X
    Categories: കായികം

ലോകത്തെ ഏറ്റവും വിലപിടിച്ച വനിതാ താരങ്ങളില്‍ പി വി സിന്ധുവും

ടെന്നീസ് ഇതിഹാസം സെറീന വില്യംസണാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വനിത താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവും. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ച ഏകതാരവും സിന്ധുവാണ്. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ 13ാം സ്ഥാനത്താണ് സിന്ധു. ഫോബ്‌സിന്റെ കണക്കനുസരിച്ച് 5.5 മില്യന്‍ ഡോളറാണ് (38 കോടിയോളം രൂപ) കഴിഞ്ഞ വര്‍ഷം പ്രതിഫലമായി സിന്ധു നേടിയത്. ടെന്നീസ് ഇതിഹാസം സെറീന വില്യംസണാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

‘ഇന്ത്യയുടെ ഏറ്റവും വിലയേറിയ വനിത കായിക താരമായി പി.വി.സിന്ധു നിലനിന്നു. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു സിന്ധു. ബിഡബ്ല്യൂഎഫ് ലോക ചാമ്പ്യന്‍ഷിപ്പ് 2018ല്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ താരമാണ് പി.വി.സിന്ധു. പ്രൈസ് മണി, ശമ്പളം, ബോണസ് തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഫോബ്‌സ് ഓരോ വര്‍ഷത്തെയും പ്രതിഫലപ്പട്ടിക തയാറാക്കുന്നത്.

പട്ടികയില്‍ ഒന്നാമതുള്ള യുഎസ് ടെന്നിസ് താരം സെറീന വില്യംസ് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് 29.2 മില്യന്‍ ഡോളറാണ് (200 കോടിയിലധികം രൂപ). 2018 യുഎസ് ഓപ്പണില്‍ സെറീന വില്യംസിനെ അട്ടിമറിച്ച് കിരീടം ചൂടിയ ജപ്പാന്‍ താരം നവോമി ഒസാക്കയാണ് പ്രതിഫലപ്പട്ടികയില്‍ രണ്ടാമത്. സമ്പാദ്യം 24.3 മില്യന്‍ ഡോളര്‍ (170 കോടിയിലധികം രൂപ). പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ആഞ്ചലിക് കെര്‍ബറിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലേറെയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള സെറീന, ഒസാക്ക എന്നിവരുടെ പ്രതിഫലം. ഏറ്റവും കൂടുതല്‍ വരുമാനമുള്ള 15 വനിത കായിക താരങ്ങളുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്ത് വിട്ടത്.

This post was last modified on August 7, 2019 4:58 pm