X

ചരിത്രത്തില്‍ ഇന്ന്: റങ്കൂണ്‍ സ്‌ഫോടനവും എസ് ആര്‍-17 ബ്ലാക് ബേഡും

1983 ഒക്ടോബര്‍ 9
റങ്കൂണ്‍ സ്‌ഫോടനത്തില്‍ നിന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് രക്ഷപ്പെടുന്നു

ബര്‍മ്മയുടെ തലസ്ഥാനമായ റങ്കൂണില്‍ 1983 ഒക്ടോബര്‍ 9 ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ചുന്‍ ദൂ-ഹാന്‍ പര്യടനം നടത്തുന്ന സമയം. അദ്ദേഹത്തിനെ വധിക്കാനുള്ള ശ്രമം നടന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് ഹാന്‍ അതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹാന്‍ സന്ദര്‍ശനം നടത്താനിരുന്ന രക്തസാക്ഷി സ്മാരക മണ്ഡപത്തില്‍ മൂന്ന് സ്‌ഫോടനങ്ങളാണ് നടന്നത്. 21 പേരാണ് ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് രക്ഷപ്പെട്ടെങ്കിലും ദക്ഷിണ കൊറിയക്ക് അവരുടെ പ്രധാനപ്പെട്ട മൂന്നു നേതാക്കന്മാരെ ആ സ്‌ഫോടനത്തില്‍ നഷ്ടപ്പെട്ടു. വിദേശകാര്യ മന്ത്രി ലീ ബിയോം സിയോക്, ഡപ്യൂട്ടി പ്രധാനമന്ത്രി സൂ സുക് ജൂന്‍, വ്യാപാര-വ്യവസായ വകുപ്പ് മന്ത്രി കിം ഡോംഗ് വൈ എന്നിവരാണ് അന്നത്തെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ട്രാഫിക് ബ്ലോക്കില്‍ പെട്ടതാണ് യഥാര്‍ത്ഥത്തില്‍ പ്രസിഡന്റ് ഹാന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്. ഗതാഗതക്കുരുക്കില്‍പ്പെട്ട് അദ്ദേഹത്തിന്റെ വാഹനം സ്മാരക മണ്ഡപത്തില്‍ എത്താന്‍ താമസിക്കുകയായിരുന്നു. അദ്ദേഹം എത്തുന്നതിനുമുമ്പേ സ്‌ഫോടനം നടന്നു.

ഈ സ്‌ഫോടനം പിന്നീട് ഒക്ടോബര്‍ 9 ലെ റങ്കൂണ്‍ സ്‌ഫോടനം എന്ന പേരില്‍ കുപ്രസിദ്ധി നേടി. വടക്കന്‍ കൊറിയയായിരുന്നു സ്‌ഫോടനത്തിനു പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് വടക്കന്‍ കൊറിയന്‍ സൈന്യത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

1999 ഒക്ടോബര്‍ 9
എസ് ആര്‍-17 ബ്ലാക്ക് ബേഡിന്റെ അവസാന നിരീക്ഷണ പറക്കല്‍

ലോക്ഹീഡ് മാര്‍ട്ടിന്‍ 1960 കളില്‍ വികസിപ്പിച്ചെടുത്ത ചാരവിമാനമാണ് എസ് ആര്‍-17 ബ്ലാക്ക് ബേഡ്. വളരെ ഉയരത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളുടെ വേഗത കൂട്ടാനുള്ള സംവിധാനങ്ങള്‍ ഈ വിമാനത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. ഇതേ കഴിവുകളുള്ള റഷ്യയുടെ മിഗ്-25 നുള്ള അമേരിക്കയുടെ മറുപടിയായിരുന്നു എസ് ആര്‍-17. ബ്ലാക്ക് പ്രൊജക്ടിന്റെ കീഴില്‍ വിദൂര മേഖലയിലെ ശത്രുസൈനിക നീക്കങ്ങളെപ്പോലും നിരീക്ഷിക്കാന്‍ ഉതകുന്ന തരത്തിലാണ് എസ് ആര്‍ 17 വികസിപ്പിച്ചെടുത്തത്.


ബ്ലാക് പ്രൊജക്ടിന്റെ കീഴില്‍ ഇതിനു മുമ്പ് എഫ്-117 എന്ന ചാര വിമാനവും ബി-2 എന്ന ബോംബറും വികസിപ്പിച്ചിരുന്നു.1957 ഡിസംബര്‍ 24 ന് ആദ്യ പറക്കല്‍ തുടങ്ങിയ എസ് ആര്‍-17 ബ്ലാക്ക് ബേഡ് അവസാന നീരീക്ഷണത്തിനായി ആകാശസഞ്ചാരം നടത്തുന്നത് 1999 ഒക്ടോബര്‍ 9 നാണ്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on October 9, 2014 9:38 am