X
    Categories: കായികം

ആര്‍സിബിക്കെതിരെ വിജയം കൈവിട്ടു; വിമര്‍ശനങ്ങളോട് ധോണി പ്രതികരിക്കുന്നു

മത്സരശേഷം സംസാരിക്കവെ പത്തൊന്‍പതാം ഓവറില്‍ സിംഗിളുകള്‍ ഓടാന്‍ താന്‍ തയ്യാറാകാതിരുന്നത് എന്ത് കൊണ്ടാണെന്ന് ധോണി വ്യക്തമാക്കുകയാണ്.

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടതില്‍ ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണി വിമര്‍ശകര്‍ക്കിരയാകുകയാണ്. ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടത്. ഉമേഷ് യാദവെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണ്ടിയിരുന്നെങ്കിലും 24 റണ്‍സ് നേടാനാണ് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കഴിഞ്ഞത്.

മത്സരത്തിന്റെ പത്തൊന്‍പതാം ഓവറില്‍ അനായാസം ലഭിക്കേണ്ടിയിരുന്ന സിംഗിളുകള്‍ ധോണി ഓടാതിരുന്നതാണ് മത്സരം പരാജയപ്പെട്ടതിന്
കാണമായി ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. മനപൂര്‍വം വേണ്ടെന്ന് വെച്ച ആ സിംഗിളുകള്‍ ഓടിയിരുന്നെങ്കില്‍ മത്സരഗതി മാറുമായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

മത്സരശേഷം സംസാരിക്കവെ പത്തൊന്‍പതാം ഓവറില്‍ സിംഗിളുകള്‍ ഓടാന്‍ താന്‍ തയ്യാറാകാതിരുന്നത് എന്ത് കൊണ്ടാണെന്ന് ധോണി വ്യക്തമാക്കുകയാണ്. ‘അവസാന രണ്ട് ഓവറുകളില്‍ നാല്‍പ്പതിനടുത്ത് റണ്ണുകള്‍ ജയിക്കാന്‍ വേണ്ടിയിരുന്നു. ഈ സമയം ബൗണ്ടറികള്‍ മാത്രമേ ടീമിനെ ജയിപ്പിക്കുമായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ അതിനായുള്ള റിസ്‌കെടുക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന പുതിയ ബാറ്റ്‌സ്മാന് സാഹചര്യങ്ങളും പിച്ചും പ്രതികൂലഘടകങ്ങളായിരുന്നു അതിനാല്‍ ബൗണ്ടറി നേടി കളി ജയിപ്പിക്കാനായിരുന്നു തന്റെ ശ്രമം.’ ധോണി പറഞ്ഞു.