X

ലോകകപ്പില്‍ പ്രതീക്ഷിക്കാം ഒരു വമ്പന്‍ അട്ടിമറി; അഫ്ഗാനിസ്ഥാന്റേത് മുന്‍ ചാമ്പ്യമാരെ വിറപ്പിച്ച പ്രകടനം

മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാന്റേത് അഭിമാന പോരാട്ടം തന്നെയായിരുന്നു.അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളില്‍ അഫ്ഗാന്‍ പടയില്‍ നിന്ന് ഒരു അട്ടിമറി സാധ്യത പ്രതീക്ഷിക്കാം. മികച്ച താരങ്ങളുള്ള പാക്കിസ്ഥാനും ശ്രീലങ്കയും മുന്‍ മത്സരങ്ങളില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ ഏകദിനത്തില്‍ അവസാന സ്ഥാനക്കാരായ അഫ്ഗാനിസ്ഥാന്‍ ഓസീസിനെതിരെ വന്‍ ചെറുത്തു നില്‍പാണ് നടത്തിയത്. ഒരു റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍ ഷഹ്‌സാദിനെയും സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ ഹസ്‌റത്തുള്ളയെയും നഷ്ടമായെങ്കിലും അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് നിര തോറ്റുകൊടുക്കാന്‍ തയാറല്ലായിരുന്നു. പിന്നീട് 56,75,77 സ്‌കോറില്‍ നില്‍ക്കെ വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം മോശം പ്രകടനം എന്ന് എല്ലാവരും മുദ്ര കുത്തിയ അഫ്ഗാനിസ്ഥാന്റെ മധ്യനിര തെറ്റില്ലാത്ത പ്രകടനം തന്നെ പുറത്തെടുത്തു. 77 ന് അഞ്ച് എന്ന നിലയില്‍ നിന്ന് 160 ന് ആറ് എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് അഫ്ഗാന്‍ എത്തിപ്പെട്ടു. റഹ്മത് ഷാ 43 ന് ശേഷം നായ്ബ്(31), സജീബുള്ള സദ്രന്‍(51), റാഷിദ് ഖാന്‍(27) എന്നിവരും വന്‍ ചെറുത്തു നില്‍പ് നടത്തി. നേരത്തെ വിന്‍ഡീസിനെതിരെ പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ന്നതും കീവീസിനെതിരെ ലങ്കന്‍ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നതും കണക്കിലെടുത്താല്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരും കുഞ്ഞന്‍ ടീമുമായ അഫ്ഗാനിഥാന്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ പൊരുതി നേടിയ റണ്‍സിന് കൈയ്യടി നല്‍കണം.

ഇന്നലെ നടന്ന മത്സരത്തില്‍ കിവീസിനെതിരെ 139 റണ്‍സെന്ന നാണം കെട്ട സ്‌കോറാണ് ലങ്കന്‍ നിര നേടിയത്. വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ 105 റണ്‍സാണ് പേര് കേട്ട പാക് ബാ്റ്റിംഗ് നിരയ്ക്ക് നേടാനായത്. ഇന്നലെ പൂജ്യത്തിന് ഒന്ന് എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 38.2 ഓവറില്‍ 207 റണ്‍സെന്ന തെറ്റില്ലാത്ത സ്‌കോറില്‍ എത്തിയത്. ഒരു പക്ഷെ അമിത വിശ്വാസത്തില്‍ ബാറ്റ് വീശിയതാകാം ഈ കുഞ്ഞന്‍ ടീമിന് മത്സരത്തില്‍ പറ്റിയ പാക പിഴ. അതേസമയം അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് നിരയെ ശ്രദ്ധിച്ചാല്‍ എടുത്ത് പറയേണ്ടത് ഹമീദ് ഹസന്റെ പ്രകടനമാണ്. ആറ് ഓവറുകള്‍ എറിഞ്ഞ ഹമീദ് രണ്ട് മെയ്ഡിനടക്കം 15 റണ്‍സ് മാത്രമാണ് വിട്ട്‌കൊടുത്തത്. ഒരു വിക്കറ്റും നേടി താരം. കൂടാതെ ബൗള്‍ ചെയ്ത മുജീബ് റഹ്മാന്‍, ദൗലത്ത് സദ്രന്‍,നായ്ബ്, മുഹമ്മദ് അലി, റാഷിദ് ഖാന്‍ എന്നിവരും ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്ന ഓസീസിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരുടെ ഓവറുകളില്‍ വമ്പന്‍ അടികള്‍ക്ക് ഓസീസിന് അവസരം ലഭിച്ചില്ല. എന്തു തന്നെ ആയാലും ഈ ലോകകപ്പില്‍ ഒരു വമ്പന്‍ അട്ടിമറി സാധ്യത തങ്ങളില്‍ നിന്നുണ്ടായേക്കുമെന്ന വ്യക്തമായ സൂചനയാണ് അഫ്ഗാനിഥാന്‍ മത്സരത്തിലൂടെ നല്‍കിയത്.

മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 208 റണ്‍സ് വിജലക്ഷ്യം 34.5 ഓവറില്‍ മൂന്നു വിക്കറ്റിന് ഓസീസ് മറികടന്നു. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഓസീസിന് അനായാസം വിജയം സമ്മാനിച്ചത്.

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

Related Post
Leave a Comment