈ മെട്രോയുടെ പണി തീർന്നത്‌. ആദ്യം നമുക്ക്‌ ഇ. ശ്രീധരൻ സാറിനെക്കണ്ട്‌ നന്ദി പറയണം.

സലോമി: അദ്ദേഹത്തിന്റെ വീട്‌ പൊന്നാനിയിലല്ലേ? ഈ ട്രെയിൻ അങ്ങോട്ടു പോവില്ല.

പ്രകാശൻ: ഇപ്പോഴല്ല, അതുഞാൻ പിന്നീട്‌ പറഞ്ഞോളാം.

ഇത്‌ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയ്ക്കുവേണ്ടി ശ്രീനിവാസൻ എഴുതിയ ഒരു രംഗവും സംഭാഷണങ്ങളും. പ്രകാശന്‌ ഇ. ശ്രീധരൻ സാറിനെ കാണാൻ പിന്നീട്‌ സമയം കിട്ടിയിട്ടേയില്ല. ബംഗാളികളും ഞാറ്റുപാട്ടും ഗോപാൽജിയും ടീനമോളുമൊക്കെയായി അവൻ തിരക്കിലായിരുന്നു. പക്ഷേ, സിനിമ സംവിധാനം ചെയ്ത എനിക്ക്‌ ആ ഭാഗ്യമുണ്ടായി. ഈയിടെ അദ്ദേഹത്തെ നേരിട്ടു കണ്ടു, അടുത്തിരുന്നു, മൃദുലമായ ശബ്ദം കേട്ടു. പ്രകാശനു വേണ്ടി അദ്ദേഹത്തോട്‌ നന്ദിയും പറഞ്ഞു. അതൊരു അപൂർവഭാഗ്യവും അനുഭൂതിയുമായിരുന്നു.

കുറെ കാലമായി ഇന്ത്യയുടെ ‘മെട്രോമാൻ’ എന്റെ മനസ്സിൽ നിറയാൻ തുടങ്ങിയിട്ട്‌. കൊച്ചി മെട്രോയുടെ നിർമാണം തുടങ്ങുന്നതു മുതൽ പ്രധാനമന്ത്രി വന്ന്‌ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങു വരെ ഓർമയിലുണ്ട്. അഴിമതിയുടെ അഴുക്കുചാലുകൾക്കുനേരെ ‘stop’ ബോർഡും പിടിച്ചു നിൽക്കുന്ന മാന്യതയുടെ നിശ്ശബ്ദ സാന്നിധ്യം ഏലാട്ടുവളപ്പിൽ ശ്രീധരൻ, അഥവാ ഇ. ശ്രീധരൻ. കോടികളുടെ ബാങ്ക്‌ ബാലൻസോ ജയ്‌വിളിക്കാൻ അണികളോ ഉണ്ടായാൽ ഈ മനുഷ്യന്‌ ഇന്ത്യൻ ജനത നൽകുന്ന ആദരവ്‌ ലഭിക്കില്ല. അതിന്‌ ചങ്കുറപ്പുണ്ടാവണം, സംശുദ്ധമായ ജീവിതംവേണം.

ചെറിയ ചില ഓർമച്ചിന്തുകൾ:
രണ്ടോ മൂന്നോ വർഷംമുമ്പ്‌ ചെറുതുരുത്തി
കലാമണ്ഡലത്തിൽ ഒരു യാത്രയയപ്പ്‌ നടക്കുന്നു. ഓട്ടൻതുള്ളൽ കലാകാരനായിരുന്ന ഗീതാനന്ദന്റെ അധ്യാപകവൃത്തിയിൽ നിന്നുള്ള വിടവാങ്ങൽച്ചടങ്ങാണ്‌. സാക്ഷ്യം വഹിക്കാൻ ഞാനുമുണ്ട്‌. അനുമോദനങ്ങളും ആശംസകളും കഴിഞ്ഞ്‌ ഗീതാനന്ദന്റെ മറുപടി പ്രസംഗം, അത്‌ കേട്ടിരുന്നവരുടെ മുഴുവൻ കണ്ണുനനയിച്ചു.
സാരാംശം ഇതാണ്‌:
ഗീതാനന്ദന്റെ അച്ഛനും ഓട്ടൻതുള്ളൽ കലാകാരനായിരുന്നത്രെ. പേരുകേട്ട തുള്ളൽക്കാരനായിരുന്നെങ്കിലും വീട്ടിൽ പട്ടിണിയായിരുന്നു. ദാരിദ്ര്യം നേരിടാനാവാതെ തന്റെ കലയെ സ്വയം ശപിച്ച്‌ ഒരിക്കൽ അദ്ദേഹം വീടുവിട്ടുപോയി.
അമ്മ പലരിൽനിന്നും അരിയും ഉപ്പും മുളകുമൊക്കെ കടംവാങ്ങി എങ്ങനെയൊക്കെയോ ദിവസങ്ങൾ തള്ളിനീക്കി. കുറെ നാളുകൾക്കുശേഷം അച്ഛൻ മടങ്ങിവരുമ്പോൾ വീടിനകത്തുനിന്ന്‌ തുള്ളൽപ്പദം കേൾക്കുന്നു. എട്ടുവയസ്സുകാരനായ ഗീതാനന്ദൻ തനിക്കറിയാവുന്ന രീതിയിൽ ഒാട്ടൻതുള്ളൽ ചൊല്ലിയാടുകയാണ്‌. ആ അച്ഛന്റെ മനസ്സുനൊന്തു. തന്നെ പട്ടിണിയുടെ പടുകുഴിയിലെത്തിച്ച ഈ കലയുടെ പിറകെയാണോ മകനും?
നിരുത്സാഹപ്പെടുത്താവുന്ന എല്ലാവഴിയും പ്രയോഗിച്ചു. മകൻ വഴങ്ങുന്നില്ല. അമ്മപറഞ്ഞു: ‘‘അവന്‌ തുള്ളലാണ്‌ താത്‌പര്യം. കലാമണ്ഡലത്തിലയച്ച്‌ പഠിപ്പിക്കണം’’
കലാമണ്ഡലത്തിൽ ചേരാനും ഫീസുകൊടുക്കാനും പണം വേണം. ചുരുങ്ങിയ സംഖ്യയേവേണ്ടൂ. പക്ഷേ, ഒരുരൂപപോലും കൈയിലില്ലാത്തവന്‌ അതൊരു വലിയ ഭാരമാണ്‌.

ഒടുവിൽ മകൻതന്നെ പോംവഴി കണ്ടെത്തി.
‘‘അച്ഛനൊരു എഴുത്തെഴുതിത്തന്നാൽ മതി. ‘എന്റെ മകന്‌ തുള്ളൽ പഠിക്കണം. ഫീസ്‌ കൊടുക്കാൻ പണമില്ല. എന്തെങ്കിലും നൽകി സഹായിച്ചാൽ ഉപകാരം.’ ആ കത്തുകാണിച്ച്‌ നാട്ടുകാരിൽനിന്ന്‌ ഞാൻ ഫീസിനുള്ള പണം സംഘടിപ്പിച്ചോളാം’’

കത്തുവാങ്ങി ആ കുട്ടി കവലയിലേക്കിറങ്ങി. ചിലർ കളിയാക്കി. ചിലർ ചില്ലറത്തുട്ടുകൾ കൊടുത്തു. ചില വീടുകളിൽനിന്ന്‌ ഒന്നോ രണ്ടോ രൂപ കിട്ടി. ഒടുവിൽ ചെന്നുകയറിയ വീട്ടിലെ ഒരാൾ എഴുത്തുവാങ്ങിനോക്കി. എന്നിട്ടു ചോദിച്ചു: ‘‘കലാമണ്ഡലത്തിൽ ചേരാൻ നിനക്ക്‌ എത്രരൂപ വേണം?’’
പറഞ്ഞ പണംമുഴുവൻ ആ കുഞ്ഞിക്കൈകളിൽ വെച്ചു കൊടുത്ത്‌ അയാൾ പറഞ്ഞു: ‘‘പഠിക്കാനായി ഇനി ഒരാളുടെ മുമ്പിലും കൈനീട്ടരുത്‌. ആവശ്യം വരുമ്പോൾ ഇങ്ങോട്ടുവന്നാൽ മതി. ഞാൻ തരാം.’’

അത്‌ ഇ. ശ്രീധരനായിരുന്നു. അന്ന്‌ അദ്ദേഹം യുവാവായിരുന്നു.

കലാമണ്ഡലം ഗീതാനന്ദൻ അകാലത്തിൽ നമ്മെവിട്ടുപോയി. പക്ഷേ, ഗീതാനന്ദന്റെ വാക്കുകൾ അന്നവിടെ കൂടിയവരുടെ മനസ്സിൽ എന്നും മായാതെ കിടക്കും.

നന്മ ഒരാളിൽ പെട്ടെന്ന്‌ മുളച്ചുണ്ടാകുന്ന ഒന്നല്ല; അത്‌ ജനിക്കുമ്പോൾത്തന്നെ കിട്ടണം. അനുബന്ധമായി വേറൊരു ഓർമ കൂടി പങ്കു വെക്കട്ടെ.

