X

‘ഒന്നിച്ചു നിന്നാൽ കല്ലട സുരേഷിന്റെ ഗുണ്ടകളും അടങ്ങും’: ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു

വലിയ വര്‍ത്തമാനമൊന്നും പറയാതെ മര്യാദയ്ക്ക് ഇറങ്ങിക്കോ' എന്നായിരുന്നു സനീബിനു ലഭിച്ച മറുപടി

കല്ലട ബസ്സിൽ നിന്നുള്ള പീഡനാനുഭവങ്ങൾ ഇതിനിടെ നിരവധി നമ്മൾ വായിച്ചു കഴിഞ്ഞു. കല്ലട ബസ്സിൽ യാത്രക്കാർക്കു നേരെ നടന്ന മര്‍ദ്ദനം പുറംലോകമറിഞ്ഞതോടെ നിരവധി പേരാണ് യാത്രക്കിടയിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ഒരുമിച്ചു നിന്ന് കല്ലട ബസ്സിലെ ഗുണ്ടകളെ പാഠം പഠിപ്പിച്ച അനുഭവം പങ്കുവെച്ചുകൊണ്ടുള്ള തൃശൂര്‍ സ്വദേശി മുഹമ്മദ് സനീബ് എന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നാലു മാസങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂരില്‍ നിന്നു തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കല്ലട ബസ്സിലെ ഗുണ്ടകളുടെ ആക്രമണമുണ്ടായത്. തൃശൂര്‍ ടൗണിലേക്ക് ബസ്സ് പോകുമോ എന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍ പുലര്‍ച്ചെ തൃശൂരില്‍ ഇറങ്ങേണ്ടവരോട് മണ്ണുത്തിയില്‍ ഇറങ്ങാന്‍ പറയുകയായിരുന്നു ബസ്സിലെ ജീവനക്കാര്‍. ഇവിടെയല്ല ഇറങ്ങേണ്ടതെന്നു പറഞ്ഞപ്പോള്‍ ‘വലിയ വര്‍ത്തമാനമൊന്നും പറയാതെ മര്യാദയ്ക്ക് ഇറങ്ങിക്കോ’ എന്നായിരുന്നു സനീബിനു ലഭിച്ച മറുപടി. പിന്നീട് ഗുണ്ടായിസത്തിന്റെ ഭാഷയിലായിരുന്നു സംസാരം. ‘എന്നെ തൃശൂര്‍ എത്തിക്കാതെ നീയൊന്നും ഇവിടെ നിന്ന് ഒരടി അനങ്ങില്ല. ഒന്നുങ്കില്‍ എന്നെ തൃശൂര്‍ ഇറക്കണം അല്ലെങ്കില്‍ ഇവിടെ നിന്ന് തൃശൂര്‍ വരെയുള്ള ഓട്ടോ ചാര്‍ജ് 300 രൂപ തന്ന് ഒരു ഓട്ടോയില്‍ കയറ്റിവിടണം’ എന്ന് സനീബ് തിരിച്ചു ജീവനക്കാരനോട് പറഞ്ഞു. മറ്റു യാത്രക്കാരും ഒന്നിച്ച് നിന്നതിനാല്‍ അവരുടെ ഗുണ്ടായിസമൊന്നും നടന്നില്ലെന്നും ആ പുലര്‍ച്ച സമയത്തു തന്നെ ബസ്സിലെ ജീവനക്കാരന്‍ ഓട്ടോ പിടിച്ചു തന്നുവെന്നും വീഡിയോയില്‍ പറയുന്നു.

Read More : ജീവനക്കാർക്ക് ക്രിമിനൽ പശ്ചാത്തലം പാടില്ല, 50 കിലോമീറ്റർ കൂടുമ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യം ഒരുക്കണം; ബസ് ഓപ്പറേറ്റർമാര്‍ക്ക് കടിഞ്ഞാണിട്ട് ഗതാഗത വകുപ്പ്