X

ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം, ഡി.വൈ.എഫ്.ഐയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

പ്രായ പൂർ‌ത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെ അപകടകരമായ തോക്കുപയോഗിക്കുന്ന ചിത്രങ്ങളും പോസ്റ്റിൽ ഉണ്ടായിരുന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതായുള്ള പരാതിയിൽ പോലീസ് കേസെടുത്തു. താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കി വന്നിരുന്ന സംഭവത്തിലാണ് നടപടി. തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായി കുട്ടികൾക്ക് പരിശീലനം നൽകുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നൽകിയ പരാതിയിലാണ് നടപടി.

ബി.ജെ.പി എം.എല്‍.എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയത്തിൽ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയായിരുന്നു ഡി.വൈ.എഫ്.ഐ അധികൃതരെ സമീപിച്ചത്. പരിശീലനത്തിവന്റെ ഫോട്ടോകൾ ഉള്‍പ്പെടെ പ്രകാശ് ഗുപ്തയെന്നയാൾ സമൂഹമാധ്യമങ്ങളില്‍ വിവരങ്ങൾ പങ്കുവച്ചതോടെയാണ് ഇത് സംഭന്ധിച്ച വിവാദം ആരംഭിക്കുന്നത്. ഈ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചത്. യുവജന സംഘടനയ്ക്ക് പുറമെ ഒരു സർക്കാർ ഇതര സംഘടനയും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.

14 വയസില്‍ താഴെയുള്ള കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്. മെയ് 21- ജുണ്‍ 1 വരെയുള്ള ദിവസങ്ങളിലാണ് ക്യാംപ് നടക്കുന്നതെന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രായ പൂർ‌ത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെ അപകടകരമായ തോക്കുപയോഗിക്കുന്ന ചിത്രങ്ങളും പോസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ തോക്കുപയോഗിക്കുന്നതിനുള്ള ലൈസന്‍സും മറ്റ് രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതേസസമയം റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ബി.ജെ.പി എം.എല്‍.എ നരേന്ദ്ര മേത്ത ഇതുവരെ തയ്യാറായിട്ടില്ല.