X

ഒളിച്ചോട്ടങ്ങള്‍ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്‌; ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യമാക്കി ഹിരൺമയി

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം തുറന്നു പറഞ്ഞ് ഗായിക അഭയ ഹിരൺമയി.2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ഗായികയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;

‘2008 മുതൽ 2019 വരെ  ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) കഴിഞ്ഞ എട്ടുവർഷമായി ബന്ധമുണ്ട്. ഞാൻ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്. നോക്കുമ്പോൾ അദ്ദേഹം ഒരു വലിയ മനുഷ്യനും അയാളെ അപേക്ഷിച്ച് ഞാനൊരു കൊച്ചുകുട്ടിയുമാണ്. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരാണ് ഞങ്ങൾ. പക്ഷേ, പ്രണയത്തിലായ നാളു മുതൽ ഇന്നു വരെ സന്തോഷത്തോടെയാണ് ജീവിതം. വലിയ അസ്വാരസ്യങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. മഞ്ഞപ്പത്രങ്ങൾ അദ്ദേഹത്തിന്റെ കാമുകിയായും, കുലസ്ത്രീകൾ കുടുംബം തകർത്തവളായും ചിത്രീകരിച്ചിട്ടുണ്ട്. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു. ഇനിയും വയ്യ. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യൽ പേജിലൂടെ ഇക്കാര്യങ്ങൾ എല്ലാവരെയും അറിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിനു നേരെ ‘പൊങ്കാല’ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു.’

നേരത്തെ അഭയക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ ഭാര്യ പ്രിയയും അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘9Years Of Togetherness’ എന്ന കുറിപ്പോടെയായിരുന്നു ഗോപി സുന്ദർ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയുടെ മറുപടി. ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ എന്നും, ഇക്കാര്യം കോടതിയിൽ അറിയിച്ചിട്ടില്ലെന്നുമായിരുന്നു പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചത്.