X

യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റിന്റെ മോദി അനുമോദന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

താന്‍ യൂണിവേഴ്‌സിറ്റി കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റായ വിവരം അറിയിക്കുന്ന അമലിന്റെ പോസ്റ്റിന് താഴെയും രൂക്ഷമായ പരിഹാസം ഉയരുന്നുണ്ട്

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യു പുതിയ യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മെയ് 30ന് അമല്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് ഇട്ട പോസ്റ്റുള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘രണ്ടാമതായും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വൈബ്രന്റ് നേതാവ് നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും. അദ്ദേഹത്തിന് നന്നായി പ്രവര്‍ത്തിക്കാനാകട്ടെ. ജയ് ഹിന്ദ്’ എന്നായിരുന്നു അമലിന്റെ പോസ്റ്റ്. ഇതിനെക്കുറിച്ച് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയ്ക്ക് ആശംസയര്‍പ്പിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് അമല്‍ മറുപടിയായി നല്‍കിയിരുന്നു. നിങ്ങളുടെ ലോജിക് വച്ച് സഖാവും സംഘിയായി വരുമെന്ന് ഇതിന് അമല്‍ വിശദീകരണവും നല്‍കുന്നു.

മറ്റൊരു പോസ്റ്റില്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വി മുരളീധരനെയാണ് അമല്‍ അനുമോദിക്കുന്നത്. ‘മോദി സര്‍ക്കാരിലെ ഒരേയൊരു കേരള മുഖമായ വി മുരളീധരന്‍ജിയ്ക്ക് അഭിനന്ദനവും ആശംസകളും. രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനും വളര്‍ച്ചയ്ക്കും സംഭാവന നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാരില്‍ താങ്കളൊരു മുതല്‍ക്കൂട്ടാകും’ എന്നായിരുന്നു ഈ പോസ്റ്റ്. ഇതിനെതിരെ കെ എസ് യുക്കാര്‍ തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ പോസ്റ്റ് പിന്‍വലിക്കണമെന്നാണ് പലരുടെയും ആവശ്യം.

‘മോദി സര്‍ക്കാരില്‍ വകുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട എല്ലാ പുതിയ മന്ത്രിമാര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മുന്നോട്ട് പോകുക’ എന്നായിരുന്ന മെയ് 31ന് അമലിട്ട മറ്റൊരു പോസ്റ്റ്.

താന്‍ യൂണിവേഴ്‌സിറ്റി കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റായ വിവരം അറിയിക്കുന്ന അമലിന്റെ പോസ്റ്റിന് താഴെയും രൂക്ഷമായ പരിഹാസം ഉയരുന്നുണ്ട്. ‘നേരിട്ട് ബി ജെ പില്‍ ആളെ എടുക്കില്ലാന്ന് കേട്ട് കോണ്‍ഗ്രസ്സ് വിദ്ധ്യാര്‍ത്ഥി സങ്കടന വഴി ബി ജെ പിയിലേക്ക് ചേക്കാറാന്‍ ഉള്ള അമലിന്റെ സൈക്കോളജിക്കല്‍ മൂവിനെ ആരും കുറ്റം പറയല്ലേ പ്ലീസ്’ എന്നാണ് ഒരു കമന്റ്. ‘ചുമ്മാതാണോ എബിവിപി ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് ഇടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞത്’ എന്നാണ് മറ്റൊരാളുടെ കമന്റ്. എബിവിപിയ്ക്കും കെ എസ് യുവിനും ഒരു പ്രസിഡന്റ് മതിയെന്ന വിമര്‍ശനവും ബിജെപിയിലേക്ക് നേരിട്ട് ആളെയെടുക്കാത്തതിനാല്‍ കെ എസ് യു വഴി എത്താനുള്ള വഴി നോക്കുന്നുവെന്ന കമന്റുമെല്ലാം അമലിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിറയുന്നുണ്ട്.

read more:അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം, നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ്

This post was last modified on July 23, 2019 3:11 pm