X

ദി ഇന്‍റര്‍വ്യൂ പ്രദര്‍ശിപ്പിച്ചാല്‍ സെപ്തംബര്‍ 11; സോണിക്കും അമേരിക്കയ്ക്കും ഹാക്കര്‍മാരുടെ ഭീഷണി

സെസിലിയ കംഗ്, ആന്‍ഡ്രിയ പീറ്റേര്‍സന്‍, എല്ലാന്‍ നഹാഷിമ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആഴ്ചകളോളമായി കമ്പനിയുടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊണ്ടിരുന്ന ഹാക്കർമാർക്കെതിരെ ശക്തമായ പ്രധിരോധവുമായി രംഗത്തെത്തിയ സോണി പിക്ചേർസ് എന്റർടെയ്ൻമെന്റ് കമ്പനിയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന പുതിയൊരു ഭീഷണി നേരിട്ടിരിക്കയാണ്.

സോണിയിലെ ഹാക്കിംഗിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത ഒരു സംഘം ടെക്സ്റ്റ് ഷെയറിംഗ് സൈറ്റായ Pastebinൽ നോർത്ത് കൊറിയൻ നേതാവായ കിം ജൊങ്ങ് ഉൻന്റെ മരണത്തിലവസാനിക്കുന്ന “ദി ഇന്റർവ്യൂ” എന്ന ഹാസ്യസിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്കെതിരെ ആക്രമണം നടത്തുമെന്ന സന്ദേശം പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഈ സിനിമ ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ സോണി തീരുമാനിച്ചിരുന്നതാണ്. 

“ശാസന മാനിക്കാതെ ‘ ദി ഇന്റർവ്യൂ ‘ കാണാനെത്തുന്നവർക്ക് അതേ സ്ഥലത്ത്, അതേ സമയത്തുവെച്ച് ഞങ്ങൾ വിധിയുടെ വിളയാട്ടം കാണിച്ചു കൊടുക്കും. 2001 സെപ്റ്റംബർ 11 അനുസ്‌മരിക്കുക.” 

സിനിമ പ്രദർശിപ്പിക്കാൻ ഭയക്കുന്നവർക്ക് ഷോ ഉപേക്ഷിക്കാനുള്ള സമ്മത പത്രവുമായ് സോണി രംഗത്തെത്തിയത് ഹാക്കർമാരുടെ ഭീഷണി കുറിക്ക് കൊണ്ടുവന്നതിനുള്ള തെളിവാണ്. 

അന്വേഷണം പൂർത്തിയായില്ലെന്ന കാരണത്താൽ ഭീഷണിയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടാൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് തയ്യാറായില്ലെങ്കിലും അമേരിക്കയിലെ തിയേറ്ററുകൾക്കെതിരെ യാതൊരു ഭീഷണിയും കാണുന്നില്ലെന്നാണ് പേരു വെളിപ്പെടുത്താനാവാത്ത ഒരു DHS ഉദ്യോഗസ്ഥർ പറഞ്ഞത്.

സോണി പിക്ചേർസിന്റെ ചീഫ് എക്സിക്യുട്ടീവായ മൈക്കിൽ ലിന്റനെ സൂചിപ്പിക്കുന്ന ‘mlynton’ എന്ന പേരിലുള്ള രേഖകൾ താമസിയാതെ നൽകുമെന്ന സൂചനയും സംഘത്തിന്റെ കുറിപ്പിലുണ്ടായിരുന്നു.

സോണി പിക്ചേർസ് എന്റർറ്റെയ്ൻമെന്റിൽ നുഴഞ്ഞുകയറി ഹാക്കർമാർ സംഹാര താണ്ഡവമാടിയതിനു മൂന്നാഴ്ചകൾക്കു ശേഷം കമ്പനിയിപ്പോൾ വരാൻ പോകുന്ന വ്യാപാര ദുരന്തം നിയന്ത്രണത്തിലാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്.

ആരോഗ്യ, സാമൂഹ്യ സുരക്ഷാ, ശമ്പള വിവരങ്ങൾ പരസ്യമാക്കപ്പെട്ട തൊഴിലാളികളോട് ക്ഷമ ചോദിക്കാൻ വേണ്ടി യോഗം വിളിച്ചു കൂട്ടിയ മുതിർന്ന ഉദ്യോഗസ്ഥർ ആത്മവിശ്വാസം വീണ്ടെടുത്ത് ഭാവിയെ നേരിടാന്‍ അവരെ പ്രേരിപ്പിച്ചു. 

മാധ്യമങ്ങളോട് മറുപടി പറയാനും നഷ്ടപ്പെട്ട സൽപ്പേർ വീണ്ടെടുക്കാനും റുബെൻസ്റ്റെയ്ൻ കമ്മ്യൂണിക്കേഷന്റെ സഹായം തേടിയിരിക്കയാണ് കമ്പനി. 

