ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുമ്പോള് മികച്ച ഓപ്പണിംഗ് ജോഡിയെ കണ്ടെത്താന്‍ സാധിക്കാത്ത ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ശശി തരൂര്‍ എം പി. 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ പുതുമുഖ താരം മായങ്ക് അഗര്‍വാളും ഓള്‍റൗണ്ടര്‍ ആര്.അശ്വിനും ഓപ്പണ്‍ ചെയ്യിക്കണമെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ശശി തരൂരിന്റെ ഈ ഉപദേശത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് തോറ്റതിനേക്കാള്‍ വലിയ തിരിച്ചടിയായിരുന്നു പൃഥ്വി ഷായുടെ പരുക്കും പിന്മാറ്റവും. ഈ സാഹചര്യത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം രവിചന്ദ്രന്‍ അശ്വിനെ ഓപ്പണ്‍ ചെയ്യിക്കാവുന്നതല്ലേ?. മികച്ച പ്രതിരോധവും ശാന്തമായ കളിയുമാണ് അശ്വിന്റെ പ്രത്യേകത. മാത്രമല്ല, അങ്ങനെ വരുമ്പോള്‍ മധ്യനിരയില്‍ ഒരു ഓള്‍റൗണ്ടറെ കൂടുതല്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.’
തരൂരിന്റെ ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഉപദേശത്തെ ചിലര്‍ സ്വാഗതം ചെയ്തപ്പോള്‍ കൂടുതല്‍ പേരും പരിഹാസമാണ് നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് ട്വീറ്റ്. അശ്വിന് ബാറ്റിംഗില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ചേതേഷ്വര്‍ പുജാരയും ലോകേഷ് രാഹുലും ബൗളിംഗ് ഓപ്പണ്‍ ചെയ്യട്ടെ എന്നാണ് തരൂരിനെതിരെയുള്ള ഒരു ട്രോള്‍.