കൊടുങ്ങല്ലൂരുള്ള എന്റെ സുഹൃത്തും പ്രസിദ്ധ ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിൽ പൊന്നാനിയെപ്പറ്റി ഒരു ‘സ്ഥലരേഖ’ ചിത്രങ്ങൾ സഹിതം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവതരിപ്പിച്ചിരുന്നു. പുരാതനമായ ചില കെട്ടിടങ്ങളും വലിയൊരു പാരമ്പര്യത്തിന്റെ അവശേഷിപ്പുകളും ഇന്നും ബാക്കിനിൽക്കുന്ന സ്ഥലമാണ്‌ പൊന്നാനി. പഴയ കെട്ടിടങ്ങളുടെയും തെരുവുകളുടെയും ചിത്രങ്ങളെടുത്ത്‌ നടക്കുമ്പോൾ നരച്ച്‌ നിറം മങ്ങിയ ഒരു ബോർഡ്‌ സുനിലിന്റെ കണ്ണിൽപ്പെട്ടു.
മറ്റു പല ബോർഡുകളുടെയും പരസ്യങ്ങളുടെയുമിടയിൽ വള്ളിച്ചെടികളൊക്കെ പടർന്നുകയറിയ പഴയ ലിപിയിലുള്ള ഒരു നെയിംബോർഡ്‌. ‘ഡോക്ടർ അച്യുതമേനോൻ’ എന്നെഴുതി, ഇതുവഴി പോവുക എന്ന അർഥത്തിൽ ഒരു ‘ആരോമാർക്കും’.

അന്വേഷിച്ചപ്പോൾ അറിഞ്ഞു, അത്‌ മുപ്പത്തഞ്ച്‌ കൊല്ലം മുമ്പ്‌ മരിച്ചുപോയ ഒരു ഡോക്ടറുടെ വീട്ടിലേക്കുള്ള വഴിയാണെന്ന്‌. ആ ഡോക്ടർ പാവപ്പെട്ട രോഗികളുടെ വീടുകളിലേക്ക്‌ സൈക്കിളിൽ ചെന്ന്‌ ചികിത്സിക്കുമായിരുന്നത്രെ.

ഒരു രൂപ പോലും പ്രതിഫലം വാങ്ങില്ല. നാട്ടുകാർ ദൈവതുല്യനായി കണ്ടിരുന്ന ആ വ്യക്തിയുടെ വീട്‌ സുനിൽ കണ്ടുപിടിച്ചു. പഴയതെങ്കിലും പ്രൗഢിയും വൃത്തിയുമുള്ള ഒരു തറവാട്‌. കോളിങ്‌ബെൽ അടിച്ചപ്പോൾ ഐശ്വര്യമുള്ള പ്രായം ചെന്ന ഒരു സ്ത്രീ വാതിൽ തുറന്നു. ഡോക്ടർ അച്യുതമേനോനെപ്പറ്റി ചോദിക്കാനാണെന്ന്‌ പറഞ്ഞപ്പോൾ അവർ പറഞ്ഞു.

‘‘ഞാൻ മകളാണ്‌. സാറിനെ വിളിക്കാം. സാർ പറഞ്ഞുതരും.’’

അകത്തുനിന്ന്‌ കടന്നുവന്ന സാറിനെക്കണ്ട്‌ സുനിലൊന്ന്‌ ഞെട്ടി. അത്‌ ഇ. ശ്രീധരനായിരുന്നു. അന്ന്‌ ഡൽഹിയിലെ തിരക്കുപിടിച്ച ഔദ്യോഗിക ജോലികൾക്കിടയിൽനിന്ന്‌ വീട്ടിലെത്തിയതാണ്‌ അദ്ദേഹം.
മനുഷ്യസ്നേഹിയായ ഡോക്ടർ അച്യുതമേനോൻ ശ്രീധരൻ സാറിന്റെ ഭാര്യാപിതാവായിരുന്നു. ഒരു വ്യക്തിയുടെ വേരുകൾ തേടിപ്പോകുമ്പോൾ ചുറ്റും കാണുന്നതുമുഴുവൻ ആത്മാർഥതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയം. ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം.

