X

1943 ജനുവരി 18: സോവിയറ്റ് യൂണിയന്‍ ലെനിന്‍ഗ്രാഡ് ഉപരോധം ഭേദിച്ചു

1943 ജനുവരി 18ന്, ചരിത്രത്തിലെ ഏറ്റവും നീണ്ടതും വിനാശകരവുമായതും മരണങ്ങളുടെ കണക്കെടുത്താല്‍ നഷ്ടമുണ്ടാക്കിയതുമായ ഉപരോധം അവസാനിപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ ലെനിന്‍ഗ്രാഡിലേക്ക് ഒരു ഇടുങ്ങിയ കര-ഇടനാഴി തുറക്കുന്നതില്‍ സോവിയറ്റ് യൂണിയന്‍ വിജയിച്ചു

1943 ജനുവരി 18ന്, ചരിത്രത്തിലെ ഏറ്റവും നീണ്ടതും വിനാശകരവുമായതും മരണങ്ങളുടെ കണക്കെടുത്താല്‍ നഷ്ടമുണ്ടാക്കിയതുമായ ഉപരോധം അവസാനിപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ ലെനിന്‍ഗ്രാഡിലേക്ക് ഒരു ഇടുങ്ങിയ കര-ഇടനാഴി തുറക്കുന്നതില്‍ സോവിയറ്റ് യൂണിയന്‍ വിജയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കിഴക്കന്‍ യുദ്ധമുഖത്ത്, ചരിത്രപരമായും ഇപ്പോഴും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്ന് അറിയപ്പെടുന്ന അന്നത്തെ ലെനിന്‍ഗ്രാഡില്‍ നോര്‍ത്ത് എന്ന് വിളിക്കപ്പെടുന്ന ജര്‍മ്മന്‍ സൈനീക സംഘം നടത്തിയ ദീര്‍ഘകാല സൈനീക ഉപരോധമായിരുന്നു ലെനിന്‍ഗ്രാഡ് വളയല്‍ എന്നുകൂടി വിളിക്കപ്പെടുന്ന ലെനിന്‍ഗ്രാഡ് ഉപരോധം. നഗരത്തിലേക്കുള്ള അവസാന റോഡ് മാര്‍ഗ്ഗവും വിച്ഛേദിക്കപ്പെട്ട 1941 സെപ്തംബര്‍ എട്ടിന് ആരംഭിച്ച ഉപരോധം 1944 വരെ, അതായത് 872 ദിവസങ്ങള്‍ നീണ്ടുനിന്നു.

1941-ല്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ച ജര്‍മ്മന്‍ സേന യുഎസ്എസ്ആറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലെനിന്‍ഗ്രാഡിന് ഒരു നേര്‍രേഖ വരച്ചു. ജര്‍മ്മന്‍ സൈനീക നീക്കമായ ബാര്‍ബറോസയുടെ മൂന്ന് പ്രധാന തന്ത്രലക്ഷ്യങ്ങളില്‍ ഒന്നും നോര്‍ത്ത് സൈനീക ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യവും ലെനിന്‍ഗ്രാഡ് പിടിച്ചടക്കലായിരുന്നു. റഷ്യയുടെ മുന്‍ തലസ്ഥാനവും റഷ്യന്‍ വിപ്ലവത്തിന്റെ പ്രതീകാത്മക തലസ്ഥാനവുമായ ലെനിന്‍ഗ്രാഡിലാണ് സോവിയറ്റ് ബാള്‍ട്ടിക് കപ്പല്‍ സേനയുടെ ആസ്ഥാനമെന്നും അവിടുത്ത വ്യാവസായി ശക്തിയുമാണ് ലെനിന്‍ഗ്രാഡിനെ പിടിച്ചടക്കാനുള്ള തന്ത്രപരമായ പ്രചോദനം. നിരവധി ആയുധനിര്‍മ്മാണശാലകളാണ് ലെനിന്‍ഗ്രാഡില്‍ ഉണ്ടായിരുന്നത്. 1939 ഓടെ സോവിയറ്റ് യൂണിയന്റെ മൊത്തം വ്യാവസായിക ഉല്‍പാദനത്തിന്റെ 11 ശതമാനവും ലെനിന്‍ഗ്രാഡില്‍ നിന്നായിരുന്നു. ഓഗസ്റ്റില്‍, പടിഞ്ഞാറ് നിന്നും തെക്കുനിന്നും നഗരത്തെ വളഞ്ഞ ജര്‍മ്മന്‍ സേന, ലെനിന്‍ഗ്രാഡ്-മോസ്‌കോ റയില്‍വേ പാത തകര്‍ത്തു. നഗരം കീഴടക്കാനുള്ള ജര്‍മ്മന്‍ സേനയുടെ ശ്രമം വിജയിച്ചില്ല. പഴയ റഷ്യയുടെ മുന്‍തലസ്ഥാനത്തേക്ക് ഒന്നും പ്രവേശിക്കാനോ ഒന്നും വെളിയിലേക്ക് കൊണ്ടുപോകാനോ സാധിക്കാത്ത വിധത്തില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തുടര്‍ന്ന് ഹിറ്റ്‌ലര്‍ തീരുമാനിക്കുകയായിരുന്നു. സോവിയറ്റുകള്‍ പുറത്തുവരുമെന്നും തുടര്‍ന്ന് നഗരത്തെ നാമാവിശേഷമാക്കിയ ശേഷം വടക്കുനിന്നും നഗരത്തെ സമീപിച്ചുകൊണ്ടിരിക്കുന്ന ജര്‍മ്മനിയുടെ ഫിന്നിഷ് സഖ്യത്തിന് കൈമാറാമെന്നുമായിരുന്നു ഹിറ്റ്‌ലറുടെ കണക്കുകൂട്ടല്‍. (എന്നാല്‍ 1939-ല്‍ റഷ്യ പിടിച്ചെടുത്ത തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചതോടെ ഫിന്നിഷ് സേന ലെനിന്‍ഗ്രാഡില്‍ എത്തുന്നതിന് മുമ്പ് തന്നെ മുന്നേറ്റം അവസാനിപ്പിച്ചു).

