X

പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ; കൊലവിളിയുമായി ആര്‍.എസ്.എസ് പ്രവർത്തകന്റെ ഫേസ്ബുക് പോസ്റ്റ്

എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ’ എന്നൊരു പോസ്റ്റും വേണുഗോപാല്‍ ഇട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്നാണ് വേണുഗോപാല്‍ ഷേണായി എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തത്.

‘പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ പ്രതിഫലം ഞാന്‍ തരും എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്’ എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.എന്നാല്‍ കൊലവിളി വിവാദമായതോടെ ഇയാള്‍ പിന്‍വലിച്ചു. പിന്നാലെ ‘എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ’ എന്നൊരു പോസ്റ്റും വേണുഗോപാല്‍ ഇട്ടിട്ടുണ്ട്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് ശേഷം നടന്ന പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി വരെ അധിക്ഷേപിച്ചു ബി ജെ പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയൻ ആണെന്നാണ് സംഘപരിവാർ പക്ഷം.

എന്നാൽ തന്നെ ജാതീയമായി അധിക്ഷേപിക്കുന്നവർക്ക്  മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. “എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാന്‍ ഏത് ജാതിയില്‍ ആയിരുന്നുവെന്നു അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു. ജാതീയമായി  ഉയരുന്ന ആക്ഷേപങ്ങളോട്  എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സൈബർ ഇടങ്ങളിൽ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്ന ചിത്രങ്ങളും, കുറിപ്പുകളും എഴുതുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് പോലീസ് മുന്നറിയിപ്പ് ഉണ്ടെങ്കിലും ശബരിമലയിലെ യുവതി പ്രവേശനത്തിന് ശേഷം എല്ലാ പരിധികളും വിട്ട വ്യക്തി അധിക്ഷേപവും, തെറി വിളികളും ആണ് മലയാളി സമൂഹ മാധ്യമ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്.