X
    Categories: കായികം

അഫ്ഗാന്‍ താരങ്ങളെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്ന് ആവശ്യം; തീരുമാനം വ്യക്തമാക്കി ബിസിസിഐ

അതേ സമയം അഫ്ഗാന്‍ ക്രിക്കറ്റിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതില്‍ ബിസിസിഐ മുന്നിലുണ്ട്.

അഫ്ഗാനിസ്ഥാന്‍ താരങ്ങളെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്ന അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി ബിസിസിഐ. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ അഫ്ഗാന്‍ ബോര്‍ഡ് ബിസിസിഐക്ക് കത്തയച്ചിരുന്നു. അഫ്ഗാന്‍ താരങ്ങളെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഇവിടുത്തെ അഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കുന്നതിനെ സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന പരിശീലന ക്യാമ്പുകളിലും, പരിശീലന പരിപാടികളിലും അഫ്ഗാന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബിസിസിഐ യോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ബിസിസിഐ തള്ളിയിരുന്നു. അതേ സമയം അഫ്ഗാന്‍ ക്രിക്കറ്റിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതില്‍ ബിസിസിഐ മുന്നിലുണ്ട്. ഇന്ത്യയില്‍ അവര്‍ക്ക് ഒരു ഹോം ഗ്രൗണ്ടും നല്‍കിയിട്ടുണ്ട്. ഇന്ത്യ സമ്മാനിച്ച ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയമാണ് നിലവില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ഉപയോഗിക്കുന്നത്.