X
    Categories: കായികം

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി അംബാട്ടി റായുഡു

ഇന്ത്യക്കായി 50 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി.

ലോകകപ്പില്‍ അവസരം നിഷേധിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി റായ്ഡുവിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.ഐപിഎല്ലിലും കളിക്കില്ലെന്നും വിദേശ ടി20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കൂവെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 50 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.