X

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ജയമില്ലാതെ മടക്കം; വെസ്റ്റ് ഇന്‍ഡീസിനോട് പൊരുതി തോറ്റു

വീന്‍ഡിസ് ഉയര്‍ത്തിയ 311 റണ്‍സ് പിന്‍തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 288 റണ്‍സില്‍ എല്ലാവരും പുറത്തായി.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 23 റണ്‍സ് വിജയം. വീന്‍ഡിസ് ഉയര്‍ത്തിയ 311 റണ്‍സ് പിന്‍തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 288 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ ഈ ലോകകപ്പില്‍ ഒരു ജയം പോലും നേടാന്‍ കഴിയാത്ത ഏക ടീമായി അഫ്ഗാനിസ്ഥാന്‍ മാറി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് അഞ്ച് റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. നായകന്‍ ഗുല്‍ബാദില്‍ നായ്ബ്(5)ന്റെ വിക്കറ്റാണ് നഷ്ടമായത്. കെമര്‍ റോച്ചിനായിരുന്നു വിക്കറ്റ് നേട്ടം. ശേഷം രണ്ടാം വിക്കറ്റില്‍ റഹ്മത്ത് ഷാ(62), ഇക്രം അലി(86) എന്നിവര്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് തീര്‍ത്തത്. 78 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടി റഹ്മത് ഷായാണ് ആദ്യം മടങ്ങിയത്. ഇന്നിംഗ്‌സിന്റെ 36 ആം ഓവറില്‍ 93 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടിയാണ് ഇക്രം അലി മടങ്ങിയത്. പിന്നീടെത്തിയ നജീബുള്ള സദ്രന്‍(31), അസ്ഗര്‍ ഖാന്‍(40) എന്നിവരും വിജയ പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ മുഹമ്മദ് നബി(2), സമിയുള്ള ഷിന്‍വരി(6), റാഷിദ് ഖാന്‍(9), ദൗലത്ത് സദ്രന്‍(1), എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ അഫ്ഗാന്‍ പരാജയം ഉറപ്പിച്ചിരുന്നു. അവസാന 3 ഓവറുകളില്‍ ഒരു വിക്കറ്റ് ശേഷിക്കെ 43 റണ്‍സാണ് അഫ്ഗാന് വേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്യം മറികടക്കാന്‍ അഫ്ഗാന് കഴിഞ്ഞില്ല. ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ സൈയ്ദ് ഷിര്‍സാദ്(25) പുറത്തായതോടെ അഫ്ഗാനിസ്ഥാന്റെ പരാജയം പൂര്‍ണമായി.

നേരത്തെ ടോസ് വെസ്റ്റിന്‍ഡിസിന് 21 റണ്‍സെടുക്കുന്നതിനിടെ ക്രിസ് ഗെയ്ല്‍(7)നെ നഷ്ടമായെങ്കിലും എവിന്‍ ലുവിസ്(58), ഷായ് ഹോപ്പ്(77) എന്നിവരുടെ ഇന്നിംഗ്സ് ബാറ്റിംഗിന് കരുത്തായി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് വിന്‍ഡീസിനെ നൂറ് കടത്തി. 109 ന് രണ്ട്, 174 ന് മൂന്ന്, 192 ന് നാല് എന്നിങ്ങനെ വീന്‍ഡീസിന് വിക്കറ്റുകള്‍ നഷ്ടമായി. മധ്യ ഓവറുകളില്‍ ഷായ് ഹോപ്പിന്റെയും ഹെറ്റ്മെയര്‍(39) ന്റെ ബാറ്റിംഗ് കരുത്തായപ്പോള്‍ അവസാന ഓവറുകളില്‍ നിക്കോളാസ് പുരാന്‍(58),ജേയ്സണ്‍ ഹോള്‍ഡര്‍(45) എന്നിവര്‍ സ്‌കോറിംഗ് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് വിന്‍ഡീസ് ഇന്നിംഗ്സിന് സമ്മാനിച്ചത്. അവസാന ഓവറില്‍ നാലു പന്തില്‍ 14 റണ്‍സ് ബ്രാത്വൈറ്റ് സ്‌കോര്‍ ചെയ്തു. അഫ്ഗാന്‍ നിരയില്‍ രണ്ട് വിക്കറ്റ് നേടി ദൗലത്ത് സദ്രനും മുറമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

This post was last modified on July 4, 2019 11:40 pm

Related Post
Leave a Comment