X

മേഘങ്ങള്‍ ഉണ്ടെങ്കിലും ദശാബ്ദങ്ങള്‍ക്ക് മുമ്പ് റഡാര്‍ സംവിധാനമുണ്ടെന്ന് അറിയില്ലേ?: മോദിയെ പരിഹസിച്ച് ദിവ്യാ സ്പന്ദന

താങ്കള്‍ കാലഘട്ടങ്ങള്‍ക്ക് മുന്‍പ് നിലകൊള്ളുന്നതിന്റെ പ്രശ്‌നമാണ്, അത് മനസിലാക്കൂ അങ്കിള്‍ജി എന്നാണ് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ പോസ്റ്റ്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായും എന്നാല്‍ മേഘാവൃതമായ കാലാവസ്ഥയില്‍ ആക്രമണം നടത്തുന്നത് ഉചിതമെന്ന അഭിപ്രായം താനാണ് മുന്നോട്ട് വെച്ചതെന്നും നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബാലക്കോട് ആക്രമണം നടന്ന ദിവസം നല്ല മഴയും, മേഘാവൃതമായ കാലാസ്ഥയുമായിരുന്നു. അര്‍ധരാത്രി 12 മണിയോടെയാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. മോശം കാലാസ്ഥയായതിനാല്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ കാലാവസ്ഥ നമുക്ക് ഗുണം ചെയ്യുമെന്ന് ഞാനാണ് അഭിപ്രായപ്പെട്ടതെന്നും, റഡാറുകളില്‍ നിന്ന് കൂടുതല്‍ രക്ഷ തീര്‍ക്കാന്‍ മേഘങ്ങള്‍ അനുകൂലമാകുമെന്നായിരുന്നു ഞാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശമെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മോദിയുടെ കണ്ടുപിടുത്തത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദന. മോദി താങ്കളുടെ അറിവിലേക്കായി എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന റഡാര്‍ സംവിധാനമുണ്ടെന്ന് ദിവ്യ പറയുന്നു. അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ നമ്മുടെ ആകാശങ്ങളെ കീഴടക്കുമായിരുന്നു. താങ്കള്‍ കാലഘട്ടങ്ങള്‍ക്ക് മുന്‍പ് നിലകൊള്ളുന്നതിന്റെ പ്രശ്‌നമാണ്, അത് മനസിലാക്കൂ അങ്കിള്‍ജി എന്നായിരുന്നു ദിവ്യയുടെ പരിഹാസ ട്വീറ്റ്‌.

മറ്റൊരു ട്വീറ്റില്‍ 2014 മുതല്‍ അത്ഭുതരകരവും നൂതനവുമായ ഒരു റഡാര്‍ നമുക്കുണ്ടെന്ന് ദിവ്യ പറയുന്നു. നുണകള്‍, അഴിമതി, കള്ളപ്പണം, മണ്ടത്തരങ്ങള്‍ എന്നിവയൊക്കെ കണ്ടെത്താനാണ് അത് സഹായിക്കുന്നത്. അതല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എങ്ങനെയാണ് കണ്ടുപിടിച്ചതെന്നാണ് കരുതുന്നതെന്നും ദിവ്യ പരിഹസിക്കുന്നു.

read more:ചെങ്ങോട്ടുമല തുരക്കുന്നതില്‍ ഡെല്‍റ്റ ഗ്രൂപ്പിനെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിക്കെന്താണ് അമിത താത്പര്യമെന്ന് ജനം; സിപിഎം ഉള്‍പ്പെടെ സമരപ്പന്തലില്‍
.