X

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ കാർട്ടൂൺ: ആദ്യം ഖേദ പ്രകടനം, പിന്നാലെ പോസ്റ്റ് പിൻവലിച്ച് ജന്മഭൂമി

ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി രംഗത്ത്. പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫേസ്ബുക്ക് വഴി ഖേദം പ്രകടിപ്പിച്ചത്.എന്നാൽ പോസ്റ്റ് ചെയ്തു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ജന്മഭൂമി വിശദീകരണ പോസ്റ്റ് പിൻവലിച്ചു.

കാര്‍ട്ടൂണിസ്റ്റിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. ജന്മഭൂമിയില്‍ ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്നും അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ് ഗിരീഷ് നല്‍കി വിശദീകരണമെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍ ശനിയാഴ്ചത്തെ പത്രത്തിലാണ് (22-12-2018) വന്നത്. തുടർന്ന് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജന്മഭൂമിയുടെ വിശദീകരണം. വനിതാ മതില്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍. തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്.

അതെ സമയം ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കാർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ലെന്നും. കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നെന്നും ഖേദപ്രകടനത്തില്‍ പറയുന്നു.

ആര്‍.എസ്.എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടതെന്നും ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

കാവാലം ശശികുമാറിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:

ദൃക്സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയില്‍ ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ല.

കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാര്‍ട്ടൂണും അതിലെ എഴുത്തും അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല.

ഈ സാഹചര്യത്തില്‍ ഗിരീഷിനോട് തുടര്‍ന്ന് ആ പംക്തിയില്‍ വരയ്ക്കേണ്ടെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതില്‍ ഖേദം രേഖപ്പെടുത്തുന്നു. ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

‘കണ്ട പെലയന്മാരുടെയും ചോവന്മാരുടെയും കൂടെ മോളെ മതില് പണിക്ക് വിട്ടാല്‍ അതിലൊരുത്തന്റെ കൂടെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടിവരും’; ഇങ്ങനെയാണ് ജാതി ഒളിച്ചു കടത്തുന്നത്

“തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം”: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി കാര്‍ട്ടൂണ്‍