X

റാഫേല്‍ കരാര്‍ ഇഷടപ്പെട്ടു. എടുക്കുന്നു. കള്ളന്‍ (ഒപ്പ്)

തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഉപയോഗിച്ച അതേ ട്രോളിലൂടെ തന്നെ തിരിച്ചടിക്കുകയായിരുന്നു ദീപ നിശാന്ത്

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ കരാര്‍ രേഖകള്‍ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് നിരവധി ട്രോളുകളിലൂടെയായിരുന്നു. രാജ്യത്തെ പ്രധാന മന്ത്രാലയങ്ങളിലൊന്നിലെ രേഖ പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണോ രാജ്യത്തിന്റെ സുരക്ഷ നോക്കുന്നത് എന്ന് പരിഹാസങ്ങളുയര്‍ന്നു. മോഷ്ടിക്കപ്പെട്ടെങ്കിലും കരാറില്‍ തട്ടിപ്പുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായെന്ന വാദങ്ങളും ഉയര്‍ന്നു. ഇതിനിടെയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ ട്രോളും ശ്രദ്ധേയമായത്. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നിരന്തരം ആക്രമണത്തിന് വിധേയയായ അവര്‍ തന്റെ ഇക്കാര്യത്തിലുള്ള നിലപാട് ബോധ്യപ്പെടുത്തിയിട്ടും ഇപ്പോഴും അധിക്ഷേപങ്ങള്‍ തുടരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതേ നാണയത്തില്‍ തന്നെയായിരുന്നു ദീപ നിശാന്തിന്റെ ട്രോള്‍ പ്രതികരണവും.

ദീപ നിശാന്തിന്റെ പോസ്റ്റ് 

” കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം!

റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെ! ‘

റാഫേല്‍ കരാര്‍ ഇഷ്ടപ്പെട്ടു, എടുക്കുന്നു. കള്ളന്‍. (ഒപ്പ്)

എന്തുകൊണ്ടാണ് കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് തന്നെ റാഫേല്‍ രേഖകളുടെ മോഷണ കാര്യത്തില്‍ പ്രതികരണം നടത്തിയത് എന്ന് ദീപ അഴിമുഖത്തോട് വിശദീകരിച്ചു:

കവിതാ വിവാദമുണ്ടായതിനു ശേഷം സ്ത്രീയെന്ന നിലയില്‍ വളരെയേറെ മോശപ്പെട്ട അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. ഇന്‍ബോക്‌സില്‍ അടക്കം വളരെയധികം അധിക്ഷേപങ്ങള്‍ക്ക് വിധേയായി. കുട്ടികളെ പഠിപ്പിക്കാനും അധ്യാപികയായിരിക്കാനും എഴുതാനുമൊക്കെ യോഗ്യതയുണ്ടോയെന്ന പരിഹാസങ്ങളും നേരിട്ടു.

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയെന്ന മോദി സര്‍ക്കാരിന്റെ വാദം കേട്ടപ്പോള്‍ ഇതേ മോഷണ ആരോപണം കൊണ്ടു തന്നെ അവരോട് തിരിച്ചു മറുപടി പറയണമെന്ന് തോന്നി. അങ്ങനെയാണ് പോസ്റ്റിട്ടത്. ഇതേ പോസ്റ്റ് തന്നെ അവര്‍ എന്റെ പേരില്‍ പ്രചരിപ്പിച്ചിരുന്നു. ഇതുപോലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ നിശബ്ദരാകും എന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ടു തന്നെ ഞാന്‍ ഇക്കാര്യത്തില്‍ നിശബ്ദയായി ഇരിക്കേണ്ടതില്ല എന്നു തീരുമാനിക്കുകയായിരുന്നു. ആരോപണങ്ങള്‍ കുറെയായില്ലേ, ഇപ്പോള്‍ അതൊന്നും എന്നെ ബാധിക്കാറില്ല.”

Also Read: കെ.സി വേണുഗോപാലെന്ന രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെ തളയ്ക്കാന്‍ ആരിഫിന് അരൂരിലെ ഭൂരിപക്ഷം മതിയാകുമോ?

This post was last modified on March 7, 2019 2:03 pm