X

സരിതയുടെ സിഡിയില്‍ വാര്‍ത്തയുണ്ട്, സമൂഹത്തില്‍ ഡിമാന്റും ഉണ്ട്

സന്ദീപ് വെള്ളാരംകുന്ന് 

ഈ പോകുന്ന വര്‍ഷം കേരളത്തില്‍ വാര്‍ത്താ ചാനലുകള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായ വിഷയമായിരുന്നു കോയമ്പത്തൂരില്‍ സോളാര്‍ സിഡി തേടി പോയ കമ്മീഷന്റേയും ബിജു രാധാകൃഷ്ണന്റേയും പിന്നാലെ ഒബി വാനുകളുമായുള്ള മാധ്യമ പ്രവര്‍ത്തകരുടെ യാത്ര. അതേസമയം മറ്റു പ്രധാനപ്പെട്ട വിഷയങ്ങളെ എല്ലാം തമസ്‌കരിച്ചു കൊണ്ടാണ് ഈ യാത്രയെന്ന വിവാദം സിഡി കിട്ടാതെ വന്നതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുകയും ചെയ്തിരുന്നു.

മാധ്യമ സദാചാരം സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഉയര്‍ത്തിയ ഒന്നായിരുന്നു ഈ സംഭവം. പ്രമുഖ പത്രങ്ങളായ മനോരമയും മാതൃഭൂമിയും മാധ്യമങ്ങളുടെ ഈ യാത്രയെ അപലപിച്ച് മുഖപ്രസംഗം എഴുതുകയും ചെയ്തു. എന്നാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം സ്ത്രീ കേന്ദ്രീകൃത വാര്‍ത്തകളോട് വല്ലാത്ത താല്‍പര്യം സൂക്ഷിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ലൈംഗിക വര്‍ധക വസ്തുക്കള്‍ വാങ്ങുന്നതില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത് കേരളീയരാണെന്ന ഓണ്‍ലൈന്‍ അഡല്‍റ്റ് ഉല്‍പന്ന വില്‍പന വെബ്‌സൈറ്റായ ദാറ്റ്‌സ്‌ പേഴ്‌സണല്‍.കോമിന്റെ സര്‍വേ ഫലവും ഇതോടൊപ്പം കൂട്ടി വായിക്കണം.

ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് സപ്ലൈയും കൂടുമെന്ന ഇക്കണോമിക്‌സ് തന്നെയാണ് മാധ്യമ രംഗത്തും സംഭവിക്കുന്നതെന്ന് ടെക്‌നോളജി എഴുത്തുകാരനും മാധ്യമ നിരൂപകനുമായ വി കെ ആദര്‍ശ് പറയുന്നു. മലയാളികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വേണ്ടത് സ്ത്രീ കേന്ദ്രീകൃത വാര്‍ത്തകള്‍ തന്നെയാണ്. ഇത്തരം വാര്‍ത്തകള്‍ കാത്തിരിക്കുന്നതിനാല്‍ മഞ്ഞയില്‍ അഭിരമിക്കുന്ന മലയാളിയെന്നു പോലും വിശേഷിപ്പിക്കേണ്ടി വരും. സരിതയുടെ സിഡി സംബന്ധിച്ച് ചാനലുകള്‍ സ്വീകരിച്ച നിലപാടിനെ കുറ്റം പറഞ്ഞ് മുഖ പ്രസംഗം എഴുതിയ മനോരമയും മാതൃഭൂമിയും സിഡി കിട്ടിയിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ സദാ ജാഗരൂകമായി നിന്നതു കൊണ്ടാണ് സിഡി കിട്ടിയതെന്നു പറഞ്ഞ് മുഖ പ്രസംഗം എഴുതുമായിരുന്നു. ഇരു പത്രങ്ങളും രണ്ട് എഡിറ്റോറിയലുകള്‍ തയാറാക്കി വച്ചിരുന്നോയെന്നു പോലും നമുക്ക് സംശയിക്കേണ്ടി വരും. ഒരു വശത്ത് തത്വാധിഷ്ഠിതമായ ഔന്നത്യം സൂക്ഷിക്കുമെന്നു വാശി പിടിക്കുന്ന മലയാളികള്‍ മറുവശത്ത് ഇക്കിളി വാര്‍ത്തകള്‍ മറയില്ലാതെ ആസ്വദിക്കുകയും ചെയ്യും. ഇതോടൊപ്പം നെഗറ്റീവ് വാര്‍ത്തകളോടും മാധ്യമങ്ങള്‍ക്ക് അതിയായ താല്‍പര്യമുണ്ട്. റിലയന്‍സിന്റെ അനില്‍ അംബാനിയും മുകേഷ് അംബാനിയും തല്ലിപ്പിരിഞ്ഞ കാലത്താണ് ബിസിനസ് വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടതെന്നാണ് വിവരം. സരിതയുടെ സിഡി തപ്പി സ്വകാര്യ ചാനലുകള്‍ പോയത് അതില്‍ വാര്‍ത്തയുള്ളതുകൊണ്ടു തന്നെയാണ്. സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ദൂരദര്‍ശന്‍ എന്തുകൊണ്ട് ഇതിനു പിന്നാലെ പോയില്ലായെന്ന് ചോദിച്ചാല്‍ ദൂരദര്‍ശന്റെ വായനക്കാര്‍ക്ക് ഇതിന്റെ ആവശ്യമില്ലായെന്നു തന്നെയാണ് ഉത്തരം. കൂടുതല്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ കൂടുതല്‍ മാധ്യമങ്ങള്‍ നല്‍കുന്നുവെന്നു മാത്രം. വികെ ആദര്‍ശ് കൂട്ടിച്ചേര്‍ക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചാനലുകള്‍ പൂട്ടുകയും ഈ രംഗത്തെ മത്സരം മുറുകുകയും ചെയ്യുമ്പോള്‍ വാര്‍ത്തയ്ക്കായി എന്തും വാര്‍ത്തയാകുമെന്ന നില വന്നിട്ടുണ്ട്. ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി നിറഞ്ഞു നിന്നതും സരിതാ നായര്‍ ഉള്‍പ്പെട്ട സ്ത്രീ കേന്ദ്രീകൃത വാര്‍ത്തയാണ്. ഇതിനിടെ ജനങ്ങളെ നിര്‍ണായകമായി ബാധിക്കുന്ന പല വിഷയങ്ങളും വേണ്ടത്ര ചര്‍ച്ചയാവാതെ പോവുകയും ചെയ്തിട്ടുണ്ട്. നേരിയ ഭൂരിപക്ഷത്തില്‍ ഞാണില്‍മേല്‍ കളിച്ചു ഭരണം തുടരുന്ന സര്‍ക്കാരിന്റെ നേരിയ ഭൂരിപക്ഷം തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിനു പിന്നിലെ കാരണം. ഒന്നോ രണ്ടോ എംഎല്‍മാര്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്നറിയാവുന്ന പ്രതിപക്ഷമാകട്ടെ ഈ വിഷയം നന്നായി മുതലെടുക്കുകയും ചെയ്തിട്ടുണ്ട്.

സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള സിഡി വിഷയത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ നൂറു ശതമാനം ഉത്തരവാദിത്വ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. സിഡി കിട്ടിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ താഴെപ്പോകുമായിരുന്നുവെന്ന കാര്യം മാധ്യമങ്ങളെ കുറ്റം പറയുന്നവര്‍ വിസ്മരിക്കുകയാണ്. സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഒരു സംഭവത്തേക്കാള്‍ വലുതായ വാര്‍ത്താ പ്രാധാന്യമുള്ള ഒന്നും തന്നെ കേരളത്തിലില്ലായെന്നാണ് യാഥാര്‍ഥ്യം. കൊലപാതക കേസ് പ്രതിയുടെ വാക്കു കേട്ടാണ് മാധ്യമങ്ങള്‍ സിഡിക്കു പിന്നാലെ പോയതെന്ന് കുറ്റപ്പെടുത്തുന്നവര്‍ ഒരു ഉത്തരവാദിത്വപ്പെട്ട കമ്മീഷന്‍ പറഞ്ഞതു പ്രകാരം പോലീസ് പോയതിനു പിന്നാലെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാനാണ് പോയത്. അതു കൊണ്ടു തന്നെ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വന്തം ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് നിസംശയം പറയാം. സ്ത്രീ കേന്ദ്രീകൃത വാര്‍ത്തകള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കില്‍ അതിനു പ്രേക്ഷകര്‍ ഉള്ളതു കൊണ്ടാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. സരിതയുടെ സിഡിയുടെ കാര്യത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ സമയവും സിഡി എപ്പോള്‍ വരുമെന്ന് നോക്കിയിരുന്ന് കിട്ടില്ലായെന്ന് അറിഞ്ഞപ്പോള്‍ വന്നവരാണെന്ന യാഥാര്‍ഥ്യവും അറിയണം. ഇന്നത്തെ മാധ്യമങ്ങളുടെ മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ സെന്‍സേഷണലിസവും സ്‌പൈസിയുമായ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്. എംജി രാധാകൃഷ്ണന്‍ പറയുന്നു.

സരിതയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെട്ടതെന്നു പറയുന്ന സിഡി തപ്പി ചാനലുകള്‍ പോയ സംഭവം മലയാളിയുടെ വാര്‍ത്താ അഭിരുചിയെ തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് മാധ്യമ നിരൂപകനായ ഷാജി ജേക്കബ് അഭിപ്രായപ്പെടുന്നു. ആത്യന്തികമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് സോളാര്‍ കേസിന്റെ പിന്നിലുള്ള സാമ്പത്തിക അഴിമതിയല്ല മറിച്ച് ലൈംഗിക കഥകളുടെ വിവരണം മാത്രമാണ്. സിഡി തപ്പി പോയ ചാനലുകളെ വിമര്‍ശിച്ചു മുഖപ്രസംഗം എഴുതിയ പത്രങ്ങള്‍ക്ക് ഇതിനുള്ള യാതൊരു യോഗ്യതയും ഇല്ലായെന്നതാണ് യാഥാര്‍ഥ്യം. ചാനലുകള്‍ക്ക് സിഡി പോലുള്ള സംഭവങ്ങള്‍ വേണ്ട രീതിയില്‍ ആഘോഷിക്കാന്‍ കഴിയാത്തതിന്റെ വിഷമം തീര്‍ക്കുക മാത്രമാണ് പത്രങ്ങള്‍ ഈ വിഷയത്തില്‍ ചെയ്തിട്ടുള്ളത്. സിഡി കിട്ടിയിരുന്നുവെങ്കില്‍ മലയാളികളും ഇവിടത്തെ മാധ്യമങ്ങളും അതിനെ വമ്പന്‍ ആഘോഷമാക്കി മാറ്റുമായിരുന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം. ഇവിടെ സദാചാരം പ്രസംഗിക്കുന്ന പത്രങ്ങള്‍ക്ക് ചാനലുകളേക്കാള്‍ യാതൊരു ധാര്‍മിക മൂല്യവും കൂടുകതലായി ഉയര്‍ത്തിക്കാട്ടാനില്ലെന്നു മാത്രമല്ല. തികഞ്ഞ വര്‍ഗീയതയും സ്വജന പക്ഷപാതവും പ്രകടപ്പിക്കുന്നതും ഇവിടത്ത പത്രങ്ങളാണ്. നമുക്ക് അഞ്ചു വാര്‍ത്താ ചാനലുകള്‍ ഉണ്ടെങ്കിലും കമ്യൂണലായ ചേരിതിരിവ് പ്രകടിപ്പിക്കുന്ന ഒന്നു പോലുമില്ല അതേ സമയം പത്രങ്ങളുടെ സ്ഥിതി ഇതല്ല. അതുകൊണ്ടു തന്നെ ഡിഡി വിഷയത്തില്‍ ചാനലുകള്‍ മലയാളി സമൂഹത്തിന്റെ താല്‍പര്യം മാത്രമാണ് പ്രകടിപ്പിച്ചതെന്നുറപ്പാണ്. അല്ലെങ്കില്‍ ചാനലുകള്‍ ഇവിടെ നിലനില്‍ക്കുമായിരുന്നില്ല. ഷാജി ജേക്കബ് പറയുന്നു.

ചാനലുകള്‍ സിഡിക്കു പിന്നാലെ പോയി കിട്ടാതെ വന്നതിന്റെ ദേഷ്യം മുഴുവന്‍ മലയാളി പിറ്റേന്നു തീര്‍ത്തത് ഫേസ്ബുക്ക് ഉള്‍പ്പെടയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. സിഡി വാട്‌സാപ്പില്‍ കിട്ടുമോയെന്ന് മാധ്യമ പ്രവര്‍ത്തകരോട് രഹസ്യമായി തിരക്കിയവരും നിരവധി. അതേ സമയം വമ്പന്‍മാര്‍ ഉള്‍പ്പെട്ട കേസുകള്‍ മറച്ചു വയ്ക്കുന്ന ചാനലുകള്‍ സിഡി തപ്പി പോലീസ് വാഹനത്തെ ചേയ്‌സു ചെയ്തു പിടിക്കുന്ന രീതിയില്‍ പോകേണ്ടതുണ്ടോയെന്ന മറു ചോദ്യവും ഈ വിഷയത്തില്‍ ഉന്നയിക്കുന്നവരുണ്ട്. ജനങ്ങള്‍ക്കു വേണ്ടതാണ് തങ്ങള്‍ നല്‍കുന്നതെന്ന് ചാനലുകള്‍ അവകാശപ്പെടുമ്പോള്‍ ഓരോ ദിവസത്തെയും വാര്‍ത്തയുടെ അജണ്ട നിശ്ചയിക്കുന്നത് ഇതേ ചാനലുകള്‍ തന്നെയല്ലേയെന്ന മറു ചോദ്യം മാത്രം ബാക്കിയാവുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

This post was last modified on December 31, 2015 8:28 am