X

‘സതി’ അത്ര മോശം ഏർപ്പാടല്ലെന്ന് ടിജി മോഹൻ ദാസ്; സംഭവം മോദി ഉപേക്ഷിച്ച ഭാര്യയെ ‘സീത’യാക്കാൻ ശ്രമിക്കുന്നതിനിടെ

സ്ത്രീകളുടെ വികാരങ്ങൾക്ക് വിലയില്ലാതിരുന്ന കാലത്തെ ഒരു സ്ത്രീയുടെ ജീവിതദുഃഖം മോദിയുടെ ജീവിതത്തിലൂടെ വിവരിക്കുകയാണ് മോഹൻദാസ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ച ഭാര്യ യശോദ ബെന്നിനെ ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയോട് താരതമ്യം ചെയ്യാനുള്ള തത്രപ്പാടിനിടെ സതി ആചാരം തെറ്റല്ലെന്ന് പ്രസ്താവിച്ച് ബിജെപിയുടെ ബൗദ്ധിക വിഭാഗം തലവൻ ടിജി മോഹൻദാസ്. ‘സതി അത്ര മോശം ഏർപ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോൾ’ എന്നായിരുന്നു മോഹൻദാസിന്റെ പ്രസ്താവന.

യശോദ ബെന്നിന് പതിനൊന്നും നരേന്ദ്രമോദിക്ക് പതിമൂന്നും വയസ്സുള്ളപ്പോൾ നടന്ന വിവാഹത്തെക്കുറിച്ചാണ് മോഹൻദാസ് നിരവധി ട്വീറ്റുകൾ ചെയ്തിരിക്കുന്നത്. അന്നും മോദിയുടെ മുഖത്ത് നിർവ്വികാരതയുണ്ടായിരുന്നത് പറഞ്ഞുകൊണ്ടാണ് മോഹൻദാസ് ട്വീറ്റുകൾ തുടങ്ങുന്നത്.

വിവാഹശേഷം എവിടേക്കെന്ന് പറയാതെ ഇറങ്ങുപ്പോകുമായിരുന്നു മോദിയെന്ന് യശോദാ ബെൻ ആത്മകഥനം ചെയ്യുന്നു. സ്ത്രീകളുടെ വികാരങ്ങൾക്ക് വിലയില്ലാതിരുന്ന കാലത്തെ ഒരു സ്ത്രീയുടെ ജീവിതദുഃഖം മോദിയുടെ ജീവിതത്തിലൂടെ വിവരിക്കുകയാണ് മോഹൻദാസ്.

മോദിയുടെ അമ്മയോട് യശോദ പരാതി പറയുന്നതും ടിജി മോഹൻദാസ് വികാരനിർഭരമായ ഭാഷയിൽ വിവരിക്കുന്നുണ്ട്. അപ്പോൾ അമ്മ തന്റെ മകനെ നന്നാക്കാൻ പെടുന്ന പാട് വിവരിക്കുകയാണ് ചെയ്യുന്നത്. രണ്ട് സ്ത്രീകൾ ഒരു പുരുഷൻ മൂലം പെട്ട പാട് വനിതാദിനത്തിനു തൊട്ടു മുമ്പായി വിവരിച്ച് സ്ത്രീകളോട് ഐക്യദാർഢ്യപ്പെടുകയായിരുന്നു ബിജെപിയുടെ കേരളത്തിലെ പ്രമുഖ ബുദ്ധിജീവിയായ മോഹൻദാസ്.

ഈ വിവരണങ്ങൾക്കൊടുവിൽ ‘പിയു നായർ’ എന്ന ഹാൻഡിലിൽ നിന്നെത്തിയ ഒരു കമന്റിന് മറുപടിയായാണ് ‘സതി അത്ര മോശം ഏർപ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോൾ’ എന്ന കമന്റിട്ടത്. സോഷ്യൽ മീഡിയയിൽ ഈ പ്രസ്താവന ചർച്ചയായിട്ടുണ്ട്.