X

തെക്കടത്ത് ശ്രീ ഭഗവതീക്ഷേത്രം ഇദംപ്രഥമമായി നൽകുന്ന അവാർഡ് ജനം ടിവിക്ക്; ‘കാശ് കൊടുത്ത് വാങ്ങിയതാകുമെന്ന്’ ബിബിസി റിപ്പോർട്ടർ പറയുന്നതായി ട്രോള്‍

കൊല്ലം തെക്കടത്ത് ശ്രീ ഭഗവതീ ക്ഷേത്ര കമ്മറ്റി ഇദംപ്രഥമമായി നൽകുന്ന അവാർ‌ഡ് ജനം ടിവിക്കാണ് ലഭിച്ചത്. തെക്കടത്തമ്മയുടെ അനുഗ്രഹം ജനം ടിവിയിൽ അളവില്ലാതെ ചൊരിയപ്പെട്ടതിൽ സോഷ്യൽ മീഡിയയ്ക്കുള്ള കുണ്ഠിതം ചില്ലറയല്ല. അതീവ പ്രാധാന്യത്താടെയാണ് ജനം ടിവി തങ്ങൾക്കും റിപ്പോർട്ടർക്കും ലഭിച്ച അസുലഭമായ ബഹുമതിയെക്കുറിച്ച് വാർത്ത ചെയ്തത്. ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ ജനം ടിവിയെയും അതിന്റെ റിപ്പോർട്ടറെയും അവരുടെ സാമൂഹ്യസേവനപരതയെയും വാനോളം വാഴ്ത്തുമ്പോൾ ട്രോളടിച്ച് സമാധാനിക്കുകയാണ് സോഷ്യൽ മീഡിയ.

വാർത്ത ഇങ്ങനെ

കൊല്ലം തെക്കടം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മാതാ അമൃതാന്ദമയീ മഠം സംന്യാസി സ്വാമി വേദാമൃത ചൈതന്യയിൽ നിന്ന് ജനം ടിവി പത്തനംതിട്ട ബ്യൂറോ ചീഫ് സി ജി ഉമേഷ് പുരസ്ക്കാരം ഏറ്റുവാങ്ങി. പാർശ്വവൽകൃത സമൂഹത്തിന്റെ ശബ്ദമായി ജനം ടിവി മാറിയെന്ന് സ്വാമി പറഞ്ഞു. ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ വേണ്ടി ശ്രമം നടന്നപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ത്തു ഊണും ഉറക്കവും ഉപേക്ഷിച്ച് ശബരിമലയില്‍ തങ്ങി റിപ്പോര്‍ട്ടിംഗ് നടത്തി സിജി ഉമേഷ്‌.

ഈ വാര്‍ത്തയാണ് ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. അസൂയാലുക്കളിൽ നോബൽ സമ്മാനം മുതൽ ജ്ഞാനപീഠം വരെയുണ്ട്. ബിബിസി ചാനൽ മേധാവി തന്റെ റിപ്പോർട്ടറോട് തട്ടിക്കയറുന്നതായി ട്രോളുകളിലൊന്നിൽ ചിത്രീകരിക്കുന്നു: ‘ആ ജനം ടിവിയെ കണ്ടു പഠിക്കെടാ പോത്തേ!’ നിസ്സഹായനായ റിപ്പോർട്ടർ ‘അവർ കാശ് കൊടുത്ത് വാങ്ങിയതാകും അങ്ങുന്നേ’ എന്ന് മറുപടി പറഞ്ഞ് സമാധാനിക്കാൻ ശ്രമിക്കുകയാണ്.

This post was last modified on January 23, 2019 11:24 am