വീണ്ടും പ്രകാശനിലേക്ക്‌ വരാം…

അന്തിക്കാടിന്റെ അയൽപ്രദേശമായ ഏങ്ങണ്ടിയൂരിലെ എം.ഐ. മിഷൻ ആശുപത്രിയിൽ നടന്ന ഒരു ചടങ്ങിൽവെച്ചാണ്‌ ഞാൻ ശ്രീധരൻ സാറിനെ കണ്ടത്‌. അന്തിക്കാട്ടുള്ളപ്പോൾ ഞാൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മീറ്റിങ്ങുകൾക്കുള്ള ക്ഷണമാണ്‌. പലതും പല കള്ളങ്ങളും പറഞ്ഞ്‌ ഒഴിവാക്കും. പക്ഷേ, ഏങ്ങണ്ടിയൂരിലെ ചടങ്ങ്‌ ഒഴിവാക്കാൻ തോന്നിയില്ല. കാരണം, ക്ഷണിച്ചത്‌ ഞാനേറെ ബഹുമാനിക്കുന്ന ഫാ. ഫ്രാൻസിസ്‌ ആലപ്പാട്ടാണ്‌. ആലപ്പാട്ടച്ചൻ മറ്റൊരു ഇതിഹാസമാണ്‌. മാത്രമല്ല, ചടങ്ങ്‌ ഉദ്‌ഘാടനംചെയ്യുന്നത്‌ ഇ. ശ്രീധരനാണെന്ന്‌ കേട്ടതോടെ മറ്റുതിരക്കുകളൊക്കെ മാറ്റിവെച്ച്‌ ഞാൻ അങ്ങോട്ടുപോവുകയായിരുന്നു.

പ്രകാശൻ പ്രേക്ഷകർക്കുമുന്നിലെത്തിയിട്ട്‌ ആഴ്ചകളേറെ കഴിഞ്ഞതുകൊണ്ട്‌ തന്റെ പേര്‌ അതിൽ പരാമർശിച്ച കാര്യം ആരെങ്കിലുമൊക്കെ പറഞ്ഞ്‌ ശ്രീധരൻ സാർ അറിഞ്ഞിരിക്കുമെന്നായിരുന്നു എന്റെ ധാരണ.

‘‘ഇല്ല. ഞാനറിഞ്ഞില്ല’’
-പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹമെന്റെ കാതിൽ പറഞ്ഞു.

‘‘സാധാരണ തിയേറ്ററിൽപോയി സിനിമകാണാൻ സമയം കിട്ടാറില്ല. എന്തായാലും ഈ സിനിമ ഞാൻ കാണും.’’

സിനിമയിലോ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ ആരുടെയെങ്കിലും പ്രസംഗത്തിലോ തന്റെ പേരൊന്ന്‌ പരാമർശിച്ചുകണ്ടാൽ ആ ഭാഗം മാത്രം അടർത്തിയെടുത്ത്‌ ഫെയ്‌സ്‌ബുക്കിലും വാട്‌സാപ്പിലും പോസ്റ്റ്‌ചെയ്ത്‌ സ്വയം നിർവൃതികൊള്ളുന്നവരുടെ കാലമാണിത്‌. പ്രശസ്തർക്കുപോലും അത്‌ ആത്മരതിയോളം പോന്ന ആനന്ദമാണ്‌. പക്ഷേ, ഇവിടെ ശ്രീനിവാസൻ എന്ന പ്രതിഭാധനനായ എഴുത്തുകാരൻ ഏറെ ബഹുമാനത്തോടെ സിനിമയിൽ തന്നെക്കുറിച്ചെഴുതിയത്‌ ശ്രീധരൻ സാർ ശ്രദ്ധിച്ചിട്ടുപോലുമില്ല! കർമത്തിൽമാത്രം വിശ്വസിക്കുന്നവർ ഒന്നിനെയും കാത്തുനിൽക്കാറില്ല. പ്രശംസകൾക്കും പഴിപറച്ചിലുകൾക്കുമെല്ലാം അപ്പുറത്താണ്‌ അവർ നിൽക്കുന്നത്‌. കർമയോഗിയുടെ ലക്ഷണവും ഇതായിരിക്കാം.

മീറ്റിങ്‌ കഴിഞ്ഞപ്പോൾ അവിടെ തയ്യാറാക്കിവെച്ച കാപ്പി പോലും കുടിക്കാതെ കാറിലേക്കുനടന്ന അദ്ദേഹം പെട്ടെന്നെന്തോ മറന്നതു പോലെ തിരിഞ്ഞു നിന്നു. ഞാൻ അടുത്തേക്ക്‌ ഓടിച്ചെന്നപ്പോൾ മൃദുവായി ചോദിച്ചു:

‘‘ആ സിനിമയുടെ പേരെന്താണെന്നാ പറഞ്ഞത്‌?’’

‘‘ഞാൻ പ്രകാശൻ’’ ഞാൻ പറഞ്ഞു.

പ്രകാശം പരത്തുന്ന ഒരു ചിരിയോടെ നന്മകളുടെ സൂര്യൻ കാറിനടുത്തേക്ക്‌ നീങ്ങി.

മാതൃഭൂമി, 17 ഫെബ്രുവരി 2019