ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ വിട്ടു നിന്ന ഭുവനേശ്വര്‍ കുമാര്‍ നെറ്റ്സില്‍ പരിശീലനത്തിനിറങ്ങി. ഇതോടെ വെസ്റ്റിന്‍ഡീസിനെതിരേ വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കളിക്കാനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
ഭുവനേശ്വര്‍ പരിശീലനം നടത്തുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തു. ആരാണ് പരിശീലനം നടത്തുന്നത് എന്നു നോക്കൂ എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പങ്കുവെച്ചത്. പാകിസ്താനെതിരായ മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് ഭുവനേശ്വറിന് പരിക്കേറ്റത്. പേശിവലിവ് അനുഭവപ്പെട്ട താരം ഓവര്‍ പൂര്‍ത്തിയാക്കാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇടതുകാലിലെ പേശിവലിവ് ആണ് ഭുവിക്ക് തിരിച്ചടിയായത്. ഇതോടെ ആ ഓവര്‍ വിജയ് ശങ്കര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്.