X

ജീവിതം തുടങ്ങിയതേ ഉള്ളൂ, അതുകൊണ്ട് തന്നെ കളക്ടർ വാസുകി തുടങ്ങിയ ഡ്രസ്സ് ചലഞ്ച് അംഗീകരിക്കാനാവില്ല

പുനരുപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഈ ഒരു മാതൃക. വേറൊരാൾ ഉപയോഗിച്ച ഒരു സാരി, ഉടുത്ത സാരി ഉടുത്താൽ എനിക്ക് യാതൊരു അപമാനമോ സങ്കോചമോ ഇല്ല. എനിക്ക് പരിസ്ഥിതിയാണ് പ്രധാനം

വിഭവങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റാരോ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത്‌ ജോലിക്കെത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകി ഐഎഎസ്. തദ്ദേശ സ്വയമഭരണ വകുപ്പിന്റെ മാലിന്യ സംസ്കരണ പദ്ധതിക്കു കീഴിലെ പുനരുപയോഗ പദ്ധതിയായ റിസോഴ്സ്‌ റിക്കവറി ഫെസിലിറ്റി (ആർആർഎഫ്)ന്റെ വർക്കല മുൻസിപ്പാലിറ്റി ബസ് സ്റ്റാൻഡ് യൂണിറ്റിൽ നിന്നും രണ്ടു മാസം മുമ്പ് മേടിച്ച സാരികളാണ് ഇപ്പോൾ വാസുകി ഐഎഎസ് ഉപയോഗിക്കുന്നത്.

സാരി മേടിച്ചപ്പോൾ ആർആർഎഫിലെ ജോലിക്കാർക്ക് നൽകിയ വാഗ്ദാനം അനുസരിച്ചു കളക്ടർ സാരി ഉടുത്ത്‌ അവരെ കാണാൻ എത്തുകയും ചെയ്തു. കളക്ടർ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.”പുനരുപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഈ ഒരു മാതൃക. വേറൊരാൾ ഉപയോഗിച്ച ഒരു സാരി, ഉടുത്ത സാരി ഉടുത്താൽ എനിക്ക് യാതൊരു അപമാനമോ സങ്കോചമോ ഇല്ല. എനിക്ക് പരിസ്ഥിതിയാണ് പ്രധാനം”- വാസുകി ഐ എ എസ് പറഞ്ഞു.

ഓൾഡ് ഈസ് ഫാഷനബിൾ എന്ന മുദ്രാവാക്യവും മുന്നോട്ടു വെച്ച് കൊണ്ട് വാസുകി ഷെയർ ചെയ്ത വീഡിയോ പിന്നീട് ഒരു ചലഞ്ച് ആയി മാറുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു.  എന്നാൽ വ്യത്യസ്തമായ ഒരഭിപ്രായം ഈ വിഷയത്തിൽ പങ്കു വെക്കുകയാണ് മാധ്യമ പ്രവർത്തക ആരതി.

കളക്ടർ വാസുകിയുടെ ചലഞ്ചിനെ കുറിച്ച് ആരതി ഫേസ്ബുക്കിൽ കുറിച്ചതിപ്രകാരം:

അമ്മൂമ്മക്ക് വീട്ടു ജോലിയായിരുന്നു. കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും ജോലിക്ക് പോയാണ് നല്ല ആരോഗ്യമുള്ള സമയത്ത് പുള്ളിക്കാരി വീട് നോക്കിയിരുന്നത്. എന്റെ ഓർമയിൽ‌ ഒരു നോർത്ത് ഇന്ത്യക്കാരിയുടെ വീട്ടിലായിരുന്നു അമ്മൂമ്മ അധികനാൾ ജോലി ചെയ്തിരുന്നത്. അവിടെ ബാക്കി വരുന്ന പലഹാരങ്ങളാണ് മിക്കവാറുമൊക്കെ ചെറുപ്പത്തിൽ ഞാൻ രുചിച്ച പലഹാരങ്ങൾ.

വർഷത്തിൽ ഒന്നൊ രണ്ടൊ തവണ വീട് വൃത്തിയാക്കുന്ന കൂട്ടത്തിലായിരിക്കണം അവിടുത്തെ പെൺകുട്ടികൾ ഇട്ട് പഴകിയ, നരച്ച, കീറിയ തുണികൾ അമ്മൂമ്മക്ക് കൊടുത്ത് വിടും. ഒട്ടും പറ്റാത്ത തുണികളൊക്കെ വീട്ടിലിടാൻ എടുക്കും. അല്ലാത്തത് പുറത്ത് ഇടാനും.

സ്കൂളിലായിരുന്നപ്പോൾ യൂണിഫോം ആയത് കൊണ്ട് വല്യ പ്രശ്നമില്ലായിരുന്നു. പക്ഷേ കോളേജിൽ പണി പാളി. ദിവസവും മാറ്റാൻ തുണി ഇല്ലാത്തത് കൊണ്ട് കീറിയതൊക്കെ ഇട്ടിട്ട് പോകേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ കാണാൻ അധികം തരക്കേടില്ലാത്ത, ഫാബ് ഇന്റ്യ, ഒറേലിയ പോലുള്ള ബ്രാന്റിന്റെ തുണികളും കിട്ടുമായിരുന്നു. അതൊക്കെ കണ്ട് കൂട്ടുകാർ ചോദിക്കുമ്പോൾ ജാട ഇട്ടിട്ടുമുണ്ട്.

അതും കഴിഞ്ഞ് ജോലിയിൽ കയറി നാലാളുകളെ കാണാൻ തുടങ്ങിയപ്പോഴാണു ഡ്രെസ്സിങ്ങ് അത്യാവശ്യ ഘടകമാണെന്ന് ബോധ്യമായത്. പലപ്പോഴും എന്റെ സുഹൃത്തുക്കൾ നരച്ച, പാകമല്ലാത്ത, ളോഹ പോലുള്ള എന്റെ ഡ്രെസ്സിങ് മാറ്റണമെന്ന് പറഞ്ഞിട്ടുണ്ട്. അന്നേരം ഇതെന്റെതല്ല, അമ്മൂമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികളുടേതാണെന്ന് പറയാൻ നാണക്കേട് തോന്നിയിട്ടുണ്ട്. പുത്തൻ തുണിയൊക്കെ എന്റെ സ്വപ്നമാണെന്നു ഞാൻ അവരെ അറിയിച്ചിട്ടില്ല. ഒരിക്കലും പുതിയ തുണിക്കായി ആരോടും വാശി പിടിച്ചിട്ടില്ല. ഇപ്പോഴും പുതിയത് വാങ്ങുക എന്നത് ആഡംബരമായാണു തോന്നുക.

കഴിഞ്ഞ രണ്ട് മാസമാണ് പുതിയ തുണി എനിക്കായി വാങ്ങിയത്. അതുകൊണ്ട് കളക്ടർ വാസുകി തുടങ്ങിയ ചലഞ്ച് അംഗീകരിക്കാൻ ആകുന്നില്ല. ജീവിതം തുടങ്ങിയതെ ഉള്ളൂ. അതുകൊണ്ടാണെ.

This post was last modified on January 5, 2019 3:23 pm