ടാങ്ക് പ്രതിരോധ കോട്ടകള്‍ കെട്ടുന്നതിലും നഗരത്തിന് വിജയകരമായ ഒരു പ്രതിരോധം നിര്‍മ്മിക്കുന്നതിലും ലെനിന്‍ഗ്രാഡിലെ ജനങ്ങള്‍ വിജയിച്ചെങ്കിലും സോവിയറ്റ് ഗ്രാമന്താരങ്ങളില്‍ നിന്നുള്ള നിര്‍ണായക വിഭവങ്ങളിലുള്ള പ്രാപ്യത അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. പട്ടിണി, രോഗങ്ങള്‍, വെളിച്ചത്തുവരല്‍, ഉപരോധത്തിനെതിരായ ചെറുത്തുനില്‍പ്, ജര്‍മ്മന്‍ സേനയുടെ ബോംബാക്രമണം എന്നിവ നിമിത്തം 1942ല്‍ മാത്രം 6,50,000 ലെനിന്‍ഗ്രാഡുകാരാണ് മരിച്ചത്. വേനല്‍ക്കാലത്ത് പത്തേമാരികളും ശൈത്യകാലത്ത് ഹിമവാഹി സ്ലെഡുകളും ഇടക്കാല ആശ്വാസം നല്‍കി. രോഗികളും മുതിര്‍ന്നവരും കുട്ടികളും അടക്കം ഒരു ലക്ഷം ലെനിന്‍ഗ്രാഡുകാരെ സാവധാനത്തില്‍, രഹസ്യമായി നഗരത്തില്‍ നിന്നും ഒഴിപ്പിച്ചു. ബാക്കിയായ രണ്ട് ദശലക്ഷം ജനങ്ങള്‍ അവശേഷിച്ച ഭക്ഷണം റേഷനായി ഉപയോഗിക്കുകയും ലഭ്യമായ ഭൂമിയിലെല്ലാം പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു. ലെനിന്‍ഗ്രാഡ് പിടിച്ചടക്കും എന്ന കാര്യത്തില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തിയിരുന്ന ഹിറ്റ്‌ലര്‍, ഹോട്ടല്‍ ആസ്‌റ്റോറിയയില്‍ നടക്കാനിരിക്കുന്ന വിജയാഘോഷത്തിനുള്ള ക്ഷണക്കത്തുകള്‍ നേരത്തെ തന്നെ അച്ചടിച്ചു വച്ചിരുന്നതായി പറയപ്പെടുന്നു. ജര്‍മ്മന്‍ സൈനീക വളയത്തില്‍ ഒരു വിള്ളലുണ്ടാക്കാന്‍ സോവിയറ്റ് സേനകള്‍ക്ക് സാധിച്ചു. ഇതോടെ ലഡോഗ തടാകത്തിലൂടെ കൂടുതല്‍ അവശ്യസാധനങ്ങള്‍ നഗരത്തിലേക്ക് വരാന്‍ തുടങ്ങി. 1944 ജനുവരി 27ന് ഒരു സോവിയറ്റ് പ്രതിരോധ നീക്കത്തിലൂടെ ജര്‍മ്മന്‍കാരെ കൂടുതല്‍ പടിഞ്ഞാറേക്ക് നീങ്ങാന്‍ നിര്‍ബന്ധിച്ചതോടെ ഉപരോധം അവസാനിച്ചു.