X

‘പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെ എന്ന് വയ്ക്കും’; ഏഷ്യാകപ്പില്‍ ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങിന്റെ മടക്കം

ആദ്യ വിക്കറ്റില്‍ 174 റണ്‍സ് നേടി ഇന്ത്യന്‍ ക്യാമ്പിലും ആരാധകരുടെ ഇടയിലും പരിഭ്രാന്തി പരത്തിയ ശേഷമായിരുന്നു വെറും 26 റണ്‍സിന് ഹോങ്കോങ്ങിന്റെ കീഴടങ്ങല്‍.

ഏഷ്യ കപ്പില്‍ ആദ്യമായി യോഗ്യത നേടിയ ടീമെന്ന നിലയില്‍ വമ്പന്‍മാരായ ഇന്ത്യയെ വിറപ്പിച്ച് തന്നെയാണ് ഹോങ്കോങ് മടങ്ങുന്നത്. ദുര്‍ബലരായ കന്നിക്കാരെ വിലകുറച്ചു കണ്ട ടീം ഇന്ത്യക്ക് തെറ്റി,  അഭിമാന പോരാട്ടം കാഴ്ചവച്ച ഹോങ്കോങ്  26 റണ്‍സ് എന്ന ചെറിയ ‘തോല്‍വി വഴങ്ങിയാണ് മടങ്ങിയത്. ശിഖര്‍ ധവാന്റെ സെഞ്ചറി(127) കരുത്തില് 286 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യ പക്ഷേ കുഞ്ഞന്‍മാരുടെ പോരാട്ടത്തിന് മുന്നില്‍ അല്‍പം ഒന്ന് അമ്പരന്നു. ആദ്യ വിക്കറ്റില്‍ 174 റണ്‍സ് നേടി ഇന്ത്യന്‍ ക്യാമ്പിലും ആരാധകരുടെ ഇടയിലും പരിഭ്രാന്തി പരത്തിയ ശേഷമായിരുന്നു ഹോങ്കോങ്ങിന്റെ കീഴടങ്ങല്‍.

അന്‍ഷുമന്‍ രഥ്-നിസാകത് ഖാന്‍ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ 34.1 ഓവറില്‍ നിന്ന് 174 റണ്‍സ് സ്വന്തമാക്കിയത്. 35ാം ഓവറിന്റെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനു വിക്കറ്റ് നല്‍കി അന്‍ഷുമന്‍ രഥ് പുറത്താകുമ്പോള്‍ ഹോങ്കോംഗ് നായകന്‍ 73 റണ്‍സാണ് 97 പന്തില്‍ നിന്ന് നേടിയത്. തൊട്ടടുത്ത ഓവറില്‍ 92 റണ്‍സ് നേടിയ നിസാകത് ഖാനെ പുറത്താക്കി ഖലീല്‍ അഹമ്മദ് തന്റെ ആദ്യ ഏകദിന വിക്കറ്റ് നേടി. വിക്കറ്റ് വീണ രണ്ട് ഓവറുകളും മെയിഡന്‍ ഓവറുകളായിരുന്നു.

ശേഷം ഹോങ്കോംഗിന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയതോടെ ഹോങ്കോങ്ങിന്റെ ബാറ്റിങ്ങിലെ താളം നഷ്ടപ്പെടുകയായിരുന്നു. 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ടീം 259 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. എഹ്‌സാന്‍ ഖാന്‍(22), ബാബര്‍ ഹയത്(18), കിഞ്ചിത്ത് ഷാ(17) എന്നിവര്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ സ്‌കോറിനു അടുത്തെത്തുവാന്‍ ഹോങ്കോംഗിനു സാധിച്ചില്ല. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദ്, ചഹാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി.