ലിവര്‍പൂള്‍ മൂന്നേറ്റ താരം മുഹമ്മദ് സലായ്ക്കെതിരെ ഉണ്ടായ മുസ്ലിം വിരുദ്ധ അധിക്ഷേപത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച നടന്ന ലിവര്‍പൂള്‍-വെസ്റ്റ് ഹാം മത്സരത്തിനിടയിലായിരുന്നു അധിക്ഷേപം. കോര്‍ണര്‍ എടുക്കുന്നതിനിടയിലായിരുന്നു സംഭവം. താരത്തെ മതപരമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സലായുടെ വിശ്വാസത്തെ കളിയാക്കുന്ന വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായിരുന്നു.
വംശീയാക്രമണത്തെ അംഗീകരിക്കാനാവില്ലെന്ന് വെസ്റ്റ് ഹാം പ്രതിനിധി സംഭവത്തോട് പ്രതികരിച്ചു. നിറമോ, ഭാഷയോ വംശമോ ഒന്നും വെസ്റ്റ്ഹാമിന്റെ പരിഗണന വിഷയമല്ല. ലണ്ടന്‍ സ്റ്റേഡിയം എല്ലാവരേയും സ്വാഗതം ചെയ്യുന്നു. നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധിക്ഷേപം നടത്തിയ ആളെ കണ്ടെത്തിയാല്‍ വെസ്റ്റ്ഹാമിന്റെ വരും മത്സരങ്ങള്‍ ലണ്ടന്‍ സ്റ്റേഡിയത്തില്‍ വന്ന് കാണുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.
This post was last modified on February 7, 2019 10:57 am