ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മയും ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാന്‍ പോയതും അവര്‍ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം ഇരുവരും ചേര്‍ന്ന് നില്ക്കുന്ന ചിത്രം ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ചിത്രത്തോടൊപ്പം അധികൃതര്‍ നല്കിയ കുറിപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. മൂന്ന് ഇതിഹാസങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫെഡറര്‍ക്കൊപ്പം കോഹ്ലിയും അനുഷ്കയും നില്ക്കുന്ന ചിത്രം അധികൃതര്‍ പങ്കുവെച്ചത്. ഫെഡറര്‍ക്കും കോഹ്ലിക്കുമൊപ്പം അനുഷ്കയേയും ഇതിഹാസം എന്ന് വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മൂന്ന് ഇതിഹാസങ്ങളും ഒരു ഫോട്ടോയും എന്ന ഓസ്ട്രേലിയന്‍ അധികൃതരുടെ ക്യാപ്ഷന്‍ ആരാധകര്‍ തിരുത്തി. അനുഷ്കയെ വെട്ടിമാറ്റി രണ്ട് ഇതിഹാസങ്ങളും ഒരു ഫോട്ടോയും എന്നാക്കി അവര്‍ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു. അനുഷ്കയെ ഒഴിവാക്കി ചിലര്‍ ഇപ്പോള്‍ ഇതിഹാസങ്ങള്‍ എന്ന പേര് ശരിയായി എന്ന കുറിപ്പോടെയും പോസ്റ്റ് ചെയ്തു. ഈ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.