X

ഫിഫയെ ധിക്കരിച്ച് സുബാസിച്ച് തന്റെ ജേഴ്‌സി ഊരി, പ്രിയ സുഹൃത്തിന് വേണ്ടി..

പലപ്പോഴും സുബാസിച്ച് കളിക്കളത്തില്‍ കസ്റ്റിച്ചിന് ഓര്‍മ്മിപ്പിച്ച് ആരാധകരെയും കാണികളെയും വികാരാധീനരാക്കാറുണ്ട്. ഇത് ആവര്‍ത്തിക്കരുത് ഫിഫ മുന്നറിയിപ്പ് നല്‍കിയിട്ടും സുബാസിച്ച് ലോകകപ്പ് വേദികളിലും അതു തുടരുകയാണ്.

ക്രൊയേഷ്യന്‍ ഗോളി ഡാനിയല്‍ സുബാസിച്ച് കഴിഞ്ഞ കളിയോടെ താരമായിരിക്കുകയാണ്. ഡെന്‍മാര്‍ക്കുമായുള്ള പോരാട്ടത്തില്‍ ഗോളെന്ന് ഉറപ്പിച്ച പല ഷോട്ടുകളും ലക്ഷ്യം കാണാത്തെ പോയത് ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റിന് മുന്നിലെ സുബാസിച്ചിന്റെ തകര്‍പ്പന്‍ സേവുകള്‍ കൊണ്ടായിരുന്നു. കൂടാതേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടുക്കുന്ന രണ്ടാമത്തെ താരമായി മാറിയ സുബാസിച്ച് ക്രൊയേഷ്യയ്ക്ക് അടുത്ത കളിയിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്തു.

എന്നാല്‍ ആ സേവുകളേക്കാള്‍ സുബാസിച്ചിനെ ശ്രദ്ധ നേടികൊടുത്തത് മറ്റൊരു കാര്യത്തിനായിരുന്നു. ഓരോ സേവ് നടത്തിയതിന് ശേഷവും ഇരുകൈകളുമുയര്‍ത്തി ആകാശത്തിലേക്ക് നോക്കി സുബാസിച്ച് പ്രാര്‍ത്ഥിക്കുകയാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് ജേഴ്‌സി ഊരിയപ്പോഴാണ് സുബാസിച്ച് എന്തിനായിരുന്നു അത് ചെയ്തതെന്ന് മനസ്സിലായത്.

സേവുകള്‍ക്ക് ശേഷം കൈഉയര്‍ത്തി ആകാശത്തേക്ക് നോക്കിയതിന് പിന്നിലെ കാരണം അകാലത്തില്‍ മരണമടഞ്ഞ തന്റെ അടുത്ത സുഹൃത്തും സഹകളിക്കാരനുമായിരുന്ന ഹോയെ കസ്റ്റിച്ചിനുള്ള സമര്‍പ്പണമായിട്ടായിരുന്നു. ജേഴ്‌സിക്കടിയില്‍ കസ്റ്റിച്ചിന്റെ ചിത്രമുള്ള ബനിയന്‍ ധരിച്ചാണ് സുബാസിച്ച് കളത്തിലിറങ്ങിയിരുന്നത്. കളിക്കിടിയില്‍ സുബാസിച്ച് ജേഴ്‌സി ഊരി കസ്റ്റിച്ചിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ബനിയന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ക്രൊയേഷ്യന്‍ ക്ലബ് സദറിന്റെ താരമായിരുന്നു കസ്റ്റിച്ച്. 2008-ല്‍ ഒരു കളിക്കിടെ കൂട്ടിയിടിക്കുകയും തലക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്ത താരം, ഒരാഴ്ചക്കുള്ളില്‍ മരിക്കുകയും ചെയ്തു. ഇത് സുബാസിച്ചിന് വളരെയധികം ബാധിച്ചിരുന്നു. പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ വിഷാദ രോഗം ബാധിച്ച സുബാസിച്ച് അമേരിക്കയിലേക്ക് പോവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും തനിക്ക് സമാധാനം കിട്ടുന്നില്ലെന്നും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതിനെ കുറിച്ചും അക്കാലത്ത് സുബാസിച്ച് വെളിപ്പെടുത്തിയിരുന്നു.

‘ ഞാന്‍ അവനോടൊപ്പം(കസ്റ്റിച്ച്) കളിച്ചില്ലായിരുന്നുവെങ്കില്‍ അവന്‍ ജീവിച്ചിരുന്നേനെ എന്ന് സ്വയം പറയാറുണ്ട്. ചിലപ്പോള്‍ ഞാന്‍ എന്നോട് ചോദിക്കും എന്തുകൊണ്ട് അവന്റെ സ്ഥാനത്ത് കളിച്ചുകൂടാ, എന്തുകൊണ്ട് മധ്യനിരയില്‍ ഇറങ്ങി കളിച്ചുകൂടാ, അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവന് അങ്ങനെ സംഭവിക്കില്ലായിരുന്നു.’ എന്ന് കഴിഞ്ഞ കളിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സ്വയം കുറ്റപ്പെടുത്തുന്ന സുബാസിച്ചിനെ കണ്ടിരുന്നു.

ഒട്ടേറേ ചികിത്സകള്‍ക്ക് ശേഷം മൈതാനത്ത് മടങ്ങിയെത്തിയ സുബാസിച്ച് ക്രൊയേഷ്യന്‍ ടീമില്‍ എത്തുകയും ചെയ്തു. മുപ്പത്തിയൊന്നുകാരനായ സുബാസിച്ച് ഒന്‍പതുവര്‍ഷമായി ക്രൊയേഷ്യയുടെ വല കാക്കുന്ന വിശ്വസ്ത താരമാണ്. പലപ്പോഴും സുബാസിച്ച് കളിക്കളത്തില്‍ കസ്റ്റിച്ചിന് ഓര്‍മ്മിപ്പിച്ച് ആരാധകരെയും കാണികളെയും വികാരാധീനരാക്കാറുണ്ട്. ഇത് ആവര്‍ത്തിക്കരുത് ഫിഫ മുന്നറിയിപ്പ് നല്‍കിയിട്ടും സുബാസിച്ച് ലോകകപ്പ് വേദികളിലും അതു തുടരുകയാണ്.