X

കൈയൊതുക്കമുള്ള തിരക്കഥകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’; സത്യന്‍ അന്തിക്കാട്

ഒന്ന് 'ഉയരെ' മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ 'എസ് ക്യൂബ്സ്' എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം

മികച്ച അഭിപ്രായങ്ങളോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ‘ഉയരെ’ എന്ന സിനിമ. ആസിഡ് ആക്രമണത്തെ നേരിട്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തെയും അതിലെ കഥാപാത്രങ്ങളെയും തേടി മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായമറിയിച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിര്‍ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ലെന്നും എന്നിട്ടും പടം തീര്‍ന്നപ്പോള്‍ തീയറ്ററിലുയര്‍ന്ന കൈയടി തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉയരെ സിനിമയെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘ഉയരെ’ കണ്ടു.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു. 
കാരണങ്ങൾ രണ്ടാണ്..

ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്സ്’ എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.

പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

എല്ലാവർക്കും എന്റെ സ്നേഹം.’

Read More : ‘ഫോനി’യുടെ ദിശ വടക്കുകിഴക്കൻ മേഖലകളിലേക്ക് തിരിഞ്ഞേക്കും; നില അസ്ഥിരമെന്നും മുന്നറിയിപ്പ്