X

‘ഇങ്ങനെ പോയാല്‍  മഴ കപ്പടിക്കും’ ഐസിസിയെ ട്രോളി ആരാധകര്‍

കാലാവസ്ഥ നോക്കാതെ ഇംഗ്ലണ്ടില്‍ ലോകകപ്പ് വെച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ട്രോളിറക്കി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍.

ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച ലോകകപ്പെന്ന പേര് നേടിയിരിക്കുകയാണ് ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ്. മഴയെ തുടര്‍ന്ന് ഇന്നലത്തെ ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരവും ഉപേക്ഷിച്ചപ്പോള്‍ നാലാമത്തെ മത്സരമാണ് ഫലമില്ലാതെ മുടങ്ങിയത്. കാലാവസ്ഥ നോക്കാതെ ഇംഗ്ലണ്ടില്‍ ലോകകപ്പ് വെച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ട്രോളിറക്കി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍. ലോകകപ്പ് സംഘാടകരായ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) പരിഹസിച്ചും വിമര്‍ശിച്ചുമുള്ള പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത്രയധികം കളികള്‍ ഉപേക്ഷിക്കുന്നത് ആദ്യം. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടത്തുമ്പോള്‍ കാര്യമായ ആലോചന ഉണ്ടായില്ലേയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇംഗ്ലണ്ടില്‍ വേനല്‍ക്കാലത്തിന് തുടക്കമാണെന്നും ഈ മഴയെല്ലാം കാലംതെറ്റിയതാണെന്നുമാണ് ഐസിസി വിശദീകരണം. എന്നാല്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഒരു കൂട്ടരുടെ ആവശ്യം.

ഇന്ത്യ- കിവീസ് മത്സരത്തിനായി വെള്ളത്തില്‍ നിന്ന് ടോസ് ഇടുന്നതും, ലോകകപ്പ് ട്രോഫിക്ക് കുട വയ്ക്കുന്നതും, പാതി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന കപ്പിന്റെയും ചിത്രങ്ങള്‍ കൃത്രിമമായി തയാറാക്കിയാണ് ട്രോളര്‍മാര്‍ ഐസിസിയെ പരിഹസിക്കുന്നത്. ലോകകപ്പില്‍ മേഘങ്ങളും സൂര്യനും തമ്മിലാണ് മത്സരം ഇങ്ങനെ പോയാല്‍ മഴ സെമിയില്‍ എത്തുമെന്നും കപ്പടിക്കുമെന്നും ഉള്‍പ്പെടെ ആരാധകര്‍ക്കിടിയില്‍ നിന്ന് വരുന്നു. റണ്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെരുമഴയെന്നാണ് ഒരു ആരാധകന്റെ കുറിപ്പ്. വെസ്റ്റിന്‍ഡീസിന്റെ നാലു മത്സരങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയുടെ മൂന്ന് മത്സരങ്ങള്‍ക്കും മഴ ഭീഷണി നിലനില്‍ക്കുകയാണ്.

Related Post
Leave a Comment