‘ഗാർഡിയൻസ് ഓഫ് പീസ്‌’ എന്ന പേരിലറിയപ്പെടുന്ന ഹാക്കർമാർ പുറത്തു വിടുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികളെടുക്കാൻ വേണ്ടി പേരെടുത്ത വക്കീലായ ഡേവിഡ്‌ ബോയസിനെ നിയമിച്ചിരിക്കയാണ് സോണി. 

ആഴ്ചകൾ നീണ്ടു നിന്ന മൌനത്തിനു ശേഷം ചൊവ്വാഴ്ച സിനിമാ ലോകമൊന്നടങ്കം സോണിക്ക് പിന്തുണ പ്രഖ്യാപിച്ചു. 

” സോണി ഞങ്ങളുടെ അസോസിയേഷനിലെ പ്രമുഖ അംഗം മാത്രമല്ല, ഞങ്ങളുടെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമാണവർ. ദിവസേന വിവരങ്ങൾ ചോർന്നുകൊണ്ടിരിക്കുന്നതിനെതിരെ കമ്പനി യുദ്ധം ചെയ്യുമ്പോൾ ഞങ്ങളാൽ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങൾ നൽകിയിട്ടുണ്ട്, ഭാവിയിലുമീ സഹായം തുടരുക തന്നെ ചെയ്യും.” മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റായ ക്രിസ് ഡോഡ് പറഞ്ഞു. 

കേട്ടു കേൾവി പോലുമില്ലാത്ത തരത്തിലുള്ള ആക്രമണവും അതിന്റെ ദുരന്ത ഫലങ്ങൾ ഗ്രഹിക്കാൻ പോലുമാവാത്ത സോണിയും സിനിമാ രംഗവും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. 

ചൊവ്വാഴ്ചത്തെ ഭീഷണി കാരണം “ദി ഇന്റർവ്യൂ” വിലെ താരങ്ങളായ സേത്ത് റോഗനും ജെയിംസ്‌ ഫ്രാങ്കോയും, ‘ദി റ്റുനൈറ്റ്‌ ഷോ’, ‘ ലേറ്റ് നൈറ്റ്‌ ‘ തുടങ്ങിയ ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുന്ന തീരുമാനം ഉപേക്ഷിച്ചിരിക്കയാണ്.

“മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ നാശം വിതച്ച ഈ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന കാരണത്താൽ ലോക ശ്രദ്ധയാകർച്ചിരിക്കുകയാണ്.” സെന്റർ ഫോർ സ്ട്രാറ്റെജിക് ആൻഡ്‌ ഇന്റർനാഷണൽ സ്റ്റഡീസിലെ സീനിയർ സൈബർ സുരക്ഷാ വിദഗ്‌ദ്ധനായ ജെയിംസ്‌ ലൂയിസ് പറഞ്ഞു. 

പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയാൽ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ‘വടക്കൻ കൊറിയയാണോ ആക്രമണത്തിന്റെ ഉറവിടമെന്ന’ ചോദ്യത്തിനു മറുപടി പറയാൻ കൂട്ടാക്കിയില്ലെങ്കിലും” അമേരിക്കയിൽ കലാകാരന്മാർക്ക് അവർക്കിഷ്ടമുള്ള സിനിമ നിർമ്മിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന ആശയം മനസ്സിലാക്കാൻ ‘അവർക്ക് ‘ സാധിക്കില്ലെന്നു പറഞ്ഞു. 

സ്വകാര്യ രേഖകൾ പരസ്യമാവുന്നത് തടയാനുള്ള സമയം കൈയിലില്ലാത്തത് സോണിയെ നാശത്തിൽ നിന്നും കൊടും നാശത്തിലേക്ക് തള്ളിവിടുകയാണ്. 

” ഈ ആക്രമണം എത്രമാത്രം സങ്കീർണ്ണവും ഭീകരവുമാണെന്ന് സോണിയുടെ പ്രതികരണം തെളിയിക്കുന്നു, ഞങ്ങളാരും സ്വപ്നത്തിൽ പോലും കാണാത്തതാണ് ഇത്തരത്തിലൊരു ആക്രമണം” ക്രൈസിസ്-കമ്മ്യൂണിക്കേഷൻ കമ്പനിയായ സോളമൻ മക്കൌണിന്റെ പ്രസിഡന്റായ ആഷ്ലി മക്കൌണിന്റെ വാക്കുകളിൽ അനിശ്ചിതത്തിന്റെ മണമുണ്ട്.

രേഖകൾ ചോർന്ന വിവരം മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാനുള്ള സോണിയുടെ ശ്രമം വിജയം കണ്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി Gawker റിലീസ് ചെയ്യാനിരിക്കുന്ന ‘ദി ഇന്റർവ്യൂ’ വിലെ വടക്കൻ കൊറിയൻ നേതാവ് മരിക്കുന്ന രംഗം ഓണ്‍ലൈനിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നു.

This post was last modified on December 21, 2014 2:05 pm