X

ബിജെപി ചാക്കിട്ടു പിടിച്ച ബി എസ് പി നേതാവ് അഖിലേഷ് പാളയത്തിലേക്ക്

പുത്രനും പുത്രിക്കും മറ്റ് അനുയായികള്‍ക്കുമായി 35 സീറ്റാണ് ബിജെപിയോട് സ്വാമി പ്രസാദ് മൗര്യ ആവശ്യപ്പെട്ടത്

യുപിയില്‍ ആറുമാസം മുമ്പ് ബിജെപി ചക്കിട്ടുപിടിച്ച ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മറ്റൊരു കാലുമാറ്റത്തിന് തയ്യാറെടുക്കുന്നു. ഒരു വിഭാഗം ഒബിസി വോട്ടുകളെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്ന് കണക്കാക്കപ്പെടുന്ന സ്വാമി പ്രസാദ് മൗര്യയാണ് ഇപ്പോള്‍ ബിജെപി വിട്ട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. തന്റെ അനുയായികള്‍ക്ക് അര്‍ഹതപ്പെട്ട ടിക്കറ്റുകള്‍ ബിജെപി നിഷേധിക്കുന്നതിലാണ് മൗര്യയ്ക്ക് പ്രതിഷേധം.

തന്റെ പുത്രനും പുത്രിക്കും മറ്റ് അനുയായികള്‍ക്കുമായി 35 സീറ്റാണ് ബിജെപിയോട് മൗര്യ ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാവാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഖിലേഷ് യാദവ് നല്ല മനുഷ്യനാണെന്നും അദ്ദേഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഭാവി പരിപാടികളെ കുറിച്ച് മനസ് തുറക്കാനും മൗര്യ മടിച്ചില്ല. ബിജെപിയുമായി സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും സ്വാമി പ്രസാദ് മൗര്യയെ ബിജെപി കൂറുമാറ്റുമ്പോള്‍ അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. മൗര്യ, കുശവ, സൈനി, സാഖ്യ തുടങ്ങിയ മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന മൗര്യ, മായാവതി സീറ്റ് കച്ചവടം നടത്തുന്നു എന്നാരോപിച്ചാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ്, അജിത് സിംഗിന്റെ പാര്‍ട്ടി തുടങ്ങിയവയുമായി മഹാസംഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന യുപി മുഖ്യമന്ത്രിക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ മൗര്യയുടെ വരവ് സഹായിക്കും.

Related Post
Leave a Comment