X

‘എത്ര മനുഷ്യര്‍ മരിച്ചാലാണ് ആഭ്യന്തര വകുപ്പ് കണ്ണു തുറക്കുക? കാക്കിയിട്ട ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തുക?’ -കെ.ജെ ജേക്കബിന്റെ കുറിപ്പ്

ഈ കേസുകളിൽ ആകെ നടപടിയുണ്ടായത് കെവിൻ കൊലക്കേസിൽ മാത്രമാണ്:ഒരു ഒരു എ എസ് ഐ യെ പിരിച്ചുവിട്ടു, ഒരാൾക്കെതിരെ അന്വേഷണം നടക്കുന്നു.

പെൺകുട്ടിയെ ശല്യപെടുത്തിയെന്ന് ആരോപിച്ച് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ചന്ദനത്തോട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്ത് വ്യാഴാഴ്ച്ചയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ ജയില്‍ വാര്‍ഡന്‍ വിനീതും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്.

ഈ വിഷയത്തില്‍ കെ.ജെ ജേക്കബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് താഴെ.

പോസ്റ്റ് പൂര്‍ണരൂപത്തില്‍.

യൂണിഫോമിലുള്ളവരുടെ ക്രൂരതയ്ക്ക് അറുതി വരുത്താൻ കേരള സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് മനസിലാകുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശഷം അത്തരം സംഭവങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്. നിലമ്പൂരിൽ പച്ചയ്ക്കു വെടികൊണ്ട് വീണ നക്സലൈറ്റുകൾ മുതൽ കാക്കിക്കാരുടെ ക്രൂരതയ്ക്ക് ബലിയാടാകേണ്ടിവന്നവർ പലരുണ്ട്. വിനായകൻ, ശ്രീജിത്, വാളയാറിലെ പെൺകുട്ടികൾ…. ഇപ്പോൾ കൊല്ലത്തു ജയിലറുടെ കൈകൊണ്ട് ഒരു കൗമാരക്കാരന്റെ മരണം.

ഈ കേസുകളിൽ ആകെ നടപടിയുണ്ടായത് കെവിൻ കൊലക്കേസിൽ മാത്രമാണ്; ഒരു ഒരു എ എസ് ഐ യെ പിരിച്ചുവിട്ടു, ഒരാൾക്കെതിരെ അന്വേഷണം നടക്കുന്നു. അതൊഴികെ ഈ മനുഷ്യരുടെ മരണത്തിനു കാരണക്കാരായ പോലീസുകാർ ഇപ്പോഴും സർവ്വീസിലുണ്ട്; അവർ കേസന്വേഷിക്കുന്നുണ്ട്; നീതി നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവരായി ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങളിൽ ഇരിക്കുന്നു. നിയമത്തിനപ്പുറത്തും യൂണിഫോം സഹായത്തിനെത്തും എന്ന തോന്നൽ അവർക്കുണ്ടാകുന്നു.

എത്ര മനുഷ്യർ മരിച്ചാലാണ് ആഭ്യന്തര വകുപ്പ് കണ്ണുതുറക്കുക? കാക്കിയിട്ട ക്രിമിനലുകളെ നിലയ്ക്ക് നിർത്തുക?

This post was last modified on March 2, 2019 6:45 pm