X

‘ഈ യുവാവാണ് മലയാള സിനിമയിലെ ഇന്നത്തെ ആന്ദ്രേ തർക്കരഹിതോവ്സ്കി’

ഓരോ സന്ദർഭങ്ങളിലൂടെയും സംഭാഷണത്തിലൂടെയും മുന്നോട്ടു പോയപ്പോൾ ഫിലിം മേക്കിംഗിലെ ബ്രില്യൻസ് 'ശ്യാമേട്ടൻസ്' കൂടിയാണെന്ന് വീണ്ടും വീണ്ടും ബോധ്യമായി.

‘ഈ യുവാവാണ് മലയാള സിനിമയിലെ ഇന്നത്തെ ആന്ദ്രേ തർക്കരഹിതോവ്സ്കി’; പറയുന്നത് ശ്യാം പുഷ്കരനെ കുറിച്ചാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ തിരക്കഥാകൃത്ത്. മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രനാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഇംഗ്ലീഷ് സബ് ടൈറ്റില്‍സ് ചെയ്തിരിക്കുന്നത്. അതിനിടയില്‍ ഉണ്ടായ രസകരമായ സംഭാഷണങ്ങളെ ഓര്‍ത്തെടുക്കുകയാണ് രാജീവ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍. ഒപ്പം, പടത്തിലെ ‘ശ്യാമേട്ടന്‍’ ബ്രില്യന്‍സിനെക്കുറിച്ചും.

രാജീവ് രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് ഇനി എഴുതാനൊന്നും ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. അതു കൊണ്ട് അതിൻ്റെ പരിസരത്തെ കുറിച്ച് ചിലത് പറയട്ടെ.

ഇംഗ്ലീഷ് സബ്ടൈറ്റിൽ എഴുതാൻ പടത്തിൻ്റെ ഹാർഡ് ഡ്രൈവുമായി വന്നപ്പോഴാണ് ശ്യാമിനെ (ശ്യാം പുഷ്ക്കരന്‍) ജീവനോടെ ആദ്യമായി കാണുന്നത്; ഉണ്ണിമായയേയും.

‘അലമ്പ് പടമാണ് ചേട്ടാ’ എന്നായിരുന്നു മുഖവുര തന്നെ :).

കൃത്യം എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റില്ലാതെ കഥാസന്ദർഭങ്ങൾ ഡെവലപ് ചെയ്തെടുത്തതിനെ പറ്റിയെല്ലാമാണ് ശ്യാം സംസാരിച്ചത്. ഉണ്ണിമായ പക്ഷെ നല്ല കോൺഫിഡൻസിലായിരുന്നു. ‘ശ്യാം വെറുതെ പറയുന്നതാ, ഇത് നല്ല പടമാണെ’ന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു.

പിന്നീട് പടം എനിക്ക് നല്ല ഇഷ്ടമായെന്ന് പറഞ്ഞപ്പോൾ ‘ഐവ’ എന്ന സന്തോഷാശ്ചര്യമായിരുന്നു ശ്യാമിൻ്റെ പ്രതികരണം. അവകാശവാദങ്ങളിലല്ല, അനുഭവത്തിലാണ് കാര്യം എന്ന ഈ വിശ്വാസം തന്നെയാണ് ശ്യാം പുഷ്കരനെ സ്റ്റാൻഡ് ഔട്ട് ആക്കുന്നതെന്ന് തോന്നുന്നു.

മഹേഷിൻ്റെ പ്രതികാരം പൊൻമുട്ടയിടുന്ന താറാവിൻ്റെ ‘വികലാനുകരണ’മാണെന്ന്
സ്വയം വിലയിരുത്താൻ പറ്റുന്നതും അതുകൊണ്ടുതന്നെയാവണം.

കഥാപാത്രങ്ങളെ പരിചിതമായസന്ദർഭങ്ങളിൽ ജീവിതത്തോളം സ്വാഭാവികമായി കൊണ്ടുനിറുത്താനും മനുഷ്യരെ പോലെ സംസാരിപ്പിക്കാനും കഴിയുന്നു എന്നതാണ് ശ്യാം എന്ന എഴുത്തുകാരൻ്റെ വലിയ വിജയം.

‘ഇത് നടപടിയാവുന്ന കേസല്ല ബേബി മോളേ’ എന്ന് ഏത് സിമിയും ‘യേശു നമുക്കറിയാത്ത ആളല്ലല്ലോ’ എന്ന് ഏത് ബേബി മോളും പറയും, എന്നാൽ അവരങ്ങനെ പറയുമെന്ന് കൃത്യമായി ശ്യാമിനറിയാമെന്നതാണ് കാര്യം. ‘കൂട്ടുകാരൻ പ്രശാന്ത്’ ബോബിയെ “ഗോപീ” എന്ന് വിളിക്കുന്നത് നോട്ടപ്പിശകാണോ എന്ന് ഞാൻ സംശയിച്ചപ്പോൾ, ‘കൂട്ടുകാരന് കൊള്ളാവുന്ന പേരുണ്ടെങ്കിൽ നമ്മളത് തെറ്റിച്ചേ വിളിക്കൂ’ എന്ന് ശ്യാം എന്നെ അപ്ഡേറ്റ് ചെയ്തു.

ഓരോ സന്ദർഭങ്ങളിലൂടെയും സംഭാഷണത്തിലൂടെയും മുന്നോട്ടു പോയപ്പോൾ ഫിലിം മേക്കിംഗിലെ ബ്രില്യൻസ് ‘ശ്യാമേട്ടൻസ്’ കൂടിയാണെന്ന് വീണ്ടും വീണ്ടും ബോധ്യമായി.

ഫഹദ് ഫാസിലിന് ഷമ്മിയെന്നും ചിറ്റപ്പന് സുഗോഷെന്നും സജിയുടെ വയസ്സായ കൂട്ടുകാരന് ജപ്പാൻ കുഞ്ഞെന്നും പേര് കൊടുക്കാൻ ചില്ലറ ബ്രില്യൻസ് ഒന്നും പോര.

ചില കഥകളെ കുറിച്ചു പറഞ്ഞപ്പോൾ എഴുത്തിൻ്റെ / മേക്കിംഗിൻ്റെ ക്രാഫ്റ്റ് കൈവിട്ടാൽ ഇൻ്റൻഷനും റിസൾറ്റും വേറെയാകുമെന്ന അഭിപ്രായം കൂടി കേട്ടപ്പോൾ ഒരു കാര്യം ഞാൻ ഉറപ്പിച്ചു.

ഈ യുവാവാണ് മലയാള സിനിമയിലെ ഇന്നത്തെ ആന്ദ്രേ തർക്കരഹിതോവ്സ്കി :P.

എനിക്കെന്തായാലും ഇല്ല, തർക്കം!

Also Read: കുമ്പളങ്ങി നൈറ്റ്‌സിലെ ഫിഷിംഗ് കൊറിയോഗ്രാഫര്‍ അഥവാ കുമ്പളങ്ങിക്കാരന്‍ സജി നെപ്പോളിയന്‍ സിനിമയ്ക്ക് പിന്നിലെ ജീവിതം പറയുന്നു

 

This post was last modified on February 9, 2019 3:56 pm